ഇന്ന് കേരളത്തിലും പുറത്തും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്സ്. ജാന്‍-ഏ-മനിന് ശേഷം ചിദംബരം സംവിധാനം ചെയ്ത സിനിമയാണ് ഇത്.
കൊച്ചിയിലെ മഞ്ഞുമ്മല്‍ എന്ന സ്ഥലത്ത് നിന്നും ഒരു സംഘം യുവാക്കള്‍ കൊടൈക്കനാലിലേക്ക് യാത്ര പോകുന്നതും അതേ തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളും പറയുന്ന ചിത്രത്തില്‍ ഗുണാ കേവും ഒരു പ്രധാന ലൊക്കേഷനായിരുന്നു.
യഥാര്‍ത്ഥ ഗുണാ കേവ് നേരിട്ട് കണ്ടതിന് ശേഷം കേവിന്റെ സെറ്റിട്ടായിരുന്നു സിനിമയുടെ ചിത്രീകരണം നടത്തിയിരുന്നത്. അതിനായി ഗുണാ കേവിലേക്ക് പോയതിനെ കുറിച്ച് പറയുകയാണ് ആര്‍ട്ട് ഡയറക്ടര്‍ അജയന്‍ ചാലിശ്ശേരി. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈമെന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കേവിനകത്ത് ടൂറിസ്റ്റുകള്‍ വരുന്നതിന് മുമ്പ് കയറണമായിരുന്നു. അന്ന് ഗുണാ കേവിന്റെ ഉള്ളില്‍ കയറി കണ്ടു. കൂടെ വന്ന സെക്യൂരിറ്റി ഗാര്‍ഡ് ചെറുനാരങ്ങയെടുത്ത് പോക്കറ്റിലിട്ടു തന്നു. അവിടെ പേയ് ആണെന്നാണ് അവരൊക്കെ പറയുന്നത്.
അതായത് ഒരുപാട് ആളുകളുടെ മരണം നടന്ന സ്ഥലമായിരുന്നു അത്. അവരുടെയൊന്നും ഡെഡ് ബോഡി കിട്ടിയിട്ടുമില്ല. ഗുഹയുടെ അകത്താണെങ്കില്‍ രൂക്ഷമായ സ്‌മെല്ലുണ്ടാകും. വവ്വാലും കുരങ്ങുകളുമൊക്കെ ഉള്ള സ്ഥലമായിരുന്നു അത്. ശരിക്കും വളരെ ഇരുണ്ട ഗുഹയാണ്,’ അജയന്‍ ചാലിശ്ശേരി പറഞ്ഞു.
തങ്ങള്‍ ഒരുപാട് പേടിച്ചിട്ടാണ് കേവിനുള്ളിലേക്ക് കയറിയതെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നു. അന്ന് പെര്‍മിഷന് വേണ്ടി അപേക്ഷ നല്‍കിയപ്പോള്‍ ഗുണാ കേവിലേക്ക് തന്നെയാണോ നിങ്ങള്‍ക്ക് പോകേണ്ടത് എന്നായിരുന്നു അവരാദ്യം ചോദിച്ചതെന്നും വളരെ ബുദ്ധിമുട്ടുള്ള സ്ഥലമാണതെന്ന് പറഞ്ഞിരുന്നെന്നും അജയന്‍ ചാലിശ്ശേരി പറഞ്ഞു.
‘ഞങ്ങള്‍ ഒരുപാട് പേടിച്ചിട്ടാണ് ഗുണാ കേവിന്റെ ഉള്ളിലേക്ക് കയറുന്നത്. പെര്‍മിഷന് വേണ്ടി അപേക്ഷ നല്‍കിയപ്പോള്‍ അവര്‍ ഗുണാ കേവിലേക്ക് തന്നെയാണോ നിങ്ങള്‍ക്ക് പോകേണ്ടത് എന്നായിരുന്നു ആദ്യം ചോദിച്ചത്. അത് വേണോയെന്നും വളരെ ബുദ്ധിമുട്ടുള്ള സ്ഥലമാണ് അതെന്നും അവര് പറഞ്ഞിരുന്നു.
എന്നാല്‍ ഞങ്ങള്‍ക്ക് വേണ്ട ഐറ്റം അതായിരുന്നു. ആ പടത്തില്‍ കയറിട്ട് വലിക്കുന്ന സ്ഥലം കാണിക്കുന്നുണ്ടല്ലോ. യഥാര്‍ത്ഥത്തില്‍ അവിടെ അത്ര സ്‌പേസൊന്നുമില്ല. നമ്മള്‍ സിനിമക്ക് വേണ്ടി വീതി കൂട്ടിയതാണ്. സെറ്റിടുമ്പോള്‍ തന്നെ ചെയ്തതാണ് അത്,’ അജയന്‍ ചാലിശ്ശേരി പറഞ്ഞു.
Content Highlight: Ajayan Chalissery Talks About His Experience In Gunaa Cave