ആ സമയത്ത് മമ്മൂക്കയുടെ ചോദ്യത്തിന് ഉത്തരം കിട്ടിയില്ലെങ്കില്‍ കുഴപ്പമാകും, അദ്ദേഹം ചിലപ്പോള്‍ വയലന്റാകും: അജയ് വാസുദേവ്
Entertainment
ആ സമയത്ത് മമ്മൂക്കയുടെ ചോദ്യത്തിന് ഉത്തരം കിട്ടിയില്ലെങ്കില്‍ കുഴപ്പമാകും, അദ്ദേഹം ചിലപ്പോള്‍ വയലന്റാകും: അജയ് വാസുദേവ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 8th April 2024, 6:43 pm

മലയാള സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകനാണ് അജയ് വാസുദേവ്. 2014ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ രാജാധിരാജയിലൂടെയാണ് അജയ് വാസുദേവ് ആദ്യമായി ഒരു സംവിധായകനാകുന്നത്.

അതിന് ശേഷം അദ്ദേഹം സംവിധാനം ചെയ്ത രണ്ട് സിനിമകളിലും നായകനായിരുന്നത് മമ്മൂട്ടി തന്നെയായിരുന്നു. 2017ല്‍ പുറത്തിറങ്ങിയ മാസ്റ്റര്‍പീസായിരുന്നു രണ്ടാമത്തെ ചിത്രം. 2020ലാണ് ഷൈലോക്ക് എന്ന സിനിമ തിയേറ്ററിലെത്തുന്നത്.

സംവിധായകനാകുന്നതിന് മുമ്പ് അജയ് വാസുദേവ് 25ല്‍ അധികം സിനിമകള്‍ക്ക് അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മമ്മൂട്ടിയെ ഒരു സിനിമയിലേക്ക് കണ്‍വീന്‍സ് ചെയ്യുന്നതിനെ കുറിച്ച് പറയുകയാണ് സംവിധായകന്‍.

തന്റെ ആറാമത്തെ ചിത്രമായ മന്ദാകിനിയുടെ പ്രൊമോഷന്റെ ഭാഗമായി സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അജയ് വാസുദേവ്.

‘മമ്മൂക്ക പറയുന്ന കാര്യങ്ങള്‍ക്ക് അല്ലെങ്കില്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം കിട്ടി കഴിഞ്ഞാല്‍ പുള്ളി കണ്‍വീന്‍സാകും. എന്തെങ്കിലും രീതിയില്‍ ഉത്തരം കിട്ടിയില്ല എന്നുണ്ടെങ്കില്‍ കുഴപ്പമാകും.

ഉത്തരം കിട്ടിയില്ലെങ്കില്‍ ആള് ചിലപ്പോള്‍ ചൂടാകും അല്ലെങ്കില്‍ വയലന്റാകും. മമ്മൂക്കയുടെ അടുത്ത് ചെന്ന് ഒരു സിനിമയെ കുറിച്ച് പറയുന്നതിന് മുമ്പ് മൂന്നല്ല മൂവായിരം വട്ടം ആലോചിക്കണം. എന്നിട്ടേ ചെന്ന് പറയാന്‍ പാടുള്ളൂ.

മമ്മൂക്കയുടെ അടുത്തേക്ക് പോകുമ്പോള്‍ നമ്മുടെ ബുദ്ധിവെച്ച് ആള് ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങള്‍ നമുക്ക് ഊഹിക്കാം. അതിനുള്ള ഉത്തരം കണ്ടുവെച്ചിട്ട് വേണം പോകാന്‍. പിന്നെ നമ്മള്‍ ഉദ്ദേശിക്കാത്ത ചോദ്യം മമ്മൂക്കയുടെ വായില്‍ നിന്ന് വന്നാല്‍, അത് നമ്മുടെ വിധിയാണ്,’ അജയ് വാസുദേവ് പറഞ്ഞു.


Content Highlight: Ajay Vasudev Talks About Mammootty