| Tuesday, 24th September 2024, 9:21 am

അവന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ അപൂര്‍വ രത്‌നമാണ്; പ്രസ്താവനയുമായി അജയ് ജഡേജ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ബംഗ്ലാദേശ് രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ 280 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 376 റണ്‍സിന് ഓള്‍ ഔട്ട് ആയപ്പോള്‍ ബംഗ്ലാദേശ് 149 റണ്‍സിനും തകര്‍ന്നു.

തുടര്‍ന്ന് രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ 287 റണ്‍സ് നേടിയതോടെ 515 റണ്‍സ് വിജയലക്ഷ്യമാണ് ബംഗ്ലാദേശിന് മറികടക്കാനുണ്ടായിരുന്നത്. എന്നാല്‍ കടുവകള്‍ 234 റണ്‍സിന് പുറത്താവുകയായിരുന്നു. മത്സരത്തില്‍ അജയ് ജഡേജ മികച്ച പോസിറ്റീവ് ആയി തെരഞ്ഞെടുത്തത് ഇന്ത്യന്‍ സ്റ്റാര്‍ വിക്കറ്റ് കീപ്പര്‍ റിഷബ് പന്തിനേയാണ്.

2022ല്‍ നടന്ന വാഹനാപകടത്തില്‍ ഗുരുതരമായി പരിക്ക് പറ്റിയ റിഷബ് കാലങ്ങള്‍ക്ക് ശേഷമായിരുന്നു റെഡ് ബോളിലേക്ക് തിരിച്ചുവന്നത്. ഇപ്പോള്‍ പന്തിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജ.

‘ആദ്യ ടെസ്റ്റില്‍ നിന്ന് ഏറ്റവും വലിയ പോസിറ്റീവ് തെരഞ്ഞെടുക്കണമെങ്കില്‍ അത് റിഷബ് പന്തായിരിക്കും. ഏറെ നാളുകള്‍ക്ക് ശേഷം ടെസ്റ്റ് ഫോര്‍മാറ്റിലേക്കുള്ള അവന്റെ തിരിച്ചുവരവ് ഏറെ വികാരം ഉണ്ടാക്കുന്നതാണ്. സഞ്ജയ് മഞ്ജരേക്കര്‍ പറയുന്നതുപോലെ, റിഷബ് പന്ത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഒരു അപൂര്‍വ രത്‌നമാണ്,’ അജയ് ജഡേജ കളര്‍ സിനിപ്ലക്‌സില്‍ പറഞ്ഞു.

മത്സരത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം റിഷബ് പന്ത് മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യ ഇന്നിങ്‌സില്‍ 52 പന്തില്‍ നിന്ന് 39 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 128 പന്തില്‍ നിന്ന് നാല് സിക്‌സും 13 ഫോറും ഉള്‍പ്പെടെ 109 റണ്‍സും താരം നേടിയിരുന്നു.

ഇതുവരെ 34 ടെസ്റ്റ് മത്സരത്തിലെ 58 ഇന്നിങ്‌സില്‍ നിന്ന് 2419 റണ്‍സാണ് പന്ത് നേടിയത്. അതില്‍ 159 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരം സ്വന്തമാക്കിയിട്ടുണ്ട്. ഇനി ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെയാണ് മത്സരം നടക്കുക.

Content Highlight: Ajay Jadeja Talking About Rishabh Pant

We use cookies to give you the best possible experience. Learn more