| Monday, 4th March 2024, 12:14 pm

പേടിച്ചാണ് ഗുണാ കേവില്‍ കയറിയത്; പെര്‍മിഷന് ചോദിച്ചപ്പോള്‍ അവിടേക്ക് തന്നെയാണോ പോകേണ്ടതെന്നായിരുന്നു ചോദ്യം: അജയന്‍ ചാലിശ്ശേരി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മഞ്ഞുമ്മല്‍ ബോയ്‌സിന് വേണ്ടി ഗുണാ കേവിന്റെ സെറ്റിടുന്നതിന് മുമ്പ് തങ്ങള്‍ യഥാര്‍ത്ഥ ഗുണാ കേവില്‍ പോയതിനെ കുറിച്ച് പറയുകയാണ് ആര്‍ട്ട് ഡയറക്ടര്‍ അജയന്‍ ചാലിശ്ശേരി. തങ്ങള്‍ ഒരുപാട് പേടിച്ചിട്ടാണ് കേവിനുള്ളിലേക്ക് കയറിയതെന്നാണ് അദ്ദേഹം പറയുന്നത്.

അന്ന് പെര്‍മിഷന് വേണ്ടി അപേക്ഷ നല്‍കിയപ്പോള്‍ ഗുണാ കേവിലേക്ക് തന്നെയാണോ നിങ്ങള്‍ക്ക് പോകേണ്ടത് എന്നായിരുന്നു അവരാദ്യം ചോദിച്ചതെന്നും വളരെ ബുദ്ധിമുട്ടുള്ള സ്ഥലമാണതെന്ന് പറഞ്ഞിരുന്നെന്നും അജയന്‍ ചാലിശ്ശേരി പറഞ്ഞു.

ജിഞ്ചര്‍ മീഡിയ എന്റര്‍ടൈമെന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങളുടെ കൂടെ വന്ന സെക്യൂരിറ്റി ഗാര്‍ഡ് ചെറുനാരങ്ങയെടുത്ത് പോക്കറ്റിലിട്ട് തന്നതിനെ കുറിച്ചും അജയന്‍ ചാലിശ്ശേരി അഭിമുഖത്തില്‍ പറയുന്നുണ്ട്.

‘ഞങ്ങള്‍ ഒരുപാട് പേടിച്ചിട്ടാണ് ഗുണാ കേവിന്റെ ഉള്ളിലേക്ക് കയറുന്നത്. പെര്‍മിഷന് വേണ്ടി അപേക്ഷ നല്‍കിയപ്പോള്‍ അവര്‍ ഗുണാ കേവിലേക്ക് തന്നെയാണോ നിങ്ങള്‍ക്ക് പോകേണ്ടത് എന്നായിരുന്നു ആദ്യം ചോദിച്ചത്. അത് വേണോയെന്നും വളരെ ബുദ്ധിമുട്ടുള്ള സ്ഥലമാണ് അതെന്നും അവര് പറഞ്ഞിരുന്നു.

എന്നാല്‍ ഞങ്ങള്‍ക്ക് വേണ്ട ഐറ്റം അതായിരുന്നു. ടൂറിസ്റ്റുകള്‍ വരുന്നതിന് മുമ്പ് അതിനകത്ത് കയറണമായിരുന്നു. അന്ന് ഗുണാ കേവിന്റെ ഉള്ളില്‍ കയറി കണ്ടു. കൂടെ വന്ന സെക്യൂരിറ്റി ഗാര്‍ഡ് ചെറുനാരങ്ങയെടുത്ത് പോക്കറ്റിലിട്ടു തന്നു. അവിടെ പേയ് ആണെന്നാണ് അവരൊക്കെ പറയുന്നത്.

അതായത് ഒരുപാട് ആളുകളുടെ മരണം നടന്ന സ്ഥലമായിരുന്നു അത്. അവരുടെയൊന്നും ഡെഡ് ബോഡി കിട്ടിയിട്ടുമില്ല. ഗുഹയുടെ അകത്താണെങ്കില്‍ രൂക്ഷമായ സ്‌മെല്ലുണ്ടാകും. വവ്വാലും കുരങ്ങുകളുമൊക്കെ ഉള്ള സ്ഥലമായിരുന്നു അത്.

ശരിക്കും വളരെ ഇരുണ്ട ഗുഹയാണ്. ആ പടത്തില്‍ കയറിട്ട് വലിക്കുന്ന സ്ഥലം കാണിക്കുന്നുണ്ടല്ലോ. യഥാര്‍ത്ഥത്തില്‍ അവിടെ അത്ര സ്‌പേസൊന്നുമില്ല. നമ്മള്‍ സിനിമക്ക് വേണ്ടി വീതി കൂട്ടിയതാണ്. സെറ്റിടുമ്പോള്‍ തന്നെ ചെയ്തതാണ് അത്,’ അജയന്‍ ചാലിശ്ശേരി പറഞ്ഞു.


Content Highlight: Ajayan Chalissery Talks About Gunaa Cave

We use cookies to give you the best possible experience. Learn more