ഐ.സി.സി റാങ്കിങ്ങില്‍ രഹാനെയ്ക്ക് നേട്ടം; കോഹ്‌ലിക്ക് തിരിച്ചടി
Daily News
ഐ.സി.സി റാങ്കിങ്ങില്‍ രഹാനെയ്ക്ക് നേട്ടം; കോഹ്‌ലിക്ക് തിരിച്ചടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 15th August 2016, 10:36 pm

ദുബായ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനത്തിലൂടെ ഐ.സി.സി ടെസ്റ്റ് ബാറ്റിങ്ങ് റാങ്കിങ്ങില്‍ നേട്ടം കൊയ്ത് ഇന്ത്യന്‍ മധ്യനിര ബാറ്റ്‌സ്മാന്‍ അജിങ്ക്യ രഹാനെ. മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ രഹാനെ ഏറ്റവും പുതിയ റാങ്കിങ്ങില്‍ എട്ടാം സ്ഥാനത്താണ്.

ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്താണ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ളത്. പട്ടികയിലെ ആദ്യ പത്തിലെ ഏക ഇന്ത്യന്‍ സാന്നിധ്യം രാഹാനെയാണ്.

ബാറ്റിങ്ങ് റാങ്കിങ്ങില്‍ സ്മിത്തിന് പിന്നാലെ ഇംഗ്ലണ്ടിന്റെ ജോ റൂട്ട് ആണ് രണ്ടാം സ്ഥാനത്ത്. കെയ്ന്‍ വില്യാംസണ്‍, ഹാഷിം അംല, യൂനുസ് ഖാന്‍, ആദം വോജസ്, എ.ബി.ഡിവില്ലിയേഴ്‌സ്, റോസ് ടെയ്‌ലര്‍, അലിസ്റ്റര്‍ കുക്ക് എന്നിവരാണ് രഹാനെയ്ക്ക് പുറമെ ആദ്യ പത്തിലുള്ളവര്‍.

പതിമൂന്നാം സ്ഥാനത്തുണ്ടായിരുന്ന ടെസ്റ്റ് നായകന്‍ വിരാട് കൊഹ്‌ലി മൂന്ന് സ്ഥാനങ്ങള്‍ താഴോട്ടിറങ്ങി പതിനാറാം സ്ഥാനത്തായി.

ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്‌സണ്‍ ഒന്നാം സ്ഥാനത്തുള്ള ബൗളര്‍മാരുടെ പട്ടികയില്‍ അശ്വിന്‍ രണ്ടാം സ്ഥാനത്തും ജഡേജ ആറാം സ്ഥാനത്തുമാണ്. ഓള്‍ റൗണ്ടര്‍മാരില്‍ അശ്വിന്‍ തന്നെയാണ് ഒന്നാമത്. ബൗളര്‍മാരില്‍ ആന്‍ഡേഴ്‌സണും അശ്വിനും പിന്നില്‍ ഡെയ്ല്‍ സ്റ്റെയിന്‍ മൂന്നാമതാണ്.

സ്റ്റ്യുവര്‍ട്ട് ബ്രോഡ്, യാസിര്‍ ഷാ, മിച്ചല്‍ സ്റ്റാര്‍ക്ക്, രങ്കണ ഹെറാത്ത്, ട്രെന്റ് ബോള്‍ട്ട്, ജോഷ് ഹേസല്‍വുഡ് തുടങ്ങിയവരാണ് ജഡേജയ്ക്കും അശ്വിനും പുറമെ ആദ്യ പത്തിലുളള ബൗളര്‍മാര്‍.