| Friday, 10th March 2023, 10:56 pm

മാസ്റ്റര്‍പീസില്‍ ഉണ്ണി മുകുന്ദന്റെ കാര്യത്തില്‍ ഒരു അബദ്ധം പറ്റി; ഇപ്പോള്‍ അതൊക്കെ ഞാന്‍ ശ്രദ്ധിക്കാറുണ്ട്: അജയ് വാസുദേവ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്ത ചിത്രമായിരുന്നു മാസ്റ്റര്‍പീസ്. കോളേജ് പശ്ചാത്തലത്തില്‍ കഥപറഞ്ഞ സിനിമക്കെതിരെ വലിയ രീതിയിള്ള വിമര്‍ശനങ്ങളും ട്രോളുകളുമൊക്കെ ഉയര്‍ന്നിരുന്നു. ചിത്രത്തിന്റെ കഥയും പല സീനുകളും ഇന്നും ട്രോള്‍ പേജുകളില്‍ നിറഞ്ഞ് നില്‍ക്കുന്നുണ്ട്.

സിനിമയില്‍ വില്ലന്മാരായെത്തുന്നത് ഉണ്ണി മുകുന്ദനും കലാഭവന്‍ ഷാജോണുമായിരുന്നു. ഇരുവരും പൊലീസ് കഥാപാത്രങ്ങളിലാണ് സിനിമയില്‍ അഭിനിക്കുന്നത്. അവര്‍ ചെയ്ത കൊലപാതകം അന്വേഷിക്കുന്നതും അവര്‍ തന്നെയാണ്. ഷാജോണും ഉണ്ണി മുകുന്ദനും മാത്രമുള്ള സീനുകളിലും ഇരുവരും പ്രതി ആരാണെന്ന് സീരിയസായി ചര്‍ച്ച ചെയ്യുന്നുണ്ട്.

ആ സീനുകള്‍ വലിയ ട്രോളാവുകയും ചെയ്തിരുന്നു. ആ സീനിനെ കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയാണ് സംവിധായകന്‍ അജയ് വാസുദേവ്. ആ സീന്‍ തങ്ങള്‍ക്ക് പറ്റിയ ഒരു അബദ്ധമായിരുന്നു എന്നും അവരുടെ സംസാരത്തിനിടയില്‍ രണ്ട് ഓഫീസേഴ്‌സ് കൂടി വേണമായിരുന്നു എന്നും അജയ് പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘മാസ്റ്റര്‍പീസില്‍ ഉണ്ണി മുകുന്ദനാണല്ലോ വില്ലന്‍. അതുകൊണ്ട് തന്നെ അക്കാര്യം പ്രേക്ഷകര്‍ക്ക് ഒരിക്കലും മനസിലാകരുത് എന്ന് കരുതിയിട്ടാണ് അത്തരം സീനുകള്‍ നമ്മള്‍ ഉള്‍പ്പെടുത്തിയത്. പക്ഷെ അക്കാര്യത്തില്‍ നമുക്കൊരു അബദ്ധം പറ്റിയിരുന്നു. ഉണ്ണിയും ഷാജോണും സംസാരിക്കുന്നതിന്റെ ഇടയില്‍ രണ്ട് ഓഫീസേഴ്‌സിനെയും കൂടെ ഇടണമായിരുന്നു. പക്ഷെ നമ്മള്‍ അത് ചെയ്തില്ല.

ശരിക്കും പറഞ്ഞാല്‍ അന്നത് ശ്രദ്ധിച്ചിരുന്നില്ല. ഇപ്പോള്‍ അങ്ങനത്തെ ഏരിയയൊക്കെ സിനിമയില്‍ വരുമ്പോള്‍ ഏറ്റവും കൂടുതല്‍ നോക്കുന്ന കാര്യം അതാണ്. രണ്ട് കഥാപാത്രങ്ങള്‍ തമ്മില്‍ സംസാരിക്കുമ്പോള്‍ ഇവരെന്തിനാണ് സംസാരിക്കുന്നത്.ഇവര്‍ക്ക് അറിയാമല്ലോ കാര്യങ്ങള്‍ പിന്നെന്തിനാണ് ഇങ്ങനെ സംസാരിക്കുന്നത് പോലെയുള്ള കാര്യങ്ങളൊക്കെ ചിന്തിക്കുന്നുണ്ട്. ആ സിനിമയില്‍ നിന്നും എനിക്ക് കിട്ടിയ വലിയൊരു പാഠമാണത്,’ അജയ് വാസുദേവ് പറഞ്ഞു.

content highlight: ajay vasudev about masterpiece movie

We use cookies to give you the best possible experience. Learn more