ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോം ആയ ബുക്ക് മൈ ഷോയില്‍ ഇരുപത്തിനാല് മണിക്കൂറില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ബുക്ക് ചെയ്ത ചിത്രമായി ടോവിനോയുടെ അജയന്റെ രണ്ടാം മോഷണം. ഒന്നര ലക്ഷം പേരാണ് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറില്‍ ബുക്ക് മൈ ഷോ മുഖേന അജയന്റെ രണ്ടാം മോഷണം ബുക്ക് ചെയ്തത്. രണ്ടാം സ്ഥാനത്ത് വിജയ് ചിത്രം ഗോട്ടും മൂന്നാം സ്ഥാനത്ത് ഹിന്ദി ചിത്രം സ്ത്രീ 2 വും ആണ്.
ടൊവിനോ തോമസിന്റെ സിനിമ ജീവിതത്തിലെ നാഴിക കല്ലാണ് അജയന്റെ രണ്ടാം മോഷണം. അദ്ദേഹത്തിന്റെ 50ാമത് ചിത്രമായ എ.ആര്‍.എം സിനിമാ പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു. 3ഡിയില്‍ ഒരുങ്ങിയ ചിത്രത്തിന് പ്രേക്ഷകര്‍ക്കിടയില്‍നിന്ന് ഗംഭീര അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
റിലീസ് ചെയ്ത അഞ്ച് ദിവസത്തിനുള്ളില്‍ ലോകത്താകമാനമുള്ള തിയേറ്ററുകളില്‍ നിന്ന് 40 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടാനും അജയന്റെ രണ്ടാം മോഷണത്തിനായി. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും യു.ജി.എം മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ഡോ. സക്കറിയ തോമസും ചേര്‍ന്നാണ് അഞ്ച് ഭാഷകളില്‍ റിലീസ് ചെയ്ത ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്.
മിന്നല്‍ മുരളിയുടെ വിജയത്തിന് ശേഷം റിലീസാകുന്ന ടൊവിനോയുടെ പാന്‍ ഇന്ത്യന്‍ ചിത്രം കൂടിയാണ് അജയന്റെ രണ്ടാം മോഷണം. മൂന്ന് വ്യത്യസ്ത കാലഘട്ടത്തിലെ കഥ പറയുന്ന ചിത്രത്തില്‍ അജയന്‍, കുഞ്ഞിക്കേളു, മണിയന്‍ എന്നിങ്ങനെ മൂന്ന് കഥാപാത്രമായാണ് ടൊവിനോ എത്തുന്നത്. നവാഗതനായ ജിതിന്‍ ലാലാണ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സുജിത് നമ്പ്യാരാണ്.
കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവര്‍ നായികമാരായി എത്തിയ ചിത്രത്തില്‍ ബേസില്‍ ജോസഫ്, ജഗദീഷ്, കബീര്‍ സിംഗ്, ഹരീഷ് ഉത്തമന്‍, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.