| Wednesday, 16th November 2022, 3:34 pm

'ഖാര്‍ഗെക്കുള്ള വെല്ലുവിളി തുടങ്ങി'; രാജസ്ഥാനില്‍ എ.ഐ.സി.സി ചുമതലയില്‍ നിന്ന് രാജിവെച്ച് അജയ് മാക്കന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജസ്ഥാന്‍ കോണ്‍ഗ്രസിന്റെ ചുമതലയില്‍ നിന്നും രാജിവെച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍. എ.ഐ.സി.സി നല്‍കിയ രാജസ്ഥാന്റെ ചുമതലയില്‍ നിന്നാണ് അജയ് മാക്കന്‍ രാജി വെച്ചത്.

സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞുകൊണ്ട് നവംബര്‍ എട്ടിന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന് ഖാര്‍ഗെക്ക് മാക്കന്‍ കത്തയച്ചിരുന്നെന്നാണ് വിവിധ സ്രോതസുകളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

രാജസ്ഥാനില്‍ സമാന്തരമായി കോണ്‍ഗ്രസ് ലെജിസ്ലേചര്‍ പാര്‍ട്ടി (Congress Legislature Party) യോഗം ചേര്‍ന്ന പാര്‍ലമെന്ററി കാര്യ മന്ത്രി ശാന്തി ധരിവാള്‍ (Shanti Dhariwal), പാര്‍ട്ടി ചീഫ് വിപ്പ് മഹേഷ് ജോഷി (Mahesh Joshi), രാജസ്ഥാന്‍ ടൂറിസം ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ചെയര്‍മാന്‍ ധര്‍മേന്ദ്ര റാത്തോര്‍ (Dharmendra Rathore) എന്നിവര്‍ക്കെതിരെ എ.ഐ.സി.സി യാതൊരുവിധ അച്ചടക്ക നടപടിയും സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് അജയ് മാക്കന്റെ രാജിയെന്നാണ് സൂചന.

മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ ഏറ്റവുമടുത്ത ആളുകളാണ് ശാന്തി ധരിവാളും മഹേഷ് ജോഷിയും ധര്‍മേന്ദ്ര റാത്തോറും.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 25നായിരുന്നു രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പൂരില്‍ ശാന്തി ധരിവാള്‍, മഹേഷ് ജോഷി, ധര്‍മേന്ദ്ര റാത്തോര്‍ എന്നിവരുടെ നേതൃത്വത്തില്‍ സമാന്തരമായി കോണ്‍ഗ്രസ് ലെജിസ്ലേചര്‍ പാര്‍ട്ടി യോഗം ചേര്‍ന്നത്.

ഇവര്‍ക്ക് നേതൃത്വം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും പിന്നീട് നടപടിയൊന്നുമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് രാജസ്ഥാന്റെ നേതൃസ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലെന്ന് കാണിച്ച് അജയ് മാക്കന്‍ ഖാര്‍ഗെക്ക് കത്തയച്ചത്.

അതേസമയം, രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര രാജസ്ഥാനിലെത്താന്‍ രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെയാണ് അജയ് മാക്കന്റെ രാജിയും കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളിലെ അസ്വാരസ്യങ്ങളും പുറത്തുവരുന്നതെന്നതും ശ്രദ്ധേയമാണ്.

രാജസ്ഥാന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായിരുന്നു അജയ് മാക്കന്‍.

മല്ലികാര്‍ജുന്‍ ഖാര്‍ഗെ തെരഞ്ഞെടുക്കപ്പെട്ട ശേഷം അദ്ദേഹത്തിന് മുന്നിലുള്ള അദ്യത്തെ വെല്ലുവിളിയായാണ് അജയ് മാക്കന്റെ രാജി വിലയിരുത്തപ്പെടുന്നത്.

Content Highlight: Ajay Maken quits as AICC’s Rajasthan in-charge, wrote letter to Kharge

We use cookies to give you the best possible experience. Learn more