Film News
ഐശ്വര്യയ്ക്ക് പിറന്നാൾ സമ്മാനവുമായി അജയന്റെ രണ്ടാം മോഷണം; പോസ്റ്റർ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jan 10, 03:36 pm
Wednesday, 10th January 2024, 9:06 pm

ഐശ്വര്യ രാജേഷിന് പിറന്നാൾ സമ്മാനമായി അജയന്റെ രണ്ടാം മോഷണത്തിലെ താരത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ച് അണിയറപ്രവർത്തകർ. ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ജിതിന്‍ ലാലാണ് എ.ആര്‍.എം (അജയന്റെ രണ്ടാം മോഷണം) സംവിധാനം ചെയ്യുന്നത്.

ചിത്രത്തിൽ നായികമാരിൽ ഒരാളായി എത്തുന്ന ഐശ്വര്യ രാജേഷിന്റെ ഫസ്റ്റ് ലുക്ക് മാജിക് ഫ്രെയിംസാണ് പുറത്തുവിട്ടത്. അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രത്തിൽ ചോതി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്നാണ് പോസ്റ്ററിലുള്ളത്.

യു.ജി.എം പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ ഡോ. സക്കറിയ തോമസ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം സുജിത് നമ്പ്യാരാണ് എഴുതിയത്. തെന്നിന്ത്യന്‍ താരം കൃതി ഷെട്ടി, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. കൃതി ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ടൊവിനോയെ കൂടാതെ ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്‍, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. കളരിക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ മണിയന്‍, അജയന്‍, കുഞ്ഞിക്കേളു എന്നീ മൂന്ന് തലമുറയില്‍പ്പെട്ട കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. തമിഴില്‍ ശ്രദ്ധേയമായ ഹിറ്റ് ചിത്രങ്ങള്‍ക്ക് ഗാനങ്ങളൊരുക്കിയ ദിബു നൈനാന്‍ തോമസാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

അഡിഷനല്‍ സ്‌ക്രീന്‍പ്ലേ: ദീപു പ്രദീപ്. ജോമോന്‍ ടി ജോണ്‍ ആണ് ഛായാഗ്രാഹണം. ഇന്ത്യയില്‍ ആദ്യമായി ആരി അലക്‌സ സൂപ്പര്‍35 ക്യാമറയില്‍ ഷൂട്ട് ചെയ്യുന്ന സിനിമയാണിത്. എഡിറ്റര്‍: ഷമീര്‍ മുഹമ്മദ്, പ്രോജക്ട് ഡിസൈന്‍: എന്‍.എം ബാദുഷ. ജിജോ കാവനാല്‍, ശ്രീജിത്ത് രാമചന്ദ്രന്‍, പ്രിന്‍സ് പോള്‍ എന്നിവരാണ് സഹനിര്‍മാതാക്കള്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ഡോ.വിനീത് എം.ബി, പ്രൊഡക്ഷന്‍ ഡിസൈന്‍: ഗോകുല്‍ ദാസ്, മേക്കപ്പ്: റോണക്‌സ് സേവ്യര്‍.

Content Highlight: Ajayante randam moshanam movie’s  aishwarya lakshmy’s birthday poster out