| Thursday, 30th September 2021, 8:47 am

ഒന്നുമറിയാതിരുന്ന നിങ്ങളെയൊക്കെ പിടിച്ച് മന്ത്രിയാക്കിയത് സോണിയയാണെന്ന് മറക്കരുത്; കപില്‍ സിബലിനെതിരെ അജയ് മാക്കന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിനെതിരെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി അജയ് മാക്കന്‍. ഹൈക്കമാന്റിനും സോണിയ ഗാന്ധിയ്ക്കുമെതിരായ സിബലിന്റെ പ്രതികരണം ശരിയായില്ലെന്ന് മാക്കന്‍ പറഞ്ഞു.

ഭരണതലത്തില്‍ ഒരു മുന്‍പരിചയവുമില്ലാത്ത കപില്‍ സിബലിനെ കേന്ദ്രമന്ത്രിയാക്കിയത് സോണിയയാണെന്നത് മറക്കരുതെന്ന് മാക്കന്‍ പറഞ്ഞു.

‘ നിങ്ങളെയൊക്കെ നാലാളുകള്‍ തിരിച്ചറിയാന്‍ കാരണമായ സംഘടനയെ താഴ്ത്തിക്കെട്ടരുത്. സംഘടനാപരമായോ ഭരണതലത്തിലോ ഒരു പരിചയവുമില്ലാത്ത നിങ്ങള്‍ക്ക് മന്ത്രിസ്ഥാനം നല്‍കിയത് സോണിയാജിയാണ്,’ അജയ് മാക്കന്‍ കൂട്ടിച്ചേര്‍ത്തു.

പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയായിരുന്ന അമരീന്ദര്‍ സിംഗ്, പി.സി.സി അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദു തുടങ്ങിയവരുടെ രാജിയും വി.എം. സുധീരന്‍ ഉയര്‍ത്തിയ പ്രശ്നങ്ങളും മുന്‍നിര്‍ത്തിയാണ് കപില്‍ സിബല്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നത്.

പാര്‍ട്ടിയുടെ നിലവിലെ സ്ഥിതിയില്‍ വളരെയധികം ദുഖിതനാണെന്നും രാജ്യം കടുത്ത വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇങ്ങനെ ഓരോരുത്തരായി പാര്‍ട്ടി വിട്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘പാര്‍ട്ടി ഈ നിലയിലെത്തിയതില്‍ ദുഖിതനാണ്. രാജ്യം വെല്ലുവിളി നേരിടുമ്പോള്‍ പാര്‍ട്ടി ഈ സ്ഥിതിയിലെത്തിയത് എന്തുകൊണ്ടാണ്. പാര്‍ട്ടി വിട്ട് ഓരോരുത്തരായി പോകുന്നു. വി.എം. സുധീരന്‍ പാര്‍ട്ടി പദവികള്‍ രാജിവച്ചു. എന്തുകൊണ്ട് ഈ സ്ഥിതിയെന്ന് അറിയില്ല,’ സിബല്‍ പറഞ്ഞു.

അടിയന്തരമായി പ്രവര്‍ത്തക സമിതി ചേരണം. പാര്‍ട്ടിക്ക് കുറെ നാളായി പ്രസിഡന്റില്ല. കോണ്‍ഗ്രസ് വിട്ടവരെ ഉടന്‍ തിരിച്ചു കൊണ്ടുവരണം. തുറന്ന ചര്‍ച്ച പാര്‍ട്ടിയില്‍ വേണമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം പാര്‍ട്ടിയില്‍ പുതിയ നേതൃത്വം വേണമെന്ന് ആവശ്യപ്പെട്ട് സിബല്‍ അടക്കമുള്ള നേതാക്കള്‍ ഇടക്കാല പ്രസിഡന്റ് സോണിയാ ഗാന്ധിക്ക് കത്തെഴുതിയിരുന്നു. ഇവരുടെയടക്കം അഭിപ്രായമാണ് വാര്‍ത്താസമ്മേളനം വിളിച്ച് താന്‍ പങ്കുവെക്കുന്നതെന്നും കപില്‍ സിബല്‍ പറഞ്ഞു.

‘കോണ്‍ഗ്രസിന് അധ്യക്ഷനും തെരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തക സമിതിയുമാണ് ഉടനടി ഉണ്ടാവേണ്ടത്. നിലവിലുള്ള സ്ഥിതിഗതികള്‍ പാകിസ്ഥാനെ സഹായിക്കുക മാത്രമേ ചെയ്യുകയുള്ളു.

പറയുന്ന കാര്യങ്ങള്‍ അവഗണിച്ച് തള്ളാതെ കേള്‍ക്കാനുള്ള സന്‍മനസ്സ് നേതൃത്വം കാണിക്കണമെന്നും തുറന്ന സംവാദങ്ങള്‍ക്ക് കോണ്‍ഗ്രസ് തയ്യാറാകണം,’ അദ്ദേഹം പറഞ്ഞു.

പഞ്ചാബില്‍ കോണ്‍ഗ്രസ് കടുത്ത പ്രതിസന്ധി നേരിടുകയാണ്. മുഖ്യമന്ത്രിയായിരുന്ന ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗും പി.സി.സി പ്രസിഡന്റ് നവജ്യോത് സിംഗ് സിദ്ദുവും തമ്മിലുള്ള തര്‍ക്കം ഒടുവില്‍ ഇരുവരുടെയും രാജിയിലാണ് അവസാനിച്ചത്.

അടുത്ത വര്‍ഷമാണ് പഞ്ചാബില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്നാണ് കപില്‍ സിബല്‍ അടക്കമുള്ള നേതാക്കള്‍ ആവശ്യപ്പെടുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Ajay Maken slams Kapil Sibal, says he should know Sonia Gandhi made him cabinet minister

We use cookies to give you the best possible experience. Learn more