| Friday, 31st May 2024, 4:16 pm

മാസ്റ്റര്‍പീസിലെ ആ ഷോട്ട് മമ്മൂക്ക കാണുന്നത് ഡബ്ബിങ്ങിന്റെ സമയത്താണ്, അതിന് മുമ്പ് കണ്ടിരുന്നെങ്കില്‍ മാറ്റാന്‍ പറഞ്ഞേനെ: അജയ് വാസുദേവ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്ത് 2017ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മാസ്റ്റര്‍പീസ്. ഉദയകൃഷ്ണ തിരക്കഥ രചിച്ച ചിത്രത്തില്‍ എഡ്വേര്‍ഡ് ലിവിങ്സ്റ്റണ്‍ എന്ന കോളേജ് പ്രൊഫസറായാണ് മമ്മൂട്ടി എത്തിയത്. സിനിമയില്‍ മമ്മൂട്ടിയുടെ ഇന്‍ട്രോ സീനിനെപ്പറ്റി സംസാരിക്കുകയാണ് സംവിധായകന്‍ അജയ് വാസുദേവ്. മന്ദാകിനിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് അജയ് ഇക്കാര്യം പറഞ്ഞത്.

മമ്മൂട്ടിയുടെ ഇന്‍ട്രോ സീനില്‍ ലിമിറ്റഡ് എഡിഷന്‍ എന്ന എഴുത്ത് കാണിച്ചത് മമ്മൂട്ടി അറിയാതെയായിരുന്നെന്നും ആ സമയത്ത് അദ്ദേഹം സെറ്റിലില്ലായിരുന്നെന്നും അജയ് പറഞ്ഞു. ഷൂട്ടൊക്കെ കഴിഞ്ഞ് ഡബ്ബിങ്ങിന്റെ സമയത്താണ് മമ്മൂട്ടി അത് കണ്ടതെന്നും മാറ്റണമെന്ന് പറഞ്ഞില്ലെന്നും അജയ് കൂട്ടിച്ചേര്‍ത്തു. ഷൂട്ടിന്റെ സമയത്തായിരുന്നെങ്കില്‍ ആ ഷോട്ടിന് മമ്മൂട്ടി സമ്മതിക്കില്ലായിരുന്നെന്നും അജയ് വാസുദേവ് പറഞ്ഞു.

‘ലിമിറ്റഡ് എഡിഷന്‍ എന്ന് മമ്മൂക്കയുടെ ഇന്‍ട്രോ സീനില്‍ കാണിച്ചത് ഒരു ബില്‍ഡപ്പിന് വേണ്ടിയായിരുന്നു. ആ സമയത്ത് മമ്മൂക്ക സെറ്റിലുണ്ടായിരുന്നില്ല. വണ്ടി നിര്‍ത്തിയിട്ടിട്ട് അതിന്റെ കുറേ ഷോട്ടെടുത്തിട്ടുണ്ടായിരുന്നു. പല ആങ്കിളില്‍ നിന്നുള്ള ഷോട്ടൊക്കെ എടുത്തു വെച്ചു. മമ്മൂക്ക വന്നല്‍ നേരെ ഷൂട്ടിലേക്ക് പോകാമെന്ന് വിചാരിച്ചാണ് അതൊക്കെ ചെയ്തത്.

ഇക്ക അതൊക്കെ കാണുന്നത് ഡബ്ബിങ്ങിന്റെ സമയത്താണ്. അതിന് മുമ്പ് പുള്ളിയെ അതൊന്നും കാണിച്ചിരുന്നില്ല. എങ്ങാനും മാറ്റാന്‍ പറഞ്ഞാലോ എന്ന പേടിയായിരുന്നു. കാരണം, അങ്ങനെ ഓരോ ബില്‍ഡപ്പ് കൊടുക്കുന്നത് ഇഷ്ടമല്ലാത്തയാളാണ് മമ്മൂക്ക. ഡബ്ബിങ്ങിന്റെ സമയത്ത് അത് കണ്ടിട്ടും എന്തോ മാറ്റാന്‍ പറഞ്ഞില്ല,’ അജയ് വാസുദേവ് പറഞ്ഞു.

Content Highlight: Ajay Vasudev abouth the intro scene of Mammootty in Masterpiece movie

We use cookies to give you the best possible experience. Learn more