| Friday, 16th June 2023, 12:23 pm

അങ്കമാലിയിലെ പാട്ട് വെക്കാന്‍ പറഞ്ഞു, പാട്ട് കേട്ടതും മമ്മൂക്ക ഡാന്‍സ് തുടങ്ങി: അജയ് വാസുദേവ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകന്‍ എന്നതിന് പുറമേ വലിയ മമ്മൂട്ടി ആരാധകന്‍ എന്ന നിലയിലും അജയ് വാസുദേവ് സിനിമ ഇന്‍ഡസ്ട്രിയില്‍ പ്രസിദ്ധനാണ്. മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ഷൈലോക്ക് എന്ന ചിത്രത്തിലെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് അജയ് വാസുദേവ്.

ചിത്രത്തിലെ ടിക്ക്‌ടോക്ക് സീന്‍ ആദ്യം ഫോട്ടോ എടുക്കുന്ന രീതിയിലാണ് ചിത്രീകരിക്കാന്‍ ഉദ്ദേശിച്ചതെന്നും പിന്നീട് ആ തീരുമാനം മാറ്റിയതാണെന്നും അജയ് പറഞ്ഞു. അങ്കമാലി ഡയറീസിലെ പാട്ട് വെക്കാമെന്ന് നിര്‍ദേശിച്ചത് മമ്മൂട്ടിയാണെന്നും പാട്ട് ഓണാക്കിയപ്പോള്‍ അദ്ദേഹം ഡാന്‍സ് കളിക്കാന്‍ തുടങ്ങിയെന്നും സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ അജയ് പറഞ്ഞു.

‘ശരിക്കും ആ സീനില്‍ ഫോട്ടോ എടുക്കാനാണ് ഉദ്ദേശിച്ചത്. അത് പിന്നെ ടിക്ടോക്കിലേക്ക് മാറ്റിയതാണ്. അങ്കമാലി ഡയറീസിലെ പാട്ട് വെക്കാന്‍ സജസ്റ്റ് ചെയ്തതും മമ്മൂക്കയാണ്. അത് രസമായിരുന്നു. ലൊക്കേഷനില്‍ അത് ഷൂട്ട് ചെയ്യുകയാണ്. പാട്ട് ഓണ്‍ ചെയ്തതും മമ്മൂക്ക ഡാന്‍സ് ചെയ്യുകയാണ്,’ അജയ് പറഞ്ഞു.

മലയാളത്തിലും മറ്റ് ഭാഷകളിലും ശ്രദ്ധിക്കപ്പെടുന്ന സിനിമകളെല്ലാം മമ്മൂട്ടി കാണുമെന്നും പുതുമുഖ സംവിധായകര്‍ക്കും അദ്ദേഹത്തോട് കഥ പറയാന്‍ അവസരമുണ്ടെന്നും അജയ് പറഞ്ഞു.

‘മമ്മൂക്ക മലയാളത്തില്‍ മാത്രമല്ല, ഏത് ഭാഷയില്‍ ഇറങ്ങുന്നതും ശ്രദ്ധിക്കപ്പെടുന്നതുമായ സിനിമകള്‍ പുള്ളി കാണും. മമ്മൂക്കയുടെ വീട്ടില്‍ തിയേറ്റര്‍ ഉണ്ട്. ഹിറ്റായ സിനിമകള്‍ അടുത്ത ദിവസം മുതല്‍ അവിടുത്തെ തിയേറ്ററിലെത്തുകയും പുള്ളി അത് കാണുകയും ചെയ്യും.

മമ്മൂക്കയോട് കഥ പറയുക എന്നത് വലിയ ബുദ്ധിമുട്ടാണ്. കാരണം ഒരുപാട് ആളുകളാണ് കഥ പറയാന്‍ നില്‍ക്കുന്നത്. അദ്ദേഹത്തിന്റെ ഒരുപാട് സിനിമകളില്‍ ഞാന്‍ അസിസ്റ്റന്റായും അസോസിയേറ്റായും വര്‍ക്ക് ചെയ്തിട്ടുണ്ട്. അതാണ് എനിക്ക് കിട്ടിയ പ്രയോരിറ്റി. ആ പരിചയമുണ്ട്. അങ്ങനെയാണ് എത്തിപ്പെടുന്നത്. പക്ഷേ ഇപ്പോള്‍ അങ്ങനെയല്ല. കൂടെ വര്‍ക്ക് ചെയ്യാത്തവര്‍ക്കും അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ക്കും അസോസിയേറ്റ് ഡയറക്ടര്‍മാര്‍ക്കും മമ്മൂട്ടി ഇപ്പോള്‍ ഡേറ്റ് കൊടുക്കുന്നുണ്ട്,’ അജയ് വാസുദേവ് പറഞ്ഞു.

Content Highlight: ajay vasudev about mammootty and shylock movie

We use cookies to give you the best possible experience. Learn more