ഒരു ഇന്നിങ്‌സില്‍ ഇന്ത്യയുടെ പത്ത് വിക്കറ്റും വീഴ്ത്തിയവനാണ്, പേടിക്കണം; ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ വജ്രായുധം
Sports News
ഒരു ഇന്നിങ്‌സില്‍ ഇന്ത്യയുടെ പത്ത് വിക്കറ്റും വീഴ്ത്തിയവനാണ്, പേടിക്കണം; ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ വജ്രായുധം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 9th September 2024, 4:18 pm

ന്യൂസിലാന്‍ഡ് – അഫ്ഗാനിസ്ഥാന്‍ വണ്‍ ഓഫ് ടെസ്റ്റ് മത്സരത്തിന്റെ ടോസ് അനന്തമായി നീളുകയാണ്. തിങ്കളാഴ്ച പത്ത് മണിക്കാണ് മത്സരം തുടങ്ങേണ്ടിയിരുന്നത്. എന്നാല്‍ മഴ മൂലം ടോസ് പോലും ഇതുവരെ പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല.

ഗ്രേറ്റര്‍ നോയ്ഡയിലാണ് അഫ്ഗാനിസ്ഥാന്‍ തങ്ങളുടെ ഹോം മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ നേരിടുക.

തുടര്‍ച്ചയായ മൂന്ന് ടെസ്റ്റ് പരമ്പരകളാണ് സന്ദര്‍ശകര്‍ക്ക് മുമ്പിലുള്ളത്. അഫ്ഗാനിസ്ഥാനെതിരെയ വണ്‍ ഓഫ് ടെസ്റ്റിന് ശേഷം ടീം ശ്രീലങ്കയിലേക്ക് പറക്കും. രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയാണ് ബ്ലാക് ക്യാപ്‌സ് മരതക ദ്വീപില്‍ കളിക്കുക.

അടുത്ത മാസം കിവികള്‍ വീണ്ടും ഇന്ത്യയിലേക്ക് തിരിച്ചെത്തും. രോഹിത് ശര്‍മക്കും സംഘത്തിനുമെതിരെ മൂന്ന് മത്സരങ്ങളുടെ പരമ്പരയാണ് സൗത്തിയുടെ പടയാളികള്‍ കളിക്കുക. ഇതിനെല്ലാം തുടക്കമെന്നോണമാണ് അഫ്ഗാനെതിരായ ടെസ്റ്റിനെ കിവികള്‍ നോക്കിക്കാണുന്നത്.

സൂപ്പര്‍ താരം അജാസ് പട്ടേലും ന്യൂസിലാന്‍ഡ് സ്‌ക്വാഡിന്റെ ഭാഗമണ്. ന്യൂസിലാന്‍ഡിന്റെ സ്പിന്‍ ഡിപ്പാര്‍ട്‌മെന്റിന് കൂടുതല്‍ കരുത്തും ഡെപ്തും നല്‍കുന്നതിനായാണ് ബ്ലാക് ക്യാപ്‌സ് താരത്തെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അജാസ് പട്ടേലിനെ ഓര്‍മയില്ലേ, 2021ല്‍ ഇന്ത്യക്കെതിരെ ഇന്ത്യയിലെത്തി ഒരു ഇന്നിങ്‌സില്‍ പത്ത് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ വംശജന്‍. സാക്ഷാല്‍ അനില്‍ കുംബ്ലെയുടെ റെക്കോഡിനൊപ്പമെത്തിയ ന്യൂസിലാന്‍ഡിന്റെ ഇടംകയ്യന്‍ മിസ്റ്ററി സ്പിന്നര്‍.

2021ലെ ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റിലായിരുന്നു അജാസ് ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചത്. മത്സരത്തില്‍ ഇന്ത്യ 372 റണ്‍സിന്റെ പടുകൂറ്റന്‍ വിജയം സ്വന്തമാക്കിയെങ്കിലും ആ മത്സരം അടയാളപ്പെടുത്തപ്പെട്ടത് അജാസ് പട്ടേലിന്റെ പേരിലായിരുന്നു.

ആദ്യ ഇന്നിങ്‌സില്‍ 47.5 ഓവര്‍ പന്തെറിഞ്ഞ അജാസ് 119 റണ്‍സ് വഴങ്ങിയാണ് താരം പത്ത് വിക്കറ്റും നേടിയത്. ടെസ്റ്റിലെ ഒരു ഇന്നിങ്‌സില്‍ പത്ത് വിക്കറ്റും നേടുന്ന ചരിത്രത്തിലെ മൂന്നാമത് താരമെന്ന നേട്ടവും അജാസ് പട്ടേല്‍ സ്വന്തമാക്കിയിരുന്നു.

ഇംഗ്ലണ്ട് താരം ജിം ലേക്കര്‍, ഇന്ത്യന്‍ ഇതിഹാസം അനില്‍ കുംബ്ലെ എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റ് താരങ്ങള്‍.

ന്യൂസിലാന്‍ഡിനായി കളത്തിലിറങ്ങിയ 16 മത്സരത്തില്‍ നിന്നും 29.75 ശരാശരിയില്‍ 62 വിക്കറ്റാണ് താരം സ്വന്തമാക്കിയത്.

അഫ്ഗാനിസ്ഥാനെതിരെയും താരത്തിന് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

അഫ്ഗാനിസ്ഥാന്‍ സ്‌ക്വാഡ്

അബ്ദുള്‍ മാലിക്, ബാഹിര്‍ ഷാ, ഹസ്മത്തുള്ള ഷാഹിദി (ക്യാപ്റ്റന്‍), ഇബ്രാഹിം സദ്രാന്‍, റിയാസ് ഹസന്‍, ഷംസുര്‍ റഹ്‌മാന്‍, അസ്മത്തുള്ള ഒമര്‍സായ്, റഹ്‌മത് ഷാ, ഷാഹിദുള്ള, അഫ്സര്‍ സസായ് (വിക്കറ്റ് കീപ്പര്‍), ഇക്രം അലിഖില്‍ (വിക്കറ്റ് കീപ്പര്‍), ഖലീല്‍ അഹമ്മദ്, നജാത് മസൂദ്, ഖായിസ് അഹമ്മദ്, സഹീര്‍ ഖാന്‍, സിയ ഉര്‍ റഹ്‌മാന്‍.

ന്യൂസിലാന്‍ഡ് സ്‌ക്വാഡ്

ഡെവോണ്‍ കോണ്‍വേ, കെയ്ന്‍ വില്യംസണ്‍, വില്‍ യങ്, ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്സ്, മൈക്കല്‍ ബ്രേസ്വെല്‍, മിച്ചല്‍ സാന്റ്നര്‍, രചിന്‍ രവീന്ദ്ര, ടോം ബ്ലണ്ടല്‍ (വിക്കറ്റ് കീപ്പര്‍), ടോം ലാഥം (വിക്കറ്റ് കീപ്പര്‍), അജാസ് പട്ടേല്‍, ബെന്‍ സീര്‍സ്, മാറ്റ് ഹെന്‍ റി, ടിം സൗത്തീ (ക്യാപ്റ്റന്‍), വില്‍ ഒ റൂര്‍ക്.

 

Content highlight: Ajaz Patel will play against Afghanistan