| Friday, 7th June 2024, 10:47 pm

ഞാന്‍ ഒന്നുമറിയാത്തത് പോലെ കയറിച്ചെന്നു; മറുപടി കേട്ട് മമ്മൂക്ക ഇറങ്ങി പോയി: അജയ് വാസുദേവ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടി ഒരു ലൊക്കേഷനിലേക്ക് വരുമ്പോള്‍ അവിടെയുള്ള എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുമെന്ന് പറയുകയാണ് സംവിധായകന്‍ അജയ് വാസുദേവ്. മമ്മൂട്ടിയെ നായകനാക്കി തുടര്‍ച്ചയായി മൂന്ന് സിനിമകള്‍ ചെയ്ത സംവിധായകനാണ് അദ്ദേഹം.

2017ല്‍ പുറത്തിറങ്ങിയ മാസ്റ്റര്‍പീസിന്റെ ലൊക്കേഷനിലെ രസകരമായ ഒരു അനുഭവവും അജയ് വാസുദേവ് പങ്കുവെച്ചു. സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മമ്മൂക്ക ഒരു ലൊക്കേഷനില്‍ വരുമ്പോള്‍ അവിടെയുള്ള എല്ലാ കാര്യങ്ങളും ശ്രദ്ധിക്കും. ഉപയോഗിക്കുന്ന പ്രോപ്പര്‍ട്ടികളും അവിടെയുള്ള സാധനങ്ങളും എല്ലാം പുള്ളി നിരീക്ഷിക്കും. എനിക്ക് അത്തരത്തില്‍ അനുഭവമുണ്ടായിരുന്നു. മാസ്റ്റര്‍പീസില്‍ പ്രിന്‍സിപ്പലിന്റെ മുറിയില്‍ നിന്നുള്ള ഒരു സീന്‍ ഷൂട്ട് ചെയ്യാന്‍ ഉണ്ടായിരുന്നു.

അതിന്റെ ലൈറ്റും കാര്യങ്ങളുമൊക്കെ ചെയ്ത് കഴിഞ്ഞു. മമ്മൂക്ക വരുന്നതിന്റെ മുമ്പ് ഒരു ചെറിയ സീന്‍ ഷൂട്ട് ചെയ്യാന്‍ ഉണ്ടായിരുന്നു. മമ്മൂക്ക അന്ന് വന്നിറങ്ങി നേരെ ഈ സ്ഥലത്തേക്ക് വന്നു. പ്രിന്‍സിപ്പല്‍ റൂം ഒക്കെ സെറ്റാണ്. അവിടെ മുമ്പ് ഉണ്ടായിരുന്ന പ്രിന്‍സിപ്പല്‍മാരുടെ ഫോട്ടോസ് ഒക്കെ ചുമരില്‍ വെച്ചിട്ടുണ്ട്. ആര്‍ട്ട് ഡയറക്ടര്‍ അതിന്റെ തിരക്കിലാണ്.

നമ്മള്‍ അത് കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. ഞാന്‍ അന്ന് എന്തോ കാര്യത്തിന് പുറത്ത് പോയിട്ട് തിരിച്ച് പ്രിന്‍സിപ്പല്‍ മുറിയിലേക്ക് വരുമ്പോള്‍ കാണുന്നത് മമ്മൂക്കയേയാണ്. ഇക്ക വന്നതോടെ അവിടെ ആകെ സൈലന്റായിരുന്നു. ഞാന്‍ ഡോറിന്റെ അടുത്ത് എത്തിയതും എനിക്ക് സംശയം തോന്നി. ഞാന്‍ നോക്കുമ്പോള്‍ എല്ലാവരും ചുമരിലെ ഫോട്ടോയിലേക്ക് നോക്കുകയാണ്. മമ്മൂക്കയാണെങ്കില്‍ എല്ലാവരെയും മാറി മാറി നോക്കുന്നുണ്ട്.

ഞാന്‍ അവിടെയുള്ള ഒരാളെ വിളിച്ച് കാര്യം ചോദിച്ചു. മമ്മൂക്ക അവിടെ ഫോട്ടോയിലുള്ള ആളുകള്‍ ആരാണെന്ന് ചോദിച്ചതാണ്. അതില്‍ ഒരു ഫോട്ടോയെ കുറിച്ച് മാത്രം ആരും ഒന്നും പറയുന്നില്ല. ഞാന്‍ ഇതിനിടയില്‍ ഫോട്ടോ തന്ന ആളെ വിളിച്ച് ഫോട്ടോയിലെ ആളുടെ പേര് ചോദിച്ചു. പിന്നെ ഞാന്‍ ഒന്നും അറിയാത്ത പോലെ അവിടേക്ക് കയറിച്ചെന്നു.

എന്നെ കണ്ട ഉടനെ നീ എവിടെ പോയതായിരുന്നു എന്നാണ് മമ്മൂക്ക ചോദിച്ചത്. അതിന് മറുപടി പറഞ്ഞതും ആ ഫോട്ടോയില്‍ ഉള്ളത് ആരാണെന്ന് ചോദിച്ചു. ഞാന്‍ ഉടനെ മറുപടി പറഞ്ഞു. ഞാന്‍ അത് പറയുമെന്ന് മമ്മൂക്ക പ്രതീക്ഷിച്ചിരുന്നില്ല. എന്നെ ഇക്ക അടിമുടി ഒരു നോട്ടം നോക്കി. ആള്‍ക്ക് വിശ്വാസമായില്ല. പിന്നെ ഒന്നും പറയാതെ അവിടുന്ന് ഇറങ്ങി പോയി,’ അജയ് വാസുദേവ് പറഞ്ഞു.


Content Highlight: Ajay Vasudev Talks About Mammootty’s Masterpiece Movie Location Incident

We use cookies to give you the best possible experience. Learn more