ജയ്പൂര്‍: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധികള്‍ പരിഹരിക്കാനൊരുങ്ങി സോണിയാഗാന്ധി. രാജസ്ഥാനിലെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും അവിനാശ് പാണ്ഡേയെമാറ്റി അജയ്മാക്കനെ നിയോഗിച്ചു.
സച്ചിന്‍ പൈലറ്റിന്റെ ആവശ്യപ്രകാരമാണ് തീരുമാനം. അവിനാശ് പാണ്ഡേ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ പക്ഷത്താണെന്നും തങ്ങളുടെ ഭാഗം കൃത്യമായി കേള്‍ക്കാന്‍ തയ്യാറാകുന്നില്ലെന്നും പൈലറ്റ് ക്യാംപ് ആരോപിച്ചിരുന്നു.
സച്ചിന്‍പൈലറ്റുമായുള്ള രാഷ്ട്രീയ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സോണിയാ ഗാന്ധി മൂന്നംഗ സമിതിയെയും നിയോഗിച്ചിട്ടുണ്ട്. അഹമ്മദ് പട്ടേല്‍, കെസി വേണുഗോപാല്‍, അജയ്മാക്കന്‍ എന്നിവരാണ് സമിതിയംഗങ്ങള്‍.
പുതിയ തീരുമാനങ്ങളിലൂടെ ഗെലോട്ടുമായുള്ള പൈലറ്റ് ക്യാംപിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് കരുതുന്നത്.
അതേസമയം തന്നെ പുതിയ ചുമതല ഏല്‍പ്പിച്ചതില്‍ നന്ദിയറിയിച്ച് അജയ്മാക്കന്‍ ട്വീറ്റ് ചെയ്തു.
‘എന്നില്‍ വിശ്വാസമര്‍പ്പിക്കുന്നതില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയോടും രാഹുല്‍ ഗാന്ധിയോടും എനിക്ക് അത്യധികം നന്ദിയുണ്ട്. രാജസ്ഥാന്‍ കോണ്‍ഗ്രസിനെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി പരിശ്രമിച്ച്‌കൊണ്ടേയിരിക്കും,’ അജയ്മാക്കന്‍ ട്വീറ്റ് ചെയ്തു.
അവിനാശ് പാണ്ഡേയുടെ സേവനത്തിനും സംഭാവനയ്ക്കും അജയ്മാക്കന്‍ നന്ദി പറയുകയും ചെയ്തു.
Extremely grateful to the Hon’ble Congress President Smt. Sonia Gandhi and Sh. @RahulGandhi for reposing faith in me.
Will leave no stone unturned to further strengthen the Congress Party in Rajasthan.
Also thank my colleague @avinashpandeinc ji for his services & contribution.