2025 ഐ.പി.എല്‍ ലേലത്തിനാണ് ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത്. ഏതെല്ലാം താരങ്ങള്‍ ടീം വിട്ട് പോകുമെന്നും ഏതെല്ലാം താരങ്ങള്‍ പുതിയ ടീമില്‍ ചേരുമെന്നുമാണ് ഇപ്പോള്‍ ക്രിക്കറ്റ് സര്‍ക്കിളുകളില്‍ സജീവമായി നിലനില്‍ക്കുന്ന ചര്‍ച്ചകള്‍.
ഇതിനോടനുബന്ധിച്ച് രാജസ്ഥാന്‍ റോയല്‍സില്‍ ഉണ്ടാകാനുള്ള മാറ്റത്തെക്കുറിച്ച് സാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അജയ് ജഡേജ. രാജസ്ഥാന്‍ ആരെയെല്ലാം നിലനിര്‍ത്തുമെന്നതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു മുന്‍ താരം. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ജീവനാണെന്നാണ് അജയ് ജഡേജ അഭിപ്രായപ്പെട്ടത്.
‘രാജസ്ഥാന്‍ റോയല്‍സില്‍ വളരെയധികം മാറ്റങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. സഞ്ജു സാംസണ്‍ ഈ ടീമിന്റെ ജീവനാണ്, അതില്‍ യാതൊരു സംശയവുമില്ല. നിങ്ങള്‍ ജയ്‌സ്വാളിനെയും ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ ഇവര്‍ രണ്ട് പേരും ടീമില്‍ ഉണ്ടാകേണ്ടതാണ്,’ അജയ് ജഡേജ പറഞ്ഞു.
2021ല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത സഞ്ജു 2022ല്‍ ടീമിനെ ഫൈനലിലെത്തിച്ചിരുന്നു. ഗുജറാത്ത് ടൈറ്റന്‍സിനോട് പരാജയപ്പെട്ടതോതെ കയ്യകലത്ത് നിന്നായിരുന്നു രാജസ്ഥാന് കിരീടം നഷ്ടമായത്.
കഴിഞ്ഞ സീസണില്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനക്കാരായി രാജസ്ഥാന്‍ പ്ലേ ഓഫില്‍ പ്രവേശിച്ചിരുന്നു. 14 മത്സരത്തില്‍ നിന്നും എട്ട് ജയവും ഒരു തോല്‍വിയുമായി 17 പോയിന്റോടെയാണ് രാജസ്ഥാന്‍ പ്ലേ ഓഫില്‍ കടന്നത്. ഐ.പി.എല്ലില്‍ 168 മത്സരത്തില്‍ നിന്നും 4419 റണ്‍സാണ് സഞ്ജു നേടിയത്.
വരാനിരിക്കുന്ന സീസണില്‍ രാജസ്ഥാനിലെ മിന്നും സ്പിന്‍ ബൗളര്‍മാരായ രവിചന്ദ്രന്‍ അശ്വിനേയും യുസ്വേന്ദ്ര ചാഹലിനേയും നിലനിര്‍ത്തണമെന്നും അജയ് ജഡേജ അഭിപ്രായപ്പെട്ടിരുന്നു.
‘രവിചന്ദ്രന്‍ അശ്വിനെ എങ്ങനെ വിട്ടയക്കും? കഴിഞ്ഞ മൂന്ന് വര്‍ഷത്തെ കരിയറില്‍ അവന്‍ ഒരു നവോന്മേഷം കാണിച്ചു. അതിനാല്‍ ഞാന്‍ അവനെയും വിടില്ല. ആര്‍.സി.ബി ചാഹലിനെ എങ്ങനെ വിട്ടു എന്ന് എനിക്ക് മനസിലായില്ല. തുകയെക്കുറിച്ചല്ല കളിക്കാരെക്കുറിച്ച് ആലോചിക്കൂ, അതില്‍ ജോസ് ബട്ട്ലറും മറ്റൊരു കളിക്കാരനാണ്,’ജഡേജ നിരീക്ഷിച്ചു.
അതേസമയം ബംഗ്ലാദേശിനെതിരായ ടി-20 ഐ പരമ്പരയിലെ 15 അംഗ സ്‌ക്വാഡില്‍ വിക്കറ്റ് കീപ്പറായി സഞ്ജുവിനേയും ബി.സി.സി.ഐ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Content Highlight: Ajay Jadeja Talking About Sanju Samson