മകന്‍ സ്ഥലത്തുണ്ടായിരുന്നെങ്കില്‍ കൊല്ലപ്പെട്ടേനെ; കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മകനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി
national news
മകന്‍ സ്ഥലത്തുണ്ടായിരുന്നെങ്കില്‍ കൊല്ലപ്പെട്ടേനെ; കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മകനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th October 2021, 3:10 pm

ലഖ്‌നൗ: ലഖിംപൂരില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മകനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി അജയ് മിശ്ര. ലഖിംപൂര്‍ സംഭവം എങ്ങനെയുണ്ടായെന്ന അറിയില്ലെന്നും ഡ്രൈവറെ കൊലപ്പെടുത്തുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണെന്നും മന്ത്രി പറഞ്ഞു.

തന്റെ മകന്‍ സ്ഥലത്തുണ്ടായിരുന്നെങ്കില്‍ കൊല്ലപ്പെട്ടേനെയുന്നും തങ്ങള്‍ രണ്ടുപേരും സ്ഥലത്ത് ഉണ്ടായിരുന്നില്ല എന്നതിന് തെളിവുണ്ടെന്നും അജയ് മിശ്ര പറയുന്നു.

കാര്‍ഷികനിയമങ്ങള്‍ക്കെതിരെ നടന്ന കര്‍ഷകരുടെ പ്രതിഷേധത്തിനിടയിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. നാല് കര്‍ഷകരുള്‍പ്പെടെ എട്ടുപേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.

സംഭവത്തില്‍ ആശിഷ് മിശ്രയടക്കം 14 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന, കലാപമുണ്ടാക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം, കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തിപ്പെടുന്നതിനിടെ കര്‍ഷകരെ ഇടിച്ചുത്തെറിപ്പിച്ച് കടന്നുപോകുന്ന വാഹനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.

സമാധാനപരമായി പ്രതിഷേധിച്ച് നടന്നുപോകുന്ന കര്‍ഷകരെ ഇടിച്ചുതെറിപ്പിച്ച് കടന്നുപോകുന്ന എസ്.യു.വിയുടെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഈ ദൃശ്യങ്ങള്‍ ലഖിംപൂരിലെ കര്‍ഷ കൊല്ലപ്പെടാനിടയായ സംഭവത്തിന്റെ വീഡിയോ ആണോ എന്നത് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

ആരാണ് വണ്ടി ഓടിക്കുന്നതെന്നും വീഡിയോയില്‍ വ്യക്തമല്ല. 25 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണിത്.

സമരം ചെയ്തിരുന്ന കര്‍ഷകര്‍ക്ക് നേരെ എസ്.യു.വി പാഞ്ഞടുക്കുന്നതും അവരെ ഇടിച്ചിട്ട് പോകുന്നതും ദൃശ്യത്തിലുണ്ട്. ഇതിന് പിറകേയായി സൈറണ്‍ മുഴക്കി മറ്റൊരു വാഹനവും കടന്നുപോകുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

 

 

Content HIghlights: Ajay Mishra about Lakhimpur incident