അടുത്ത ഷോട്ടെടുക്കാന്‍ പോയതും മമ്മൂക്ക വിളിച്ച് ആ സീന്‍ ഓക്കെയാണെന്ന് പറയാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചു: അജയ് വാസുദേവ്
Entertainment
അടുത്ത ഷോട്ടെടുക്കാന്‍ പോയതും മമ്മൂക്ക വിളിച്ച് ആ സീന്‍ ഓക്കെയാണെന്ന് പറയാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചു: അജയ് വാസുദേവ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 9th April 2024, 3:41 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മമ്മൂട്ടി. സിനിമാ മേഖലയില്‍ ഒരുപാട് സ്വാധീനമുള്ള വ്യക്തി കൂടിയാണ് അദ്ദേഹം. മമ്മൂട്ടിയോടൊപ്പം തുടര്‍ച്ചയായി മൂന്ന് സിനിമകളില്‍ പ്രവര്‍ത്തിച്ച സംവിധായകനാണ് അജയ് വാസുദേവ്.

ഷൂട്ടിന്റെ ഇടയില്‍ സീന്‍ ഓക്കെയാണെന്ന് പറയാതെ പോകുന്നത് മമ്മൂട്ടിക്ക് ഇഷ്ടമില്ലെന്ന് പറയുകയാണ് അജയ്. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍.

‘നമ്മള്‍ ഒരു ഷോട്ട് ശരിയായാല്‍ ഒന്നും പറയാതെ അടുത്ത ഷോട്ടിലേക്ക് പോകുമ്പോള്‍ മമ്മൂക്ക ഇടക്ക് വിളിക്കും. ‘ഒരു സീന്‍ ഓക്കേ ആണെങ്കില്‍ പറയണം. ഞാന്‍ ഇവിടെ ഇരിക്കുകയല്ലേ. നിങ്ങള്‍ ചില സീനില്‍ വണ്‍ മോര്‍ പറയുന്നുണ്ടല്ലോ. പിന്നെ ഒക്കെ ആണെന്ന് എന്താണ് പറയാത്തത്’ എന്ന് ഇക്ക ചോദിക്കാറുണ്ട്,’ അജയ് വാസുദേവ് പറഞ്ഞു.

2014ല്‍ പുറത്തിറങ്ങിയ രാജാധിരാജയായിരുന്നു അജയ് വാസുദേവിന്റെ ആദ്യ ചിത്രം. 2017ല്‍ പുറത്തിറങ്ങിയ മാസ്റ്റര്‍പീസിലും 2020ലെ ഷൈലോക്കിലും മമ്മൂട്ടിയോടൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. മമ്മൂട്ടിയെ ഒരു സിനിമയിലേക്ക് കണ്‍വീന്‍സ് ചെയ്യുന്നതിനെ കുറിച്ചും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നു.

‘മമ്മൂക്ക പറയുന്ന കാര്യങ്ങള്‍ക്ക് അല്ലെങ്കില്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം കിട്ടി കഴിഞ്ഞാല്‍ പുള്ളി കണ്‍വീന്‍സാകും. എന്തെങ്കിലും രീതിയില്‍ ഉത്തരം കിട്ടിയില്ല എന്നുണ്ടെങ്കില്‍ കുഴപ്പമാകും.

ഉത്തരം കിട്ടിയില്ലെങ്കില്‍ ആള് ചിലപ്പോള്‍ ചൂടാകും അല്ലെങ്കില്‍ വയലന്റാകും. മമ്മൂക്കയുടെ അടുത്ത് ചെന്ന് ഒരു സിനിമയെ കുറിച്ച് പറയുന്നതിന് മുമ്പ് മൂന്നല്ല മൂവായിരം വട്ടം ആലോചിക്കണം. എന്നിട്ടേ ചെന്ന് പറയാന്‍ പാടുള്ളൂ.

മമ്മൂക്കയുടെ അടുത്തേക്ക് പോകുമ്പോള്‍ നമ്മുടെ ബുദ്ധിവെച്ച് ആള് ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങള്‍ നമുക്ക് ഊഹിക്കാം. അതിനുള്ള ഉത്തരം കണ്ടുവെച്ചിട്ട് വേണം പോകാന്‍. പിന്നെ നമ്മള്‍ ഉദ്ദേശിക്കാത്ത ചോദ്യം മമ്മൂക്കയുടെ വായില്‍ നിന്ന് വന്നാല്‍, അത് നമ്മുടെ വിധിയാണ്,’ അജയ് വാസുദേവ് പറഞ്ഞു.


Content Highlight: Ajay Vasudev Talks About Mammootty