പട്ടികജാതി -വര്‍ഗ്ഗ പീഡന നിരോധന നിയമം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ദുരുപയോഗം ചെയ്യുന്നുവെന്നും, ഉടന്‍ അറസ്റ്റും , മുന്‍കൂര്‍ ജാമ്യം അനുവദിക്കാതിരിക്കുക വഴി വ്യക്തികളുടെ സ്വതന്ത്ര്യത്തെയും സ്വാഭാവികനീതിയും ഹനിക്കുകയും ചെയ്യുന്നു എന്ന നിരീക്ഷണത്തോട് കൂടി സുപ്രീം കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ വ്യാപകമായ പ്രതിഷേധം നടക്കുന്നുണ്ട്. ലോക്‌സഭയിലെയും രാജ്യസഭയിലെയും ദളിതരും ആദിവാസികളുമായ എം.പിമാര്‍ സര്‍ക്കാര്‍ പുനപരിശോധന നല്‍കണമെന്ന് സര്‍ക്കാരിനോട് ആവശ്യപെട്ടിട്ടുണ്ട്. ദേശീയപട്ടികജാതി കമ്മീഷന്‍ ഇതേ ആവശ്യം ഉന്നയിച്ചു പ്രസിഡന്റ് നെ സമീപിച്ചിട്ടുണ്ട് . കൂടാതെ നിരവധി ദളിത് ആദിവാസി സംഘടനകളും കൂട്ടായ്മകളും വിധിയെ ചോദ്യം ചെയ്യും എന്നറിയിച്ചു മുന്നോട്ടു വന്നിട്ടുണ്ട്.
സുപ്രീം കോടതി വിധി വന്നയുടനെ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകയും, മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ഇന്ദിര ജയ്‌സിംഗ് ട്വിറ്ററില്‍ കുറിച്ചത് “സുപ്രീംകോടതിയിലെ രണ്ടു ബ്രാഹ്മിണ്‍ ജഡ്ജിമാര്‍ പട്ടികജാതി -വര്‍ഗ്ഗ പീഡന നിരോധന നിയമത്തെ ബ്രാഹ്മണരേ സംരക്ഷിക്കുന്ന തരത്തില്‍ മാറ്റിയെന്നും, സുപ്രീംകോടതിയിയില്‍ ഒരൊറ്റ പട്ടികജാതി -വര്‍ഗ്ഗക്കാരായ ജഡ്ജിയും ഇല്ലാത്തതില്‍ അത്ഭുതപെടാനില്ല” എന്നുമാണ്. ഈ വിധിയെ സംബന്ധിച്ചു മാത്രമല്ല പട്ടികജാതി -വര്‍ഗ്ഗ പീഡന നിരോധന നിയമത്തിന്റെ നടത്തിപ്പിലെ പൊതുവായ പ്രശ്‌നങ്ങളിലേക്കും വിരല്‍ചൂണ്ടുന്നതാണ് ഇന്ദിര ജയ്‌സിംഗിന്റെ പ്രതികരണം.
ഇന്ത്യന്‍ ഭരണഘടനയുടെ അനുച്ഛേദം 17 പ്രകാരം രാജ്യത്ത് അസ്പര്‍ശ്യത ഒരു പൊതുതത്വം എന്ന നിലയില്‍ അവസാനിപ്പിച്ചു, പക്ഷെ അതിനെ പ്രയോഗത്തില്‍ വരുത്താന്‍ മറ്റു നിയമസംവിധാനങ്ങള്‍ വേണമായിരുന്നു അങ്ങിനെയാണ് Untouchability (Offenses) Act 1955 ഉം തുടര്‍ന്ന് 1976 ല്‍ Protection of Civil Rights Act ഉം ഉണ്ടാകുന്നത് എന്നാല്‍ ഈ രണ്ടു നിയമങ്ങളും ജാതി പീഡനങ്ങള്‍ നേരിടാന്‍ അപര്യാപ്തമാണ് എന്ന് മനസിലാക്കികൊണ്ടാണ് നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ 1989 ല്‍, പട്ടികജാതി-വര്‍ഗ്ഗ പീഡന നിരോധന നിയമം പാര്‍ലമെന്റ് പാസാക്കിയത് , പിന്നീട് 2016 ല്‍ നിയമം കുറച്ചുകൂടി ശക്തമാക്കി ഭേദഗതിചെയ്തു.
അടഞ്ഞതും പരിഷ്‌ക്കരണ വിമുഖവും ആയ ഇന്ത്യയിലെ സാമൂഹ്യ ഘടന പുരോഗമനപരം എന്ന് വിശേഷിപ്പിക്കുന്ന പലനിയമങ്ങളെയും പരാജയപെടുത്തുകയോ നോക്കുകുത്തിയാക്കുകയോ ചെയ്തിട്ടുണ്ട്. ജുഡീഷ്യറിയുടെ ഭാഗത്തുനിന്നും അത്തരം പ്രതിലോമകരമായ പരാമര്‍ശങ്ങളും വിധികളും ഉണ്ടായിട്ടുണ്ട്. ഹൈദരാബാദില്‍ പ്രവര്‍ത്തിക്കുന്ന സാക്ഷി എന്നാ സംഘടയും , ബാഗ്ലൂരിലുള്ള ആള്‍ട്ടര്‍നേറ്റീവ് ലോ ഫോറം തുടങ്ങിയ സംഘടനകള്‍ പട്ടികജാതി -വര്‍ഗ്ഗ പീഡന നിരോധന നിയമപ്രകാരമുള്ള കേസുകളില്‍ കോടതി വിധികളെ അടിസ്ഥാന പ്പെടുത്തി നടത്തിയ പഠനങ്ങള്‍ ന്യായാധിപര്‍ അടക്കമുള്ള ജുഡീഷ്യല്‍ ഉദ്യോഗസ്ഥരുടെ പട്ടിക ജാതി/ വര്‍ഗ്ഗ പീഡന നിരോധന നിയമത്തോടുള്ള മുന്‍വിധികള്‍ ചൂണ്ടികാട്ടിയിട്ടുണ്ട്. ഇന്ത്യയുടെ പലഭാഗങ്ങളില്‍ ദളിത് ആദിവാസി മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇത്തരം ആശങ്കകള്‍ പലതവണ പങ്കുവെച്ചിട്ടുണ്ട്. സുപ്രീം കോടതിയും ഇത്തരം മുന്‍വിധികളില്‍ നിന്നും വിമുക്തമല്ല എന്നാണ് മനസിലാവുന്നത്.
നിയമം എവിടെ എങ്ങനെയെല്ലാം അട്ടിമറിക്കപെടുന്നു
സുപ്രീം കോടതി വിധി വന്ന അതേ ദിവസമാണ്, മേല്‍ ഉദ്യോഗസ്ഥരുടെ ജാതി പീഡനം സഹിക്കാന്‍ വയ്യാതെ രണ്ടു പോലീസുകാര്‍ ചെന്നൈ നിയമസഭയ്ക്ക് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചത്. എത്ര പതുക്കെയാണ്, എന്തെല്ലാം സമ്മര്‍ദ്ദം ചെലുത്തിയാലാണ് പോലീസ് പട്ടിക ജാതി -വര്‍ഗ്ഗ പീഡന നിരോധന നിയമ പ്രകാരം കേസ് രജിസ്ടര്‍ ചെയ്യപെടുക എന്നത് ഏറ്റവും ചുരുങ്ങിയത് ദളിത് -ആദിവാസി മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നന്നായി അറിയാവുന്ന കാര്യമാണ് .
2018 മാര്‍ച്ച് മാസം ആദ്യആഴ്ച തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാടിന് അടുത്ത് ദളിതരായ കുട്ടികളെ അമ്പലത്തില്‍ ഭക്ഷണം കഴിക്കുന്നിടത്ത് വച്ച് ഒരു സംഘം മര്‍ദ്ദിച്ച സംഭവത്തില്‍ ഈ ലേഖകനടക്കം കുറച്ചുപേര്‍ ഒരു വസ്തുതാന്വഷണം നടത്തിയിരുന്നു. മര്‍ദ്ദനമേറ്റ കുട്ടികള്‍ ശരീരത്തിലെ മുറിപ്പാടുകളുമായി ചോരയൊലിപ്പിച്ചു ആദ്യം എത്തിയത് സ്ഥലത്തെ പോലീസ് സ്റ്റേഷനില്‍ ആയിരുന്നു.
അവര്‍ അവിടെയെത്തും മുന്‍പേ തന്നെ ഇങ്ങനെ ഒരു കൂട്ടര്‍ വരുന്ന കാര്യം പോലീസ് അറിഞ്ഞിരുന്നു , മാത്രവുമല്ല മൊഴികൊടുത്ത കുട്ടികളോട് ജാതിപീഡനത്തിന്റെ കാര്യം പറയേണ്ടതില്ല എന്നാണു പോലീസ് പറഞ്ഞത്. വസ്തുതാന്വഷണത്തിന്റെ ഭാഗമായി പോലീസ് സ്റ്റേഷനില്‍ എത്തിയ ഞങ്ങളോട് പോലീസ് ചോദിച്ചത് ബൈക്കിന്റെ കാറ്റഴിച്ചുവിട്ട കേസല്ലേ എന്നാണ്.
നാല് ദളിത് -ആദിവാസി കുട്ടികള്‍ ക്രൂരമായ മര്‍ദ്ദനമേറ്റ് ഒരാഴ്ചയോളം ഹോസ്പിറ്റലില്‍ കിടക്കുകയും ചെയ്ത കേസ്, പോലീസുകാരുടെ കണ്ണില്‍ (തല്ലിയവര്‍ തല്ലാന്‍ കാരണമായി പറഞ്ഞ -ബൈക്കിന്റെ കാറ്റഴിച്ചുവിട്ടതുകൊണ്ട്) എന്ന രീതിയിലാണ് മനസിലാക്കപ്പെടുന്നത്. ഇത്തരം ധാരാളം ഉദാഹരങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. അട്ടപ്പാടിയിലെ മധുവിനെ കൊന്ന കേസില്‍ പോലും വലിയതോതില്‍ ജനരോഷം ഉയര്‍ന്നതിന് ശേഷം മാത്രംമാണ് പട്ടികജാതി -വര്‍ഗ്ഗ പീഡന നിയമപ്രകാരം കേസെടുത്തത്.
അതുപോലെ തൃശൂരിലെ വിനായകന്റെ മരണത്തിലും ജാതി അവഹേളനം ഉണ്ടെന്നു കൃത്യമായ വിവരം ഉണ്ടെങ്കിലും കേസെടുക്കാന്‍ പോലീസ് തയ്യാറായില്ല. കേസ് എടുത്താല്‍ പോലും വലിയ സമ്മര്‍ദമാണ് പീഡനം ഏല്‍ക്കേണ്ടിവരുന്ന ദളിതരും ആദിവാസികളും , കേസ്സിലെ സാക്ഷികളും മറ്റും വിധേയരാവുന്നത്. ഇതിനെയെല്ലാം അതിജീവിച്ചു കോടതിയില്‍ വിചാരണക്കെത്തുന്ന കേസ്സുകള്‍ പിന്നീട് ജുഡീഷ്യല്‍ ഉദ്യോഗസ്ഥരുടെ “ജാതി” മുന്‍വിധികളിലൂടെയും കടന്നുപോകേണ്ടി വരുന്നു. പട്ടിക ജാതി-വര്‍ഗ്ഗ പീഡന നിരോധന നിയമത്തിലെ കുറഞ്ഞ നിരക്കിലുള്ള ശിക്ഷവിധികള്‍ക്ക് ഇതും ഒരു കാരണമായി ചൂണ്ടിക്കാട്ടാവുന്നതാണ്.
സുപ്രീംകോടതി വിധി നിലവില്‍ വര്‍ദ്ധിച്ചുവരുന്ന ദളിത്/ആദിവാസി പീഡങ്ങളുടെ കണക്കുകളും, പട്ടികജാതി-വര്‍ഗ്ഗ പീഡന നിരോധന നിയമ പ്രകാരമുള്ള കുറഞ്ഞ ശിക്ഷാവിധികളും ഉയര്‍ന്ന “വെറുതെ” വിടല്‍ നിരക്കും എന്ന യാഥാര്‍ത്ഥ്യത്തെ മാത്രമല്ല ഒരു കേസ് രെജിസ്ടര്‍ ചെയ്യുന്നതുമുതല്‍, അന്വഷണം , കുറ്റപത്രം കൊടുക്കല്‍ തുടങ്ങിയ പ്രക്രിയകളിലെല്ലാം ദളിതരും ആദിവാസികളും നേരിടുന്ന സമ്മര്‍ദ്ദങ്ങളും ജാതികളികളെയും കുറിച്ച് നിരവധി പഠനങ്ങളും വിവരങ്ങളും ഒന്നും പരിഗണിച്ചില്ല എന്നാണു കോടതി വിധി വായിക്കുമ്പോള്‍ മനസിലാവുന്നത്.
കേസ് രെജിസ്ടര്‍ ചെയ്യുക എന്നതുപോലും വലിയ വെല്ലുവിളി ആയ പശ്ചാത്തലത്തില്‍ പോലും കഴിഞ്ഞവര്‍ഷത്തെക്കാള്‍ പട്ടികജാതിക്കാര്‍ക്ക് എതിരായുള്ള അതിക്രമങ്ങളുടെ എണ്ണം 5.5% വര്‍ദ്ധിച്ചു 40811ഉം , പട്ടികവര്‍ഗ്ഗക്കര്‍ക്കെതിരായുള്ള അതിക്രമം 4.7% വര്‍ദ്ധിച്ചു 4678 ആയി. പക്ഷെ കോടതി വിചാരണ ഒച്ചിഴയുന്ന വേഗതയിലാണ് എന്നാണ് കണക്കുകള്‍ പറയുന്നത് കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ രജിസ്ടര്‍ ചെയ്ത കേസുകളില്‍ 90% കേസുകളിലും വിചാരണ നടപടികള്‍ പൂര്‍ത്തിയായിട്ടില്ല, മാത്രവുമല്ല വിചാരണ പൂര്‍ത്തിയായ മൊത്തം കേസുകളില്‍ 85% പ്രതികളെ വെറുതെ വിടുന്ന സാഹചര്യവുമുണ്ട്. യഥാര്‍ത്ഥത്തില്‍ രജിസ്ടര്‍ ചെയ്യുന്നതും വിചാരണചെയ്യുകയും വിധിപ്രസ്താവിക്കുകയും ചെയ്യുന്ന കേസുകളെ വാര്‍ഷിക അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ ശിക്ഷാവിധി” കേവലം 2% മാത്രമാണ്.
ഒരു ദളിത് -ആദിവാസി പീഡനം നടന്നാല്‍ അത് പോലീസ് സ്‌റ്റേഷനില്‍ ഒരു പരാതിയായി എത്തുന്നത് തന്നെ ശ്രമകരമായ കാര്യമാണ് പിന്നെ കേസ് രജിസ്ടര്‍ ചെയ്യപെടുന്നത് മുതല്‍ അതിനെ അട്ടിമറിക്കാനുള്ള സമാന്തര നീക്കം പോലീസിന്റെയും നീതിന്യായ സംവിധാനത്തില്‍ നിന്നും ഉണ്ടാകുന്നു.
ജാതിയാണ് അല്ലെങ്കില്‍ സവര്‍ണ്ണവല്‍ക്കരിക്കപെട്ട സംവിധാനങ്ങളാണ് ഇത്തരത്തില്‍ നിയമത്തെ തകര്‍ക്കുന്നത് എന്ന് മനസിലാക്കാന്‍ വലിയ ഗവേഷണം ഒന്നും ആവശ്യമില്ല മിക്കവാറും എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അത് അറിയാവുന്നതുകൊണ്ടാണ് മുന്‍കൂര്‍ ജാമ്യം ലഭ്യമാകാതിരിക്കുക, ഉടന്‍ അറസ്റ്റു തുടങ്ങിയ കാര്യങ്ങള്‍ നിയമത്തില്‍ ഉള്‍കൊള്ളിച്ചത് അതും അട്ടിമറിക്കപെടുന്ന സാഹചര്യമാണ് സുപ്രീം കോടതിവിധി സൃഷ്ടിച്ചത്. ഇക്കാര്യത്തില്‍ നിയമപരിഹാരങ്ങള്‍ മാത്രം പോര രാഷ്ട്രീയ ഇടപെടലുകളും അനിവാര്യമാക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്