സാമുദായിക വിദ്വേഷം പ്രോത്സാഹിപ്പിക്കുന്ന വീഡിയോകള്‍ പ്രചരിപ്പിച്ച ബോളിവുഡ് നടന്‍ അറസ്റ്റില്‍
മുംബൈ: സാമുദായിക വിദ്വേഷം പ്രോത്സാഹിപ്പിക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച നടന്‍ അറസ്റ്റില്‍. ബോളിവുഡ് നടന്‍ അജാസ് ഖാനെയാണ് മുംബൈ സൈബര്‍ പൊലീസ് അറസ്റ്റു ചെയ്തത്.
സോഷ്യല്‍ മീഡിയയില്‍ വര്‍ഗീയ സ്പര്‍ദ്ധ പടര്‍ത്തിയെന്നാണ് നടനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. അഞ്ചു വര്‍ഷം തടവും അഞ്ചു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
‘അജാസ് പ്രചരിപ്പിച്ച വീഡിയോകള്‍ മതങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നതായിരുന്നു. ഇത് ജനങ്ങളില്‍ വിദ്വേഷം പടര്‍ത്തും’- പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ബൈക്ക് മോഷണക്കുറ്റമാരോപിച്ച് ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ച തബ്രിസ് അന്‍സാരിയുടെ ജീവന് പകരം ചോദിക്കണമെന്ന് ആശ്യപ്പെട്ടുള്ള വീഡിയോയാണ് അജാസ് ഖാന്‍ പങ്കുവച്ചത്. മുസ്‌ലിം സമുദായത്തിലുള്ളവര്‍ ഇതിനെതിരെ പ്രതികരിക്കണമെന്നായിരുന്നു വീഡിയോയിലെ ആഹ്വാനം.
ടിക് ടോക് വീഡിയോകളിലൂടെ പ്രശസ്തരായ ടീം 7നാണ് വീഡിയോ ചെയ്തത്. പൊലീസിനെതിരേയും വീഡിയോയില്‍ പരാമര്‍ശമുണ്ടായിരുന്നു. വാറന്റ് ഇല്ലേ പൊലീസേയെന്ന കുറിപ്പോടെയായിരുന്നു വീഡിയോ അജാസ് ഖാന്‍ റീ പോസ്റ്റ് ചെയ്ത്. ഹിന്ദി സിനിമകളിലെ ഡയലോഗുകള്‍ ഉപയോഗിച്ചായിരുന്നു പരിഹാസം.
നേരത്ത, നിരോധിത ലഹരി മരുന്ന് കൈവശം വെച്ചതിന് ബിഗ് ബോസ് മത്സരാര്‍ഥി കൂടിയായിരുന്ന അജാസിനെ മുംബൈയിലെ ഹോട്ടല്‍ റൂമില്‍ നിന്നും 2018ല്‍ നാര്‍ക്കോട്ടിക് സെല്‍ അറസ്റ്റു ചെയ്തിരുന്നു.
കൂടാതെ, ഒരു ബിസിനസ് പ്രോജക്ട് പ്രെപ്പോസല്‍ വാഗ്ദാനം ചെയ്ത ഒരു ബ്യൂട്ടിഷ്യന് അശ്ലീല ചിത്രങ്ങളും മോശം സന്ദേശങ്ങളും അയച്ചുവെന്നാരോപിച്ച് 2016 ല്‍ നടനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.