| Thursday, 25th April 2019, 1:19 pm

പ്രിയങ്ക ഇല്ല, വാരാണസിയില്‍ മോദിക്കെതിരെ അജയ് റായ് തന്നെ മത്സരിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങള്‍ക്ക് വിരാമം. വാരാണസിയില്‍ കോണ്‍ഗ്രസിന്റെ 2014ലെ സ്ഥാനാര്‍ഥിയായിരുന്നു അജയ് റായിയെ തന്നെയാണ് ഈ വര്‍ഷവും മോദിക്കെതിരെ മത്സരിപ്പിക്കുന്നത്. 2014ല്‍ മോദിക്കും ആം ആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാളിനും പിന്നില്‍ മൂന്നാമതായിരുന്നു അജയ്.

2014ല്‍ മോദി 5.81 ലക്ഷം വോട്ടുകള്‍ വാരാണസിയില്‍ നിന്നും നേടിയപ്പോള്‍ അജയ്ക്ക് നേടാനായത് വെറും 75,614 വോട്ടുകളായിരുന്നു. അഞ്ചു തവണ എം.എല്‍.എ ആയ അജയ് ഭൂമിഹാര്‍ വിഭാഗത്തില്‍ പെട്ട വ്യക്തിയാണ്. ബ്രാഹ്മണ്‍, ഭൂമിഹാര്‍ വോട്ടുകള്‍ അജയ്ക്ക് ലഭിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.

ബി.ജെ.പി വിദ്യാര്‍ത്ഥി സംഘടനയില്‍ നിന്നായിരുന്നു അജയുടെ രാഷ്ട്രീയ ജീവിതം തുടങ്ങിയതെന്നും ശ്രദ്ധേയമാണ്. യു.പിയിലെ കൊലാസ്ല മണ്ഡലത്തില്‍ നിന്നും 1996 മുതല്‍ 2007 വരെ തുടര്‍ച്ചയായി ബി.ജെ.പി ടിക്കറ്റില്‍ നിയമസഭയില്‍ എത്തിയ വ്യക്തി കൂടിയായിരുന്നു അജയ്. 2007ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാത്തതില്‍ പ്രതിഷേധിച്ചാണ് അജയ് പാര്‍ട്ടി വിട്ട് എസ്.പിയിലെത്തുന്നത്. പിന്നീട് കോണ്‍ഗ്രസിലേക്ക് ചേക്കേറുകയായിരുന്നു.

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മോദിക്കെതിരെ മത്സരിക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇത് സംബന്ധിച്ച് പ്രിയങ്ക തന്നെ സൂചനകള്‍ നല്‍കിയിരുന്നു. രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടാല്‍ വരാണസിയില്‍ നിന്നും താന്‍ മത്സരിക്കുമെന്ന് പ്രിയങ്ക കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഗോരഖ്പൂര്‍ മണ്ഡലത്തില്‍ നിന്നും മദുസൂദനന്‍ തിവാരി മത്സരിക്കുമെന്നും കോണ്‍ഗ്രസ് അറിയിച്ചു. തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടമായ മേയ് 19നാണ് വാരാണസിയില്‍ തെരഞ്ഞെടുപ്പ്. മെയ് 23നാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തു വരിക.

We use cookies to give you the best possible experience. Learn more