| Thursday, 27th June 2024, 8:20 pm

പുതിയ ടീമിനൊപ്പം കരാറിലെത്തി അജിന്‍ക്യ രഹാനെ; ഇംഗ്ലണ്ടില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യയുടെ ടെസ്റ്റ് മാന്ത്രികന്‍

സ്പോര്‍ട്സ് ഡെസ്‌ക്

കൗണ്ടി ക്രിക്കറ്റില്‍ വീണ്ടും ഇന്ത്യന്‍ സാന്നിധ്യം. സൂപ്പര്‍ താരം അജിന്‍ക്യ രഹാനെയാണ് കൗണ്ടി സൂപ്പര്‍ ടീം ലെസ്റ്റര്‍ഷെയറുമായി കരാറിലെത്തിയിരിക്കുന്നത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന കൗണ്ടി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ രഹാനെ ഫോക്‌സസിനായി കളത്തിലിറങ്ങും.

ചാമ്പ്യന്‍ഷിപ്പില്‍ ഇതുവരെ ലെസ്റ്റര്‍ എട്ട് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ടൂര്‍ണമെന്റിന്റെ രണ്ടാം പകുതി മുതലാണ് താരം ടീമിന്റെ ഭാഗമാവുക. ഇതിന് പുറമെ വണ്‍ ഡേ കപ്പിലും താരം ഫോക്‌സസിനായി കളത്തിലിറങ്ങും.

നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പൂജാര കൗണ്ടി ചാമ്പ്യന്‍ഷിപ്പ് കളിക്കുന്നുണ്ട്. സസക്‌സിനൊപ്പമാണ് താരം കളത്തിലിറങ്ങുന്നത്.

ലെസ്റ്ററിനൊപ്പം കരാറിലെത്തിയ വിവരം രഹാനെ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്.

ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇന്ത്യക്കായി 85 മത്സരം കളിച്ചിട്ടുള്ള താരമാണ് രഹാനെ. 38.46 ശരാശരിയില്‍ 5,077 റണ്‍സാണ് അന്താരാഷ്ട്ര റെഡ് ബോള്‍ ഫോര്‍മാറ്റില്‍ രഹാനെയുടെ സമ്പാദ്യം. 12 സെഞ്ച്വറിയും 26 അര്‍ധ സെഞ്ച്വറിയും സ്വന്തമാക്കിയ രഹാനെയുടെ ടെസ്റ്റിലെ ഉയര്‍ന്ന സ്‌കോര്‍ 188 ആണ്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 188 മത്സരങ്ങളില്‍ കളത്തിലിറങ്ങിയ രഹാനെ 13,225 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. 45.76 ശരാശരിയിലാണ് ഫസ്റ്റ് ക്ലാസില്‍ താരം സ്‌കോര്‍ ചെയ്യുന്നത്. 39 സെഞ്ച്വറിയും 57 അര്‍ധ സെഞ്ച്വറിയും പൂര്‍ത്തിയാക്കിയ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 265* ആണ്.

മുംബൈയെ ഒരിക്കല്‍ക്കൂടി രഞ്ജി ട്രോഫി ചൂടിച്ച താരത്തിന്റെ അനുഭവ സമ്പത്ത് ലെസ്റ്റര്‍ഷെയറിനും കരുത്താകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ എട്ട് മത്സരം കളിച്ച ലെസ്റ്റര്‍ഷെയറിന് ഒറ്റ മത്സരത്തില്‍ പോലും വിജയിക്കാന്‍ സാധിച്ചിട്ടില്ല. ഏഴ് സമനിലയും ഒരു തോല്‍വിയുമായി 96 പോയിന്റോടെ ഡിവിഷന്‍ 2 സ്റ്റാന്‍ഡിങ്‌സില്‍ അഞ്ചാമതാണ് ഫോക്‌സസ്.

എട്ട് മത്സരത്തില്‍ നിന്നും നാല് ജയവും ഒരു തോല്‍വിയുമായി 132 പോയിന്റോടെ ചേതേശ്വര്‍ പൂജാരയുടെ സസക്‌സാണ് ഡിവിഷന്‍ 2 സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാമത്.

ജൂണ്‍ 30നാണ് ലെസ്റ്റര്‍ഷെയറിന്റെ അടുത്ത മത്സരം. ഗ്രേസ് റോഡില്‍ നടക്കുന്ന മത്സരത്തില്‍ മിഡില്‍സെക്‌സാണ് എതിരാളികള്‍.

Also Read ഇത് ഞങ്ങളുടെ തുടക്കമാണ്, ഞങ്ങളുടെ ആത്മവിശ്വാസം അതാണ്; അഫ്ഗാന്‍ ക്യാപ്റ്റന്‍ റാഷിദ് ഖാന്‍

Also Read ടി-20 ലോകകപ്പ് സെമിയില്‍ സഞ്ജുവിന്റെ വജ്രായുധത്തെ കാത്തിരിക്കുന്നത് ഇരട്ട റെക്കോഡ്!

Also Read ഇത് അഫ്ഗാനിസ്ഥാനോട് കാണിച്ച നെറികേടാണ്; ഐ.സി.സിക്കെതിരെ പൊട്ടിത്തെറിച്ച് മൈക്കല്‍ വോണ്‍

Content Highlight: Ajikya Rahane joins Leicestershire for county championship

We use cookies to give you the best possible experience. Learn more