വീട്ടിലിരുന്ന് പച്ചക്കറിയരിയുന്ന അമ്മൂമ്മക്ക് വരെ സ്ലോ മോഷനെന്ന് പറഞ്ഞു: അജയ് വാസുദേവ്
Entertainment news
വീട്ടിലിരുന്ന് പച്ചക്കറിയരിയുന്ന അമ്മൂമ്മക്ക് വരെ സ്ലോ മോഷനെന്ന് പറഞ്ഞു: അജയ് വാസുദേവ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 30th May 2023, 1:34 pm

 

പകലും പാതിരാവും സിനിമയെക്കുറിച്ച് ഒരുപാട് ഫീഡ്ബാക്കുകള്‍ വന്നിരുന്നെന്നും വീട്ടിലിരുന്ന് പച്ചക്കറിയരിയുന്ന അമ്മൂമ്മക്ക് വരെ സ്ലോ മോഷനെന്ന് ചിലര്‍ വിമര്‍ശിച്ചിരുന്നെന്നും സംവിധായകന്‍ അജയ് വാസുദേവ് പറഞ്ഞു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ പകലും പാതിരാവും സിനിമയെക്കുറിച്ച് ഒരുപാട് ഫീഡ്ബാക്കുകള്‍ വന്നിരുന്നു. പ്രിവ്യൂവിന്റെ സമയത്ത് തന്നെ ഒരുപാട് പേര്‍ പറഞ്ഞിരുന്നു സിനിമയില്‍ സ്ലോ മോഷന്‍ കൂടുതലാണെന്ന്. വീട്ടിലിരുന്ന് പച്ചക്കറിയരിയുന്ന അമ്മൂമ്മക്ക് വരെ സ്ലോ മോഷനെന്ന് ചിലര്‍ വിമര്‍ശിച്ചിരുന്നു.

ഞാന്‍ ഉദ്ദേശിച്ചത് ആ ഒരു പാറ്റേണില്‍ ചെയ്യണമെന്നാണ്. ആ പാറ്റേണ്‍ നന്നായിട്ടില്ലെന്ന് ഈ സിനിമയിലൂടെ മനസിലായി. പക്ഷേ എനിക്കിഷ്ടം ഏതൊരു ഇമോഷന്‍സ് ആണെങ്കിലും അത് സ്ലോ മോഷനിലൂടെ കമ്യൂണിക്കേറ്റ് ചെയ്യാനാണ്.

നോര്‍മലി ഒരാള്‍ കരയുകയോ സങ്കടപ്പെടുകയോ ചെയ്താല്‍ അത് സ്ലോ മോഷനിലൂടെ കാണിക്കുമ്പോള്‍ കുറച്ച് കൂടി നന്നാവുമെന്ന് തോന്നിയിട്ടുണ്ട്.

ഒരു ഉദ്ദാഹരണത്തിന്, ഏതോ ഒരു സിനിമയില്‍ മമ്മൂക്ക കരഞ്ഞുകൊണ്ട് നടക്കുന്ന ഒരു സീനുണ്ടായിരുന്നു. അത് സ്ലോ മോഷനില്‍ ചെയ്തപ്പോഴാണ് ഒരു ഇംപാക്ട് ഉണ്ടായത്, ‘ അജയ് വാസുദേവ് പറഞ്ഞു.

പുതുമുഖങ്ങളെ വെച്ച് സിനിമയെടുക്കുന്നതിനെപ്പറ്റി താന്‍ ആലോചിച്ചിട്ടില്ലെന്നും തനിക്ക് ഡയറക്ട് ചെയ്യുന്നതിനേക്കാള്‍ പേടി അഭിനയിക്കാനാണെന്നും അജയ് വാസുദേവ് പറഞ്ഞു.

‘ പുതുമുഖങ്ങളെ വെച്ച് സിനിമയെടുക്കുന്നതിനെപ്പറ്റി ഞാന്‍ ആലോചിച്ചിട്ടില്ല. പുതുമുഖങ്ങളെ മാത്രം വെച്ച് ഒരു സിനിമയെടുക്കുകയും അതെങ്ങനെ ബിസിനസ് ആക്കിയെടുക്കാന്‍ പറ്റും എന്നൊക്കെയോര്‍ത്ത് വളരെ ടെന്‍ഷന്‍ ആയിരിക്കും. ഇങ്ങനെയുള്ള കാരണങ്ങള്‍കൊണ്ടാണ് ഞാന്‍ അങ്ങനെയൊരു റിസ്‌ക്കിന് മുതിരാഞ്ഞത്.

ഡയറക്ട് ചെയ്യുമ്പോള്‍ കുറേ നാള്‍കൊണ്ട് പഠിച്ച കാര്യങ്ങളൊക്കെ എനിക്കറിയാം. അത് കൊണ്ട് ആ രീതിയിലുള്ള ടെന്‍ഷന്‍ കുറച്ച് കുറവായിരിക്കും. അഭിനയിക്കാന്‍ പോകുമ്പോള്‍ സെറ്റില്‍ മറ്റു കുറേ അഭിനേതാക്കളുണ്ടാകും. അവരൊക്കെ കൃത്യമായിട്ട് ചെയ്യുമ്പോള്‍ നമ്മള്‍ കാരണം അവരുടെ സമയവും നിര്‍മാതാവിന്റെ പണവുമൊന്നും നഷ്ടപ്പെടരുതെന്നുള്ള ടെന്‍ഷന്‍ എനിക്കുണ്ടായിരുന്നു.

എനിക്ക് ഡയറക്ട് ചെയ്യുന്നതിനേക്കാള്‍ പേടി അഭിനയിക്കാന്‍ പോകുമ്പോഴാണ്. മാളികപ്പുറം സിനിമയില്‍ യാദൃശ്ചികമായാണ് അഭിനയിച്ചത്, ‘ അജയ് വാസുദേവ് പറഞ്ഞു.

അജയ് വാസുദേവിന്റെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന്‍, രജിഷ വിജയന്‍, ഗുരു സോമസുന്ദരം എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പുറത്തിറങ്ങിയ ചിത്രമാണ് പകലും പാതിരാവും. ചിത്രത്തിന് പ്രേക്ഷകരല്‍ നിന്നും സമ്മിശ്ര പ്രതികരണമാണുണ്ടായിരുന്നത്.

Content Highlights: Ajay Vasudev about Pakalum Pathiravum movie