കോഴിക്കോട്: സന്നിധാനത്ത് രക്തം വീഴ്ത്താനായിരുന്നു പദ്ധതിയെന്ന് വെളിപ്പെടുത്തിയ രാഹുല്‍ ഈശ്വറിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍. രാഹുല്‍ ഈശ്വറിനെതിരെ കേസെടുക്കാന്‍ ഈ സര്‍ക്കാരിന് കഴിയില്ല എന്നും അജയ് തറയില്‍ പറഞ്ഞു.
മാതൃഭൂമി ന്യൂസ് ചാനലില്‍ നടത്തിയ ചര്‍ച്ചയ്ക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
“കടകംപള്ളി സുരേന്ദ്രന്‍ പറയുന്നു രാഹുല്‍ ഈശ്വറിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്ന്. അദ്ദേഹം ഒരു മന്ത്രിയല്ലേ. രാജ്യദ്രോഹക്കുറ്റം ചുമത്താനുള്ള വകുപ്പെന്താണെന്ന് അദ്ദേഹത്തിനറിയില്ലേ. രാഹുല്‍ ഈശ്വറിന്റെ ഒരു രോമത്തില്‍ തൊടാന്‍ ഈ സര്‍ക്കാരിന് പറ്റില്ല. അതിന് ഇവിടുത്തെ ഭക്തസമൂഹം സമ്മതിക്കില്ല.”
നേരത്തെ ബി.ജെ.പി, രാഹുല്‍ ഈശ്വറിനെതിരെ രംഗത്ത് വന്നിരുന്നു. ഇതിനിടെയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഈശ്വറിനെ പിന്തുണച്ച് രംഗത്ത് വന്നത്. ചര്‍ച്ചയിലുടനീളം രാഹുലിനെയും സന്നിധാനത്തും നിലയ്ക്കലും അക്രമം നടത്തിയവരെയും പിന്തുണയ്ക്കുന്ന നിലപാടായിരുന്നു അദ്ദേഹം സ്വീകരിച്ചത്.
ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ രക്തംവീഴ്ത്തി അശുദ്ധമാക്കാന്‍ 20 ആളെ നിര്‍ത്തിയ രാഹുല്‍ ഈശ്വറിനെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നായിരുന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള പറഞ്ഞത്. ബി.ജെ.പിയേയും അധിക്ഷേപിക്കുന്നയാളാണ് രാഹുലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
“ശബരിമല സന്നിധി രക്തംവീണോ മൂത്രം വീണോ അശുദ്ധമായാല്‍ മൂന്നുദിവസം നട അടച്ചിടുന്നതിന് ആരുടെയും അനുവാദം ആവശ്യമില്ല. യുവതികള്‍ പ്രവേശിച്ചാല്‍ കയ്യില്‍ സ്വയം മുറിവേല്‍പ്പിച്ച് രക്തം വീഴ്ത്താനായിരുന്നു പദ്ധതി”. എന്നായിരുന്നു കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തിലൂടെ രാഹുല്‍ വെളിപ്പെടുത്തിയത്.
ALSO READ: നിങ്ങളുടെ ഭീഷണി കണ്ട് ചൂളിപ്പോകുന്ന സര്‍ക്കാരല്ല ഇത്; ആര്‍.എസ്.എസിനെതിരെ മുഖ്യമന്ത്രി
രാഹുല്‍ ഈശ്വര്‍ നടത്തിയത് രാജ്യദ്രോഹ പ്രവര്‍ത്തനമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ശബരിമലയില്‍ ചോര ഒഴുക്കാന്‍ 20 പേരെ നിര്‍ത്തിയെന്ന് അദ്ദേഹം പറഞ്ഞു. വൈകൃതമായ മനസാണ് അദ്ദേഹത്തിന്. എന്തിനാണ് കോപ്പുകൂട്ടിയതെന്ന് വഞ്ചിക്കപ്പെട്ട വിശ്വാസികളോട് രാഹുല്‍ ഈശ്വര്‍ വിശദീകരണമെന്നും കടകംപള്ളി പറഞ്ഞു.
രാഹുല്‍ ഈശ്വറും സംഘവും നടത്തിയത് രാജ്യദ്രോഹ പ്രവര്‍ത്തനം തന്നെയാണ്. രാഹുല്‍ ഈശ്വറിനെപ്പോലുള്ളവര്‍ക്ക് നില്‍ക്കാനുള്ള ഇടമല്ല ശബരിമല. ഭക്തര്‍ക്ക് മാത്രമായ ഇടമാണ് അവിടം. അവര്‍ അവിടെ വരികയും തൊഴുത് തിരിച്ച് പോകുകയും വേണം. ഇത്തരം കാര്യങ്ങള്‍ സര്‍ക്കാര്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും കടകംപള്ളി പറഞ്ഞു.
WATCH THIS VIDEO: