ലക്‌നൗ: യു.പിയില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ യോഗി ആദിത്യ നാഥ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് സംസ്ഥാനാധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു. അതിഥി തൊഴിലാളികള്‍ക്കായി ബസ് ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ടായിരുന്നു ലല്ലുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ ദരിദ്രര്‍ക്കെതിരാണെന്നും അതിഥി തൊഴിലാളികള്‍ക്കും മറ്റ് അവശ വിഭാഗങ്ങള്‍ക്കും വേണ്ടി നടത്തുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ മനപ്പൂര്‍വ്വം ശ്രമിക്കുകയാണെന്നും അജയ്കുമാര്‍ ലല്ലു ആരോപിച്ചു. ലക്‌നൗവില്‍ യു.പി.സി.സി ഭവനില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ബി.ജെ.പി സര്‍ക്കാരിന്റെ ദരിദ്ര വിരുദ്ധ മനോഭാവം ഇപ്പോള്‍ പുറത്തായിരിക്കുകയാണ്. തൊഴിലാളികളെ സഹായിക്കാന്‍ ശ്രമിക്കുന്നവരെ ജയിലിലടക്കാനും വ്യാജ കേസ് ചുമത്താനുമാണവര്‍ ശ്രമിച്ചത്’, ലല്ലു പറഞ്ഞു. സ്വേച്ഛാധിപതികള്‍ക്ക് മാനവികതയെക്കുറിച്ച് യാതൊരു ധാരണയുമുണ്ടായിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.