ആസിഫ് അലി നായകനായി നിസാം ബഷീറിന്റെ സംവിധാനത്തില്‍ 2019ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കെട്ട്യോളാണ് എന്റെ മാലാഖ. അജി പീറ്റര്‍ തങ്കം തിരക്കഥയെഴുതിയ സിനിമയില്‍ ആസിഫിന് പുറമെ വീണ നന്ദകുമാര്‍, ജാഫര്‍ ഇടുക്കി, ബേസില്‍ ജോസഫ്, ഷൈന്‍ ടോം ചാക്കോ തുടങ്ങിയ മികച്ച താരനിര തന്നെ ഒന്നിച്ചിരുന്നു. ചിത്രത്തില്‍ സ്ലീവാച്ചന്‍ എന്ന കഥാപാത്രമായാണ് ആസിഫ് അലി എത്തിയത്. ചിത്രത്തിലെ ക്ലൈമാക്‌സിനെ കുറിച്ചും ആസിഫ് അലിയെ കുറിച്ചും പറയുകയാണ് തിരക്കഥയെഴുതിയ തങ്കം. സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സ്ലീവാച്ചന്‍ റിന്‍സിയെ വീട്ടില്‍ കൊണ്ടുവിടാന്‍ വേണ്ടി പോയതാണ്. അവളെ അവിടെ വിട്ടിട്ട് അയാള്‍ക്ക് അവിടുന്ന് തിരികെ പോകണം. ആ രാത്രി തന്നെയാണ് അവര്‍ക്ക് ഇടയില്‍ പ്രണയം ഉണ്ടാകുന്നത്. രണ്ടുപേര്‍ പരസ്പരം സംസാരിച്ചാല്‍ അവസാനിക്കുന്ന പ്രശ്‌നങ്ങളാണ് പലരുടെയും ജീവിതത്തില്‍ ഉള്ളത്. പക്ഷെ അത് ആരും ചെയ്യുന്നില്ല. സിനിമയുടെ ക്ലൈമാക്‌സില്‍ ആ മുറിയില്‍ ഇരുന്നിട്ട് ഉണ്ടാകുന്ന സംഭാഷണത്തിലൂടെയാണ് എല്ലാം മാറുന്നത്. അങ്ങനെയൊരു സംഭാഷണം നടന്നില്ലെങ്കില്‍ ഒരുപക്ഷെ സ്ലീവാച്ചന്‍ അയാളുടെ വീട്ടിലേക്ക് പോയേനേ.
രണ്ടുപേരും സംസാരിക്കാന്‍ തയ്യാറായപ്പോഴാണ് അവര്‍ക്കിടയിലെ പ്രശ്‌നം അലിഞ്ഞ് ഇല്ലാതാകുന്നത്. അയാളുടെ അറിവില്ലാഴ്മയാണ് അങ്ങനെ ഒരു സംഭവം ഉണ്ടാകാന്‍ കാരണമായത്. അയാള്‍ എത്രമാത്രം ആ പെണ്ണിനെ ഇഷ്ടപ്പെട്ടിരുന്നു എന്നത് മനസിലാകുന്നത് ആ ക്ലൈമാക്‌സ് സീനിലാണ്. അതുകൊണ്ടാണല്ലോ അയാളുടെ കണ്ണില്‍ നിന്ന് കണ്ണുനീര്‍ വരുന്നത്. അല്ലെങ്കില്‍ കണ്ണീരിന്റെ ആവശ്യം ഉണ്ടാവില്ലല്ലോ, കുറ്റബോധം തോന്നുകയുമില്ല. ഭര്‍ത്താവ് കരഞ്ഞ് കാണിക്കണമെന്ന് നിര്‍ബന്ധമൊന്നും ഇല്ല. പക്ഷെ സ്ലീവാച്ചന്‍ വലിയ നിഷ്‌കളങ്കനാണ്.
പിന്നെ ആസിഫ് ആ കഥാപാത്രത്തെ അടിപൊളിയായി ചെയ്തു എന്നതാണ് കാര്യം. ആ കഥാപാത്രത്തിലേക്ക് അവന്‍ നന്നായി ഇന്‍ ആയിരുന്നു. ആ ഷോട്ട് എടുത്തതിന് ശേഷമുള്ള കാര്യങ്ങള്‍ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. റീ ടേക്ക് പോകാന്‍ നേരത്തും കണ്ണൊക്കെ നിറഞ്ഞ് ആ കഥാപാത്രത്തില്‍ തന്നെ ഇരിക്കുകയായിരുന്നു. റീ ടേക്കിന് വിളിക്കുമ്പോള്‍ കണ്ണ് തുടച്ചു കൊണ്ടാണ് ആസിഫ് വരുന്നത്. അത്രയും ഇമോഷണലായി ഇരിക്കുകയായിരുന്നു അവന്‍. ഒരുപക്ഷെ അതില്‍ സങ്കടപ്പെട്ട് സംസാരിക്കണം എന്നാകും ഞാന്‍ അതില്‍ എഴുതി വെച്ചത്. എന്നാല്‍ അദ്ദേഹം അത് കരഞ്ഞ് വളരെ ഭംഗിയില്‍ ചെയ്തു,’ തങ്കം പറഞ്ഞു.
Content Highlight: Aji Peter Thankam Talks About Asif Ali And Kettyolaanu Ente Malakha Climax