| Monday, 22nd May 2023, 9:31 am

കന്നഡ ചിത്രം റിയലിസ്റ്റിക്കായിരുന്നു, റീമേക്ക് ചെയ്തപ്പോള്‍ കൊണ്ടുവന്ന മാറ്റം പാളിപ്പോയതാവാം: അജയ് വാസുദേവ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അജയ് വാസുദേവന്റെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന്‍, രജിഷ വിജയന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ചിത്രമായിരുന്നു പകലും പാതിരാവും. കന്നഡ ചിത്രമായ ‘ആ കരാള രാത്രി’യുടെ റീമേക്കായിരുന്നു ചിത്രം. തിയേറ്ററില്‍ കാര്യമായ വിജയം നേടാന്‍ പകലും പാതിരാവിനുമായില്ല.

ചിത്രത്തിന്റെ തിയേറ്റര്‍ പ്രതികരണത്തില്‍ ദുഖമുണ്ടെന്ന് പറയുകയാണ് സംവിധായകന്‍ അജയ് വാസുദേവ്. കന്നഡ ചിത്രം കുറച്ചുകൂടി റിയലിസ്റ്റിക്കായിരുന്നു എന്നും മലയാളം സിനിമാറ്റിക്കാക്കിയതാവാം പരാജയകാരണമെന്നും അജയ് പറഞ്ഞു. ആദ്യം ഒരു മാസ് ചിത്രമാണ് പ്ലാന്‍ ചെയ്തിരുന്നതെന്നും കൊവിഡ് സമയത്ത് എടുത്ത ചെറിയ ചിത്രമാണ് പകലും പാതിരാവുമെന്നും മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ അജയ് വാസുദേവ് പ്രതികരിച്ചു.

‘കന്നഡ സിനിമ കണ്ടന്റ് ഓറിയന്റഡായിരുന്നു. അവര്‍ ഭയങ്കര റിയലിസ്റ്റിക്കായിട്ടാണ് എടുത്തിരിക്കുന്നത്. കുറച്ച് കൂടി സിനിമാറ്റിക്കായി എടുക്കണം എന്ന് വിചാരിച്ചാണ് ഞങ്ങള്‍ സിനിമയെ സമീപിച്ചത്. അങ്ങനെ എടുത്തതായിരിക്കാം അതിന്റെ പാളിച്ച. നേരെ റീമേക്ക് ചെയ്യാതെ കുറച്ച് കാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്തിരുന്നു. ആരുടേയും തെറ്റായി പറയുന്നതല്ല.

നന്നാവണമെന്ന് വിചാരിച്ചാണല്ലോ ഓരോ പരിപാടികള്‍ ചെയ്യുന്നത്. അത് ഗംഭീരമാകാതെ വരുമ്പോഴുള്ള ടെന്‍ഷനും ദുഖവുമെല്ലാം ഉണ്ട്. ഇതില്‍ നിന്നും പുതിയ കാര്യങ്ങള്‍ മനസിലാക്കാന്‍ പറ്റുന്നുണ്ട്. ഒരു സിനിമ എടുക്കുമ്പോള്‍ അത് എന്തുകൊണ്ട് പരാജയപ്പെട്ടു എന്ന് പഠിക്കുമല്ലോ. ഇതില്‍ നിന്നും ഒരുപാട് പാഠങ്ങള്‍ പഠിച്ചു.

കൊവിഡ് സമയത്ത് ചെയ്ത ചെറിയൊരു സിനിമയാണ്. ചെറിയ ബജറ്റില്‍ ലിമിറ്റഡായ ആര്‍ട്ടിസ്റ്റുകള്‍ മാത്രമുള്ള ഒരു വീടിനുള്ളില്‍ ഒതുങ്ങി കൂടിയ സിനിമയാണ്. അങ്ങനെ ഒരു സിനിമ ചെയ്യണമെന്ന് ഒരു രീതിയിലും ചിന്തിച്ചില്ല. മാസ് ആക്ഷന്‍ സിനിമകളാണ് ചെയ്തുകൊണ്ടിരുന്നത്.

പിന്നെ കൊവിഡ് വന്നു ആകെ സ്റ്റക്കായി. ഒരു വലിയ സിനിമക്കായാണ് പ്ലാന്‍ ചെയ്തിരുന്നത്. അതിന്റെ ലൊക്കേഷന്‍ കാണലും മറ്റ് പരിപാടികളും നടന്നുകൊണ്ടിരിക്കുമ്പോഴാണ് ആദ്യത്തെ ലോക്ഡൗണ്‍ വരുന്നത്. വലിയ ബജറ്റില്‍, വലിയ ക്യാന്‍വാസില്‍, മീഡിയ ഒക്കെ ആയി ബന്ധപ്പെട്ട് പൊലീസും ലാത്തിചാര്‍ജുമൊക്കെ ഉള്ള സിനിമ ആയിരുന്നു അത്. എന്നാല്‍ കൊവിഡ് വന്ന് മുന്നോട്ട് പോകാന്‍ പറ്റാത്ത സമയത്ത് ഗോകുലത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണ മൂര്‍ത്തി ചേട്ടന്‍ ഇങ്ങനെ ഒരു ആശയവുമായി വരുന്നു. പിന്നെ നമുക്കും ജീവിക്കണമല്ലോ. അങ്ങനെ വന്നപ്പോള്‍ കന്നഡ സിനിമ റീമേക്ക് ചെയ്യാമെന്ന് തീരുമാനിച്ചു.

ഒ.ടി.ടി റിലീസ് എന്ന നിലയിലാണ് അന്ന് പ്ലാന്‍ ചെയ്തിരുന്നത്. ഒ.ടി.ടിക്കായി കുറെ സ്ഥലത്ത് അപ്രോച്ച് ചെയ്തിരുന്നു. അതിന് കുറെ പ്രോസസുകളുണ്ട്. ഈ പ്രോസസിനിടിയിലാണ് തിയേറ്ററില്‍ ഇറങ്ങിയിട്ടേ ഒടി.ടിയില്‍ എടുക്കുകയുള്ളൂ എന്ന സ്ഥിതിവിശേഷം വന്നത്. ഒ.ടി.ടിയില്‍ വന്നാല്‍ മാറ്റം വരുമെന്നല്ല. തിയേറ്ററില്‍ ഇറങ്ങുമ്പോള്‍ തിയേറ്ററില്‍ ഇറങ്ങി പരാജയപ്പെട്ട സിനിമ എന്ന് ആളുകള്‍ പറയും,’ അജയ് വാസുദേവ് പറഞ്ഞു.

Content Highlight: ajay vasudev about pakalum paathiravum

We use cookies to give you the best possible experience. Learn more