Sports News
പറയുമ്പോള്‍ ഒരിന്നിങ്‌സിലെ 10 വിക്കറ്റും എടുത്ത ബോളറാ.... പക്ഷേ സ്വന്തം നാട്ടില്‍ നിന്ന് ഒരൊറ്റ വിക്കറ്റ് പോലുമില്ല
ചരിത്രത്തിലാദ്യമായി സ്വന്തം മണ്ണില്‍ പരമ്പരയിലെ എല്ലാ മത്സരവും തോറ്റ നാണക്കേടിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ന്യൂസിലാന്‍ഡുമായുള്ള പരമ്പരയിലെ എല്ലാ മത്സരവും തോറ്റ് തുന്നംപാടിയിരിക്കുകയാണ് ഇന്ത്യ.
മുംബൈയില്‍ നടന്ന അവസാന ടെസ്റ്റില്‍ 25 റണ്‍സിനാണ് ആതിഥേയര്‍ പരാജയപ്പെട്ടത്. സ്പിന്‍ പിച്ചൊരുക്കി എതിരാളികളെ വീഴ്ത്താമെന്ന് കണക്കുകൂട്ടിയ ഇന്ത്യയെ അതേ രീതിയില്‍ തിരിച്ചടിച്ചാണ് ന്യൂസിലാന്‍ഡ് ചരിത്രം തിരുത്തിക്കുറിച്ചത്.
ഇടംകൈയന്‍ സ്പിന്നറായ അജാസ് പട്ടേലിന്റെ ടെന്‍ഫറിന്റെ കരുത്തിലാണ് കിവികള്‍ ഇന്ത്യയെ കശക്കിയെറിഞ്ഞത്. മൂന്ന് വര്‍ഷം മുമ്പ് ഇതേ ഇന്ത്യക്കെതിരെ ഒരിന്നിങ്‌സിലെ 10 വിക്കറ്റും നേടി അജാസ് ഇന്ത്യയെ വിറപ്പിച്ചിരുന്നു. അന്നുമുതലാണ് അജാസ് എന്ന പേര് ക്രിക്കറ്റ് ലോകം ശ്രദ്ധിച്ചുതുടങ്ങിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരിന്നിങ്‌സിലെ 10 വിക്കറ്റും നേടുന്ന മൂന്നാമത്തെ മാത്രം കളിക്കാരനാണ് അജാസ്.
2018ല്‍ പാകിസ്ഥനെതിരെയാണ് അജാസ് ആദ്യമായി ടെസ്റ്റ് ക്യാപ് അണിഞ്ഞത്. ആദ്യ കളിയില്‍ തന്നെ ഏഴ് വിക്കറ്റ് നേടി തന്റെ വരവറിയിക്കാന്‍ അജാസിന് സാധിച്ചു. 21 മത്സരങ്ങളിലെ 37 ഇന്നിങ്‌സുകളില്‍ നിന്ന് 85 വിക്കറ്റുകള്‍ ഈ ഇടംകൈയന്‍ സ്പിന്നര്‍ നേടിയിട്ടുണ്ട്. എന്നാല്‍ ഇതിലൊന്നുപോലും സ്വന്തം മണ്ണായ ന്യൂസിലാന്‍ഡില്‍ നിന്നില്ല എന്നതാണ് ശ്രദ്ധേയമായ വസ്തുത.
85 വിക്കറ്റുകളില്‍ 72ഉം എവേ ടെസ്റ്റില്‍ നിന്നാണ് അജാസ് നേടിയത്. ന്യൂട്രല്‍ വേദികളില്‍ നിന്നാണ് ബാക്കി 13 വിക്കറ്റ് ലഭിച്ചത്. സ്പിന്നിനെ എല്ലായ്‌പ്പോഴും പിന്തുണക്കുന്ന ഏഷ്യന്‍ മണ്ണില്‍ നിന്നാണ് അജാസ് തന്റെ കരിയറിലെ 90 ശതമാനത്തിലധികം വിക്കറ്റുകള്‍ സ്വന്തമാക്കിയത്. നിലവില്‍ മറ്റൊരു സ്പിന്‍ ബോളര്‍ക്കുമില്ലാത്ത റെക്കോഡ് കൂടിയാണ് ഇത്.
പേര് കൊണ്ട് മാത്രമല്ല, ജന്മം കൊണ്ടും പകുതി ഇന്ത്യാക്കാരനാണ് ഈ 36കാരന്‍. ഇഷ് സോധിക്ക് ശേഷം ന്യൂസിലാന്‍ഡിനായി ശ്രദ്ധിക്കപ്പെട്ട അജാസിന്റെ ജനനം മുംബൈയിലെ ജോഗേശ്വരിയിലായിരുന്നു. 1996ലാണ് അജാസിന്റെ കുടുംബം ന്യൂസിലാന്‍ഡിലേക്ക് ചേക്കേറിയത്. റഫ്രിജറേറ്റര്‍ കടയിലായിരുന്നു അജാസിന്റെ പിതാവിന് ജോലി. മാതാവ് സ്‌കൂള്‍ ടീച്ചറായിരുന്നു.
ന്യൂസിലാന്‍ഡിലെത്തിയതിന് ശേഷമാണ് അജാസിന് ക്രിക്കറ്റിനോടുള്ള താത്പര്യം തുടങ്ങുന്നത്. അജാസിന്റെ കളിയോടുള്ള താത്പര്യം മനസിലാക്കിയ അമ്മാവന്‍ സയീദ് പട്ടേല്‍ ഒക്ലന്‍ഡിലെ ന്യൂ ലിന്‍ ക്രിക്കറ്റ് ക്ലബില്‍ ചേര്‍ക്കുകയായിരുന്നു.
ടി.വിയില്‍ കളി കണ്ടിരുന്ന അജാസ്, സച്ചിന്‍ ടെന്‍ഡുല്‍ക്കറുടേയും ഷെയ്ന്‍ വോണിന്റേയും ആരാധകനായിരുന്നു. ഫാസ്റ്റ് ബൗളറായി കരിയര്‍ തുടങ്ങിയ അജാസ് പിന്നീട് ലെഗ് സ്പിന്നറായി മാറുകയായിരുന്നു.
Content Highlight: Ajaz Patel doesn’t have any home wicket in his career