ഇന്ത്യയെ സ്വന്തം മണ്ണില്‍ വൈറ്റ്‌വാഷ് ചെയ്ത് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ന്യൂസിലാന്‍ഡ്. ആദ്യ രണ്ട് ടെസ്റ്റ് വിജയിച്ച് പരമ്പര സ്വന്തമാക്കിയ കിവികള്‍ മൂന്നാം മത്സരത്തിലും ഇന്ത്യക്ക് മേല്‍ സമ്പൂര്‍ണ ആധിപത്യം നേടി ഇന്ത്യയുടെ പതനത്തിന് കൂടുതല്‍ ആഘാതമുണ്ടാക്കി. വാംഖഡെയില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ 25 റണ്‍സിനാണ് കിവികള്‍ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ആദ്യ രണ്ട് മത്സരത്തിലും തോറ്റ് മുഖം രക്ഷിക്കാനായി റാങ്ക് ടേര്‍ണര്‍ പിച്ചായിരുന്നു ഇന്ത്യ വാംഖഡെയില്‍ ഒരുക്കിയത്.
എന്നാല്‍ കിവികളുടെ സ്പിന്‍ ആക്രമണത്തില്‍ പിടിച്ചുനില്‍ക്കാനാകാതെ സ്വന്തം മരുന്നിന്റെ കയ്പ് രുചിക്കേണ്ട അവസ്ഥ ഇന്ത്യക്ക് വന്നുചേര്‍ന്നു. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇന്നേവരെ നടന്നിട്ടില്ലാത്ത ഒരു കാര്യത്തിനും വാംഖഡെ ടെസ്റ്റ് സാക്ഷ്യം വഹിച്ചു. ഒരു ടെസ്റ്റ് മത്സരത്തിന്റെ നാല് ഇന്നിങ്‌സിലും ഇടംകൈ സ്പിന്നര്‍മാര്‍ അഞ്ച് വിക്കറ്റ് നേടുന്നതിനാണ് മുംബൈ സാക്ഷ്യം വഹിച്ചത്. ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയും കിവീസിന്റെ അജാസ് പട്ടേലുമാണ് ഈ അപൂര്‍വ കാര്യം സാധിച്ചത്.
കിവീസിന്റെ ആദ്യ ഇന്നിങ്‌സില്‍ ജഡേജ അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് നേടി അജാസും ഒപ്പത്തിനൊപ്പമെത്തി. രണ്ടാം ഇന്നിങ്‌സില്‍ ജഡേജ വീണ്ടും ഫൈഫര്‍ സ്വന്തമാക്കി 10 വിക്കറ്റ് നേട്ടത്തിലെത്തിയപ്പോള്‍ അവസാന ഇന്നിങ്‌സില്‍ ആറ് വിക്കറ്റ് നേടിയാണ് അജാസ് കരുത്തുകാട്ടിയത്. രണ്ട് ഇടംകൈയന്‍ സ്പിന്നര്‍മരും കൂടി ചേര്‍ന്ന് 21 വിക്കറ്റുകളാണ് സ്വന്തമാക്കിയത്.
രണ്ട് ഇന്നിങ്‌സിലുമായി 11 വിക്കറ്റ് നേടിയ അജാസ് പട്ടേലാണ് കളിയിലെ താരം. സീരീസില്‍ ഇതുവരെ 15 വിക്കറ്റുകളാണ് അജാസ് നേടിയത്. ആദ്യ രണ്ട് ടെസ്റ്റലും കാര്യമായി ശോഭിക്കാന്‍ കഴിയാതെ പോയ ശേഷമാണ് മൂന്നാം ടെസ്റ്റില്‍ തന്റെ വിശ്വരൂപം പുറത്തെടുത്തത്. 2021ല്‍ ഇന്ത്യക്കെതിരെ ഒരു ഇന്നിങ്‌സിലെ പത്ത് വിക്കറ്റും വീഴ്ത്തി അജാസ് ക്രിക്കറ്റ് ചരിത്രത്തില്‍ തന്റെ പേര് എഴുതിച്ചേര്‍ത്തിരുന്നു. ഒരു ഇന്നിങ്‌സിലെ പത്ത് വിക്കറ്റും നേടുന്ന ചരിത്രത്തിലെ മൂന്നാമത്തെ ആളായാണ് അജാസ് മാറിയത്.
പരമ്പര അടിയറവ് വെച്ച ഇന്ത്യക്ക് ഇനി മുന്നിലുള്ളത് ഓസ്‌ട്രേലിയയുമായുള്ള പരമ്പരയാണ്. നവംബര്‍ 23നാണ് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യമത്സരം നടക്കുക. ഓസ്‌ട്രേലിയന്‍ മണ്ണില്‍ തുടര്‍ച്ചയായ മൂന്നാം പരമ്പരവിജയം സ്വപ്‌നം കണ്ടിറങ്ങുന്ന ഇന്ത്യക്ക് വമ്പന്‍ തിരിച്ചടിയാണ് കിവികള്‍ നല്‍കിയത്. പരാജയത്തില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ടീം ശക്തമായി തിരിച്ചുവരുമെന്നാണ് ആരാധകര്‍ കരുതുന്നത്.
Content Highlight: Ajaz Patel and Ravindra Jadeja created a history in Test Cricket