| Wednesday, 25th September 2019, 4:18 pm

ഉത്തര്‍പ്രദേശില്‍ പുതിയ പാര്‍ട്ടി അധ്യക്ഷന്‍; പ്രിയങ്കയുടെ തീരുമാനത്തില്‍ കോണ്‍ഗ്രസില്‍ അതൃപ്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് അധ്യക്ഷനായി അജയ് കുമാര്‍ ലല്ലുവിനെ ചുമതലപ്പെടുത്തിയേക്കും. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധിയാണ് അജയ് കുമാര്‍ ലല്ലുവിന്റെ പേര് നിര്‍ദേശിച്ചത്. ഔദ്യോഗികമായ പ്രഖ്യാപനം ഉടനുണ്ടായേക്കും.
കിഴക്കന്‍ ഉത്തര്‍പ്രദേശിലെ തംക്കുഹിയിലെ എം.എല്‍.എയാണ് അജയ്കുമാര്‍ ലല്ലു.

എന്നാല്‍ പ്രിയങ്കയുടെ നീക്കത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. പാര്‍ട്ടിയില്‍ പുതിയതായിട്ടുള്ള ഒരാളെ നിയമിക്കുന്നത് ഉചിതമല്ലായെന്നാണ് മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം.

നേതാക്കള്‍ തങ്ങളുടെ അതൃപ്തി പാര്‍ട്ടി ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ടെങ്കിലും പ്രിയങ്ക ഗാന്ധി തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.

തെരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ ഗംഗയാത്രയും സോന്‍ഭദ്ര പ്രക്ഷോഭവും ഉള്‍പ്പെടെ നടത്തിയ നിരവധി പരിപാടികളിലെ ലല്ലുവിന്റെ ഇടപെടലാണ് പ്രിയങ്കയെ ഈ തീരുമാനത്തിലെത്തിച്ചതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

ജാതി അടിസ്ഥാനത്തില്‍ ഭിന്നിച്ചിരിക്കുന്ന സംസ്ഥാനത്ത് ബ്രാഹ്മണ നേതാക്കള്‍ ചുമതലയേറ്റെടുക്കട്ടെയെന്നാണ് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അഭിപ്രായം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രമോദ് തിവാരി, ജിതിന്‍ പ്രസാദ, രാജേഷ് മിശ്ര തുടങ്ങി നിരവധി ബ്രാഹ്മണ നേതാക്കള്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിനുണ്ട്. ഇവര്‍ മൂന്ന് പേരും മുന്‍ എം.പിമാരാണ്.

ഉത്തര്‍പ്രദേശിലെ പാര്‍ട്ടി അധ്യക്ഷന്‍ രാജ് ബബ്ബര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട കടുത്ത പരാജയത്തെതുടര്‍ന്നാണ് രാജി വെച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more