| Monday, 9th November 2015, 8:37 am

അഴിമതിക്കെതിരായ ജനവികാരമാണ് യു.ഡി.എഫിന്റെ തോല്‍വി: അജയ് തറയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അഴിമതിക്കെതിരായ ജനവികാരമാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനേറ്റ പരാജയമെന്ന് കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍. അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ ശക്തമായ നിലപാടെടുക്കുന്നതില്‍ യു.ഡി.എഫ് പരാജയപ്പെട്ടു. ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴൊക്കെ ഭരണസ്വാധീനം ഉപയോഗിച്ച് മുന്നോട്ട് പോവുകയാണ് യു.ഡി.എഫ് ചെയ്തതെന്നും അജയ്തറയില്‍ കുറ്റപ്പെടുത്തി.

ജനകീയ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കാനോ വര്‍ഗ്ഗീയതയ്‌ക്കെതിരെ നിലപാടെടുക്കാനോ യു.ഡി.എഫിനായില്ല. ഭരണവിരുദ്ധ വികാരവും യു.ഡി.എഫിന്റെ പരാജയത്തിന് കാരണമായിട്ടുണ്ടെന്നും അജയ് തറയില്‍ കൂട്ടിച്ചേര്‍ത്തു.

കനത്ത തിരിച്ചടിയാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഉണ്ടായത്. എല്‍.ഡി.എഫ് മുന്നിട്ട് നിന്നപ്പോള്‍ പലയിടങ്ങളിലും ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തുകയും യു.ഡി.എഫ് പിന്തള്ളപ്പെടുകയുമാണ് ചെയ്തത്. ബാര്‍ കോഴയുള്‍പ്പടെയുള്ള അഴിമതി ആരോപണങ്ങളില്‍ യു.ഡി.എഫ് നിലപാട് തിരിച്ചടിയായിട്ടുണ്ടെന്ന് വിവിധയിടങ്ങളില്‍ നിന്നും വിമര്‍ശനമുയരുന്നുണ്ട്.

എന്നാല്‍ ബാര്‍കോഴ വിഷയം തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടില്ലെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ വിശദീകരണം. അതേസമയം തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടി, സര്‍ക്കാര്‍, മുന്നണി തലങ്ങളില്‍ തിരുത്തലുകളുണ്ടാവാനാണ് സാധ്യത.

We use cookies to give you the best possible experience. Learn more