Film Review; ഈ മോഷണം ഇഷ്ടപ്പെടുമെന്ന് ഉറപ്പ്
Entertainment
Film Review; ഈ മോഷണം ഇഷ്ടപ്പെടുമെന്ന് ഉറപ്പ്
നവ്‌നീത് എസ്.
Thursday, 12th September 2024, 4:10 pm

അജയന്റെ രണ്ടാം മോഷണം കാണാൻ പോയപ്പോഴാണ് വൈകുന്നേരത്തെ ഷോകൾ തൊട്ടാണ് ത്രീ. ഡി പ്രദർശനം ഉണ്ടാവുകെന്ന് അറിയുന്നത്. അതുകൊണ്ട് ആദ്യ ഷോ തന്നെ ടു.ഡിയിൽ കാണാൻ ഞാൻ തീരുമാനിച്ചു.

ത്രീ.ഡിയിൽ കണ്ടാലും ടു. ഡിയിൽ കണ്ടാലും അതി ഗംഭീര തിയേറ്റർ റെസ്പോൺസ് ഡിമാൻഡ് ചെയ്യുന്ന ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. മോഹൻലാലിന്റെ വോയിസ് ഓവറിലൂടെ സിനിമ തുടങ്ങുമ്പോൾ തൊട്ട് അത് പ്രകടമാണ്.

ഒരു മുത്തശ്ശി കഥയിലൂടെയാണ് അജയന്റെ രണ്ടാം മോഷണം ആരംഭിക്കുന്നത്. കഥ കേൾക്കുന്ന കുട്ടിയുടെ കൗതുകത്തോടെ കണ്ടിരിക്കുന്നവരെയും പിടിച്ചിരുത്താൻ സിനിമയ്ക്ക് കഴിയുന്നുണ്ട്. ബേസിലിന്റെ സംവിധാന സഹായിയായിരുന്ന ജിതിൻ ലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിലെ ഒരു ബിഗ് ബജറ്റ് സിനിമ തന്നെയാണ്.

ആകാശത്ത് നിന്നൊരു നാട്ടിൽ നക്ഷത്ര കല്ല് പൊട്ടി വീഴുന്നു. അത്ഭുത സിദ്ധിയുള്ള ആ നക്ഷത്ര കല്ലുകൊണ്ട്, ചില രഹസ്യ കൂട്ടുകളുടെ സഹായത്തോടെ ആ നാട്ടിലെ രാജാവ് ഒരു വിഗ്രഹം ഉണ്ടാക്കുന്നു. പഞ്ച ഭൂതങ്ങളെയും നിയന്ത്രിക്കാൻ കഴിയുന്ന ആ വിഗ്രഹം നാട്ടിൽ വലിയ സൗഭാഗ്യങ്ങൾ കൊണ്ടുവരുന്നു. രാജ്യത്തിൻറെ അഭിമാനത്തിന് ക്ഷതമേൽക്കുന്ന ഒരു സാഹചര്യത്തിൽ ആ നാട്ടിലെ ഏറ്റവും വലിയ അഭ്യാസിക്ക് ആ വിഗ്രഹം രാജാവിന് സമ്മാനിക്കേണ്ടി വന്നു. അവിടെ നിന്നാണ് അജയന്റെ രണ്ടാം മോഷണം തുടങ്ങുന്നത്.

ഹരിപുരം എന്ന ഗ്രാമത്തിലെ മൂന്ന് കാലഘട്ടങ്ങളിലൂടെയാണ് സിനിമ മുന്നോട്ട് പോവുന്നത്. വിഗ്രഹം വന്നതോടെ ആ സ്ഥലം ചിയോതി കാവ് എന്നറിയപ്പെടാൻ തുടങ്ങി. ആ നാട്ടിലെ എല്ലാവരും ആരാധനയോടെ കാണുന്ന ചിയോതി വിളക്കാണ് ആ നാടിന്റെ ഐശ്വര്യം. കാലങ്ങൾക്ക് മുൻപ് ചിയോതി വിളക്ക് മോഷ്ടിച്ച മണിയന്റെ പാരമ്പര്യം ജനിച്ചപ്പോൾ മുതൽ കൂടെയുള്ള ആളാണ് അജയൻ.

നാട്ടിൽ എന്ത് മോഷണം ഉണ്ടായാലും ആളുകൾ സംശയിക്കുന്ന അജയൻ, താനല്ല കള്ളൻ എന്നറിയിക്കാൻ ശ്രമിക്കുന്നതും അതിൽ നേരിടേണ്ടി വരുന്ന വെല്ലുവിളികളുമാണ് സിനിമയിൽ പറയുന്നത്. അജയൻ , കുഞ്ഞിക്കേളു, മണിയൻ എന്ന കഥാപാത്രങ്ങളായാണ് ടൊവിനോ ചിത്രത്തിൽ എത്തുന്നത്. താരത്തിന്റെ അമ്പതാം ചിത്രമാണ് എ.ആർ.എം.

മിന്നൽ മുരളിക്ക് ശേഷം ടൊവിനോക്ക് കിട്ടിയ പാൻ ഇന്ത്യൻ റീച്ച് ഏറ്റവും നന്നായി ഉപയോഗിക്കാൻ കഴിയുന്ന ചിത്രം തന്നെയാണ് എ.ആർ.എം. മൂന്ന് കഥാപാത്രങ്ങളും വ്യത്യസ്തമായ രീതിയിൽ ടൊവി ചെയ്ത് വെച്ചിട്ടുണ്ട്. പ്രത്യേകിച്ച് മണിയൻ എന്ന കഥാപാത്രം അദ്ദേഹത്തിന്റെ കരിയറിലെ മികച്ച പ്രകടനങ്ങളിൽ ഒന്നാണ്. കായികപരമായി വളരെ അധ്വാനിക്കാനുള്ള വേഷം തന്റെ മുഴുവൻ പരിശ്രമവും സമ്മാനിച്ച് ടൊവിനോ ചെയ്തുവെച്ചിട്ടുണ്ട്.

