മമ്മൂട്ടി നായകനായ രാജാധിരാജ എന്ന ചിത്രത്തിലൂടെ സംവിധായകനായ വ്യക്തിയാണ് അജയ് വാസുദേവ്. മമ്മൂട്ടിയോടൊപ്പം തുടര്‍ച്ചയായി മൂന്ന് സിനിമകള്‍ ചെയ്ത സംവിധായകന്‍ കൂടെയാണ് അദ്ദേഹം. മാസ്റ്റര്‍പീസ്, ഷൈലോക്ക് എന്നിവയാണ് അജയ് വാസുദേവിന്റെ മറ്റു ചിത്രങ്ങള്‍.
പുതിയ ചിത്രമായ മന്ദാകിനിയുടെ പ്രൊമോഷന്റെ ഭാഗമായി സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍. മാസ്റ്റര്‍പീസിന്റെ ലൊക്കേഷനിലെ അനുഭവമാണ് അജയ് വാസുദേവ് പങ്കുവെച്ചത്.
‘മമ്മൂക്ക ഒരു ലൊക്കേഷനില്‍ വരുമ്പോള്‍ അവിടെയുള്ള എല്ലാ കാര്യങ്ങളും ശ്രദ്ധിക്കും. ഉപയോഗിക്കുന്ന പ്രോപ്പര്‍ട്ടികളും അവിടെയുള്ള സാധനങ്ങളും എല്ലാം പുള്ളി നിരീക്ഷിക്കും. എനിക്ക് അത്തരത്തില്‍ അനുഭവമുണ്ടായിരുന്നു.
മാസ്റ്റര്‍പീസില്‍ പ്രിന്‍സിപ്പാളിന്റെ മുറിയില്‍ നിന്നുള്ള ഒരു സീന്‍ ഷൂട്ട് ചെയ്യാന്‍ ഉണ്ടായിരുന്നു. അതിന്റെ ലൈറ്റും കാര്യങ്ങളുമൊക്കെ ചെയ്ത് കഴിഞ്ഞു. മമ്മൂക്ക വരുന്നതിന്റെ മുമ്പ് ഒരു ചെറിയ സീന്‍ ഷൂട്ട് ചെയ്യാന്‍ ഉണ്ടായിരുന്നു. മമ്മൂക്ക അന്ന് വന്നിറങ്ങി നേരെ ഈ സ്ഥലത്തേക്ക് വന്നു.
പ്രിന്‍സിപ്പാള്‍ റൂം ഒക്കെ സെറ്റാണ്. അവിടെ മുമ്പ് ഉണ്ടായിരുന്ന പ്രിന്‍സിപ്പാള്‍മാരുടെ ഫോട്ടോസ് ഒക്കെ ചുമരില്‍ വെച്ചിട്ടുണ്ട്. ആര്‍ട്ട് ഡയറക്ടര്‍ അതിന്റെ തിരക്കിലാണ്. നമ്മള്‍ അത് കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. ഞാന്‍ അന്ന് എന്തോ കാര്യത്തിന് പുറത്ത് പോയിട്ട് തിരിച്ച് പ്രിന്‍സിപ്പാള്‍ മുറിയിലേക്ക് വരുമ്പോള്‍ കാണുന്നത് മമ്മൂക്കയേയാണ്.
ഇക്ക വന്നതോടെ അവിടെ ആകെ സൈലന്റായിരുന്നു. ഞാന്‍ ഡോറിന്റെ അടുത്ത് എത്തിയതും എനിക്ക് സംശയം തോന്നി. ഞാന്‍ നോക്കുമ്പോള്‍ എല്ലാവരും ചുമരിലെ ഫോട്ടോയിലേക്ക് നോക്കുകയാണ്. മമ്മൂക്കയാണെങ്കില്‍ എല്ലാവരെയും മാറി മാറി നോക്കുന്നുണ്ട്. ഞാന്‍ അവിടെയുള്ള ഒരാളെ വിളിച്ച് കാര്യം ചോദിച്ചു.
മമ്മൂക്ക അവിടെ ഫോട്ടോയിലുള്ള ആളുകള്‍ ആരാണെന്ന് ചോദിച്ചതാണ്. അതില്‍ ഒരു ഫോട്ടോയെ കുറിച്ച് മാത്രം ആരും ഒന്നും പറയുന്നില്ല. ഞാന്‍ ഇതിനിടയില്‍ ഫോട്ടോ തന്ന ആളെ വിളിച്ച് ഫോട്ടോയിലെ ആളുടെ പേര് ചോദിച്ചു. പിന്നെ ഞാന്‍ ഒന്നും അറിയാത്ത പോലെ അവിടേക്ക് കയറിച്ചെന്നു.
എന്നെ കണ്ട ഉടനെ നീ എവിടെ പോയതായിരുന്നു എന്നാണ് മമ്മൂക്ക ചോദിച്ചത്. അതിന് മറുപടി പറഞ്ഞതും ആ ഫോട്ടോയില്‍ ഉള്ളത് ആരാണെന്ന് ചോദിച്ചു. ഞാന്‍ ഉടനെ മറുപടി പറഞ്ഞു. ഞാന്‍ അത് പറയുമെന്ന് മമ്മൂക്ക പ്രതീക്ഷിച്ചിരുന്നില്ല. എന്നെ ഇക്ക അടിമുടി ഒരു നോട്ടം നോക്കി. ആള്‍ക്ക് വിശ്വാസമായില്ല. പിന്നെ ഒന്നും പറയാതെ അവിടുന്ന് ഇറങ്ങി പോയി,’ അജയ് വാസുദേവ് പറഞ്ഞു.
Content Highlight: Ajay Vasudev Talks About Mammootty