ഇതിഹാസങ്ങള്‍ക്ക് പോലും കഴിയാത്ത കാര്യ വെറും അഞ്ച് ഇന്നിങ്‌സില്‍ സഞ്ജു ചെയ്ത് കാണിച്ചു: അജയ് ജഡേജ
Sports News
ഇതിഹാസങ്ങള്‍ക്ക് പോലും കഴിയാത്ത കാര്യ വെറും അഞ്ച് ഇന്നിങ്‌സില്‍ സഞ്ജു ചെയ്ത് കാണിച്ചു: അജയ് ജഡേജ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 16th November 2024, 11:46 am

സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ടി-20 പരമ്പരയിലെ അവസാന മത്സരത്തിലും വമ്പന്‍ വിജയം സ്വന്തമാക്കി ഇന്ത്യ. ജോഹന്നാസ്ബര്‍ഗില്‍ നടന്ന മത്സരത്തില്‍ 135 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ 3-1ന് പരമ്പര സ്വന്തമാക്കാനും ഇന്ത്യയ്ക്ക് സാധിച്ചു. മത്സരത്തില്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 283 റണ്‍സിന്റെ പടുകൂറ്റന്‍ സ്‌കോറാണ് ഉയര്‍ത്തിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പ്രോട്ടിയാസ് 18.2 ഓവറില്‍ 148 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.

ഇന്ത്യയെ കൂറ്റന്‍ സ്‌കോറില്‍ എത്തിച്ചത് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസനും തിലക് വര്‍മയുമാണ്. ഇരുവരും സെഞ്ച്വറി നേടിയാണ് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചത്. ബാക്ക് ടു ബാക്ക് സെഞ്ച്വറിക്ക് ശേഷം കഴിഞ്ഞ രണ്ടു മത്സരങ്ങളിലും പൂജ്യും റണ്‍സിന് പുറത്തായ സഞ്ജുവിന്റെ വമ്പന്‍ തിരിച്ചുവരവിനാണ് ക്രിക്കറ്റ് ലോകം സാക്ഷിയായത്.

മത്സരത്തിന് ശേഷം സഞ്ജുവിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജ. വെറും അഞ്ച് ഇന്നിങ്‌സില്‍ നിന്നാണ് സഞ്ജു മൂന്ന് ടി-20ഐ സെഞ്ച്വറികള്‍ നേടിയതെന്നും ഇന്ത്യയുടെ ഇതിഹാസ താരങ്ങള്‍ പോലും ഈ നേട്ടത്തില്‍ എത്താന്‍ ഒരുപാട് വൈകിയെന്നും ജഡേജ പറഞ്ഞു. മാത്രമല്ല അതിശയിപ്പിക്കുന്ന പ്രകടനമാണ് സഞ്ജു നടത്തുന്നതെന്നും അജയ് ജഡേജ പറഞ്ഞു.

‘ടി-20യില്‍ 4,5 സെഞ്ച്വറികള്‍ നേടുന്നതിനായി ഞങ്ങളുടെ ഇതിഹാസ താരങ്ങള്‍ 150 മത്സരങ്ങള്‍ കളിച്ചു, എന്നാല്‍ സാംസണ്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ മൂന്ന് സെഞ്ച്വറികളിലെത്തി. പുതിയ തലമുറയുടെ മാനസികാവസ്ഥയാണ് ഇത് കാണിക്കുന്നത്. അവര്‍ ഒന്നിനെയും ഭയപ്പെടുന്നില്ല, മത്സരത്തിന്റെ ആദ്യ പന്ത് മുതല്‍ അവരുടെ ഷോട്ടുകള്‍ക്കായി പോകുന്നു.

ഇന്നിങ്സ് ഓപ്പണ്‍ ചെയ്യാനുള്ള അവസരത്തിനായി കാത്തിരിക്കുകയായിരുന്നു സഞ്ജു, അവന്‍ ഇപ്പോള്‍ ഒരു കഴിവുള്ള ബാറ്ററായി മാറിയിരിക്കുന്നു. അദ്ദേഹത്തിന് എല്ലായ്‌പ്പോഴും കഴിവുണ്ടായിരുന്നു, എന്നിരുന്നാലും അവന് സ്ഥിരത നഷ്ടപ്പെടുന്നു. സൗത്ത് ആഫ്രിക്കയ്ക്കെതിരെ തുടര്‍ച്ചയായി രണ്ട് ഡക്ക് സ്‌കോര്‍ ചെയ്തെങ്കിലും അവന്റെ സ്‌കോര്‍ അമ്പരപ്പിക്കുന്നതായിരുന്നു,’ അജയ് ജഡേജ ജിയോ സിനിമയില്‍ പറഞ്ഞു.

56 പന്തില്‍ നിന്നും ഒമ്പത് സിക്‌സും 6 ഫോറും ഉള്‍പ്പെടെ 109 റണ്‍സ് നേടി പുറത്താക്കാതെയാണ് സഞ്ജു വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചത്. 194.64 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റില്‍ ആയിരുന്നു സഞ്ജു ബാറ്റ് വീശിയത്. അതേസമയം ബാക്ക് ടു ബാക്ക് സെഞ്ച്വറി നേടിയാണ് ഇന്ത്യന്‍ യുവതാരം തിലക് വര്‍മയും ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചത്.

കഴിഞ്ഞ മത്സരത്തില്‍ 107 റണ്‍സ് നേടി പുറത്താകാതെ നിന്ന് താരം അവസാനം മത്സരത്തിലും സെഞ്ച്വറി നേടി. 47 പന്തില്‍ നിന്നും 10 സിക്‌സും 9 ഫോറും ഉള്‍പ്പെടെയായിരുന്നു വര്‍മയുടെ വെടിക്കെട്ട്. 255.32 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റില്‍ ആയിരുന്നു വര്‍മ ബാറ്റ് വീശിയത്.

 

Content Highlight: Ajay Jadeja Talking About Sanju Samson