താഴ്ന്ന ജാതിക്കാരനായ അജയനെ നാട്ടിലെ പ്രമാണിമാർക്കെല്ലാം പുച്ഛമാണ്. കള്ളന്റെ പാരമ്പര്യവും കൂടെയുള്ളത് കൊണ്ട് ചിയോതി കാവിൽ ജീവിക്കാൻ അജയൻ നന്നായി പാടുപെടുന്നുണ്ട്. പ്രകടനത്തിലേക്ക് വരുമ്പോൾ സുരഭി ലക്ഷ്മിയുടെ നായികാ കഥാപാത്രം എടുത്ത് പറയേണ്ടതാണ്. രണ്ട് കാലഘട്ടത്തിലെ കഥാപാത്രങ്ങളെ അസാധ്യമായി സുരഭി അവതരിപ്പിച്ചിട്ടുണ്ട്. മലയാളത്തിലേക്ക് നായികയായി അരങ്ങേറ്റം കുറിച്ച കൃതി ഷെട്ടിയും നന്നായി പെർഫോം ചെയ്തിട്ടുണ്ട്. ലക്ഷ്മിയും അജയനും തമ്മിലുള്ള പ്രണയവും സിനിമയുടെ പ്രധാന ട്രാക്കിൽ ഒന്നാണ്.

ബേസിൽ ജോസഫ് – ടൊവിനോ തോമസ് കൂട്ടുകെട്ടാണ് സിനിമയെ പ്രധാനമായി എന്റർടൈൻ ചെയ്തു മുന്നോട്ട് കൊണ്ടുപോകുന്നത്. ഒപ്പം ബിജു കുട്ടൻ, അജു വർഗീസ് തുടങ്ങിയവരുടെ പ്രകടനവും മികച്ചു നിന്നു. കഴിഞ്ഞു പോയ നൂറ്റാണ്ടുകളിലെ ജാതീയതയെ കുറിച്ച് വ്യക്തമായി സിനിമയിൽ അവതരിപ്പിക്കുന്നുണ്ട്. മേൽ ജാതിക്കാർക്കെതിരെയുള്ള മണിയന്റെ പോരാട്ടം കൂടിയാണ് അജയന്റെ മോഷണ പരമ്പര.

അവിടെ പേക്ഷകരും കയ്യടിച്ചു പോവുന്നുണ്ട്. ടെക്നിക്കൽ മേഖലയിലും മികച്ചു നിൽക്കുന്ന ചിത്രമാണ് എ.ആർ.എം. ജോമോൻ.ടി.ജോണിന്റെ അതി ഗംഭീര ഫ്രെയിമുകളും ദിപു നൈനാൻ തോമസിന്റെ സംഗീതവും പവർഫുള്ളായി അജയനെ മാറ്റുന്നുണ്ട്. മൂന്ന് കാലഘത്തിന്റെ കഥ മാറി മാറി കാണിക്കുമ്പോഴും പ്രേക്ഷകർക്ക് മനസിലാവുന്ന വിധത്തിലാണ് ഷമീർ മുഹമ്മദ് അജയന്റെ രണ്ടാം മോഷണം എഡിറ്റ് ചെയ്തിട്ടുള്ളത്.

വിക്രം മൂറിന്റെയും ഫീനിസ് പ്രഭുവിന്റെയും ആക്ഷൻ സീനുകളും കയ്യടി നേടുന്നുണ്ട്. മേക്കപ്പിലും ഡ്രസ്സിങ്ങിലുമെല്ലാം ചിത്രം ശ്രദ്ധ പുലർത്തിയിട്ടുണ്ട്. എന്നാൽ അജയൻ എന്ന കഥാപാത്രത്തിന്റെ സ്കിൻ ടോൺ മാറ്റിയത് ഇടയ്ക്ക് എടുത്തുകാണിക്കുന്നത് പോലെയും ചില ഡയലോഗുകൾ വ്യക്തമാവാത്ത പോലെയും തോന്നി. ഐശ്വര്യ രാജേഷ്, ജഗദീഷ്, മാല പാർവതി, ഹരീഷ് ഉത്തമൻ തുടങ്ങിയവരെല്ലാം അവരുടെ റോൾ ബാക്കിയായി അവതരിപ്പിച്ചിട്ടുണ്ട്.

മോഷണ രംഗങ്ങൾ , ആക്ഷൻ രംഗങ്ങൾ, അണ്ടർ വാട്ടർ സീക്വൻസ് തുടങ്ങി ത്രീ.ഡി ഡിമാൻഡ് ചെയ്യുന്ന നിരവധി സീനുകൾ ചിത്രത്തിലുണ്ട്. സിനിമ കാണുന്നവർ മാക്സിമം ത്രീ.ഡിയായി തന്നെ സിനിമ ആസ്വദിക്കാൻ ശ്രമിക്കുക. പാൻ ഇന്ത്യൻ ലെവലിൽ പറയാൻ കഴിയുന്ന ഒരു മികച്ച ചിത്രം തന്നെയാണ് അജയന്റെ രണ്ടാം മോഷണം. ആക്ഷനും റൊമാൻസും ത്രില്ലിങ് രംഗങ്ങളും നിറഞ്ഞ ഈ ഓണക്കാലത്തിന് പറ്റിയ കംപ്ലീറ്റ് പാക്കേജ് തന്നെയാണ് അജയന്റെ രണ്ടാം മോഷണം.

Content Highlight: Ajayante Randam Moshanam Movie Review

നവ്‌നീത് എസ്.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം