| Friday, 16th January 2015, 9:17 am

സണ്‍ ഗ്രൂപ്പില്‍ നിന്നും സ്‌പൈസ് ജെറ്റിനെ സഹസ്ഥാപകന്‍ ഏറ്റെടുക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സ്‌പൈസ് ജെറ്റ് ലിമിറ്റഡിന്റെ സഹസ്ഥാപകന്‍ സ്ഥാപനം ഏറ്റെടുക്കാമെന്നു സമ്മതിച്ചു. തകര്‍ച്ചയിലേക്കു കൂപ്പുകുത്തി നില്‍ക്കുന്ന സ്‌പൈസ് ജെറ്റിനു ഏറെ പ്രതീക്ഷ നല്‍കുന്ന റിപ്പോര്‍ട്ടാണിത്.

2005ല്‍ സ്‌പൈസ് ജെറ്റ് സ്ഥാപിക്കാന്‍ സഹായിച്ച അജയ് സിങ്ങാണ് എയര്‍ലൈനിനെ രക്ഷിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നത്. സ്‌പൈസ് ജെറ്റിനെ രക്ഷിക്കാനുള്ള പദ്ധതികള്‍ ഈ മാസം അവസാനം അജയ് സിങ് സമര്‍പ്പിക്കും.

കലാനിധി മാരന്റെ സണ്‍ ഗ്രൂപ്പിനാണ് സ്‌പൈസ് ജെറ്റിന്റെ ഉടമസ്ഥതയുള്ളത്. അദ്ദേഹത്തില്‍ നിന്നും ഉടമസ്ഥതയും മാനേജ്‌മെന്റും ഏറ്റെടുക്കുമെന്നാണ് അജയ് സിങ് അറിയിച്ചിരിക്കുന്നത്.

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം സ്‌പൈസ് ജെറ്റ് പല ബില്ലുകളും അടയ്ക്കാന്‍ ബുദ്ധിമുട്ടുകയാണ്. ഈ സാഹചര്യത്തിലാണ് കമ്പനിയെ ഏറ്റെടുക്കാന്‍ അജയ് സിങ് രംഗത്തെത്തിയിരിക്കുന്നത്.

1,500 കോടി രൂപയാണ് അജയ് സിങ് സ്‌പൈസ് ജെറ്റിനുവേണ്ടി നിക്ഷേപിക്കുകയെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം പറയുന്നു. പുതിയ ഉടമയെ മന്ത്രാലയം വരുംദിവസങ്ങളില്‍ അംഗീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

We use cookies to give you the best possible experience. Learn more