ആ ഇന്ത്യന്‍ താരത്തെ നിങ്ങള്‍ എപ്പോഴും ഭയപ്പെടും; തുറന്ന് പറഞ്ഞ് അജയ് ജഡേജ
Sports News
ആ ഇന്ത്യന്‍ താരത്തെ നിങ്ങള്‍ എപ്പോഴും ഭയപ്പെടും; തുറന്ന് പറഞ്ഞ് അജയ് ജഡേജ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 23rd September 2024, 7:00 pm

ഇന്ത്യ-ബംഗ്ലാദേശ് രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ 280 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 376 റണ്‍സിന് ഓള്‍ ഔട്ട് ആയപ്പോള്‍ ബംഗ്ലാദേശ് 149 റണ്‍സിനും തകര്‍ന്നു.

തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 287 റണ്‍സ് നേടിയതോടെ 515 റണ്‍സ് വിജയലക്ഷ്യമാണ് ബംഗ്ലാദേശിന് മറികടക്കാനുണ്ടായിരുന്നത്. എന്നാല്‍ കടുവകള്‍ 234 റണ്‍സിന് പുറത്താവുകയായിരുന്നു.

മത്സരത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം റിഷബ് പന്ത് മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യ ഇന്നിങ്സില്‍ 52 പന്തില്‍ നിന്ന് 39 റണ്‍സും രണ്ടാം ഇന്നിങസില്‍ 128 പന്തില്‍ നിന്ന് നാല് സിക്സും 13 ഫോറും ഉള്‍പ്പെടെ 109 റണ്‍സും താരം നേടിയിരുന്നു. 2022ലെ വാഹനാപകടത്തില്‍ പരിക്ക് പറ്റിയതിന് ശേഷമുള്ള പന്തിന്റെ ആദ്യ ടെസ്റ്റായിരുന്നു ഇത്.

ഇപ്പോള്‍ പന്തിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജ. ഇനി വരാനിരിക്കുന്ന ഓസ്ട്രേലിയയ്ക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലും ഇന്ത്യയ്ക്ക് വേണ്ടി പന്ത് മിന്നും പ്രകടനം കാഴ്ചവെക്കുമെന്നാണ് മുന്‍ ഇന്ത്യ താരം അജയ് ജഡേജ പറയുന്നത്.

‘ടെസ്റ്റ് ക്രിക്കറ്റിലെ സ്ഥിരത കണക്കിലെടുത്ത് എല്ലാ ടീമുകളും റിഷബ് പന്തിനെ ഭയപ്പെടുമെന്ന് ഞാന്‍ കരുതുന്നു. അവന്റെ ഇന്നിങ്സിന്റെ തുടക്കത്തില്‍ തന്നെ അവന്റെ വിക്കറ്റ് വീഴ്ത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. അല്ലാത്തപക്ഷം അവന്‍ നിങ്ങളെ ദിവസം മുഴുവന്‍ ഓടിക്കും,’അദ്ദേഹം പറഞ്ഞു.

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നവംബര്‍ 26നാണ് ആരംഭിക്കുന്നത്. അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം നവംബര്‍ 26 മുതല്‍ 30 വരെയാണ് നടക്കുക.

രണ്ടാം മത്സരം ഡിസംബര്‍ ആറ് മുതല്‍ 10 വരെയും മൂന്നാം ടെസ്റ്റ് ഡിസംബര്‍ 14 മുതല്‍ 18 വരെയും, നാലാം ടെസ്റ്റ് 26 മുതല്‍ 30 വരെയും നടക്കും. ശേഷം അവസാന ടെസ്റ്റ് 2025 ജനുവരി മൂന്ന് മുതല്‍ ഏഴ് വരെയും നടക്കും.

 

Content Highlight: Ajay Jadeja Talking About Rishabh Pant