ആന്റിഗ്വ: കരിയറിലെ പത്താം ടെസ്റ്റ് സെഞ്ചുറിയുമായി വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ തിളങ്ങിയപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ മികച്ച ലീഡിലേക്ക്. 75 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങാരംഭിച്ച ഇന്ത്യ ഇതുവരെ 404 റണ്‍സിന്റെ ലീഡ് നേടിയിട്ടുണ്ട്.
ഏകദേശം ഒന്നരദിവസം കൂടി കളി ശേഷിക്കേ ഇന്ത്യക്കാണ് മുന്‍തൂക്കം. നിലവില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 329 റണ്‍സ് നേടിയിട്ടുണ്ട്.
നേരത്തേ ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് 297 റണ്‍സില്‍ അവസാനിച്ചിരുന്നു. എന്നാല്‍ 222 റണ്‍സിന് വിന്‍ഡീസിനെ വരിഞ്ഞുകെട്ടിയ ഇന്ത്യന്‍ ബൗളര്‍മാര്‍ ടീമിന് ഒന്നാം ഇന്നിങ്‌സ് ലീഡ് സമ്മാനിച്ചു. ഇഷാന്ത് ശര്‍മ നേടിയ അഞ്ച് വിക്കറ്റാണ് വിന്‍ഡീസിനെ തകര്‍ത്തത്.
സെഞ്ചുറി നേടിയ രഹാനെ ഉടന്‍ പുറത്തായിരുന്നു. എന്നാല്‍ ഒരറ്റത്ത് യുവതാരം ഹനുമ വിഹാരി അര്‍ധസെഞ്ചുറി നേടി നില്‍പ്പുണ്ട്. രഹാനെയും വിഹാരിയും ചേര്‍ന്ന് 135 റണ്‍സിന്റെ കൂട്ടുകെട്ടാണ് അഞ്ചാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയത്.
242 പന്തില്‍ നിന്ന് അഞ്ച് ഫോറിന്റെ സഹായത്തോടെയാണ് രഹാനെ 102 റണ്‍സ് നേടിയത്. 124 പന്തില്‍ 9 ഫോറിന്റെയും ഒരു സിക്‌സറിന്റെയും അകമ്പടിയോടെയായിരുന്നു വിഹാരിയുടെ 87. ഇന്ത്യന്‍ ഇന്നിങ്‌സിലെ ഏക സിക്‌സറും വിഹാരിയുടേതാണ്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
നേരത്തേ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും അര്‍ധസെഞ്ചുറി നേടിയിരുന്നു. 113 പന്തില്‍ രണ്ട് ഫോറടക്കമാണ് ക്യാപ്റ്റന്‍ 51 റണ്‍സ് നേടിയത്. 81 റണ്‍സിന് മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യയെ കരകയറ്റിയത് കോഹ്‌ലിയും രഹാനെയും ചേര്‍ത്ത 106 റണ്‍സിന്റെ കൂട്ടുകെട്ടാണ്.