ടൊവിനോ തോമസ് നായകനാകുന്ന അജയന്റെ രണ്ടാം മോഷണം സിനിമയുടെ സെറ്റില്‍ തീപ്പിടുത്തം. കാസര്‍ഗോഡ് ചീമേനിയെലെ ലൊക്കേഷനിലാണ് തീപിടിച്ചത്. ഷൂട്ടിങ്ങിനായി ഒരുക്കിയ സെറ്റും വസ്തുവകകളുമെല്ലാം തീപ്പിടുത്തിലൂടെ നശിച്ചതിനാല്‍ ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത് എന്നാണ് അണിയറക്കാര്‍ പറയുന്നത്.
അപ്രതീക്ഷിതമായി സംഭവിച്ച തീപ്പിടുത്തം ചിത്രത്തിന്റെ തുടര്‍ന്നുള്ള ചിത്രീകരണത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. ചിത്രീകരണം ആരംഭിച്ച് 112 ദിവസങ്ങള്‍ പിന്നിടുമ്പോളാണ് ഇങ്ങനെയൊരു അപകടം സംഭവിച്ചത്.
10 ദിവസത്തെ ഷൂട്ടിങ് കൂടിയെ ഇനി ബാക്കിയുണ്ടായിരുന്നുള്ളൂ. തീ അണക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പെട്ടെന്ന് ചെയ്തതിനാല്‍ വലിയൊരു അപകടമാണ് ഒഴിവായത്.
ടൊവിനോ മൂന്ന് റോളുകളില്‍ എത്തുന്ന ബിഗ് ബജറ്റ് ത്രീഡി ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. അഞ്ച് ഭാഷകളിലായിട്ടാണ് ചിത്രം പുറത്തിറങ്ങുന്നത്. 1900, 1950, 1990 കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ചിത്രം കളരിക്ക് പ്രാധാന്യമുള്ള സിനിമയായിരിക്കും ‘അജയന്റെ രണ്ടാം മോഷണം’.
നവാഗതനായ ജിതിന്‍ ലാലാണ് ചിത്രത്തിന്റെ സംവിധായകന്‍. യു.ജി.എം പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിസ് എന്നിവയുടെ ബാനറുകളില്‍ ഡോ. സക്കറിയ തോമസ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
content highlight: Ajayante Randam Moshanam Location set caught fire