സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ടി-20 പരമ്പരയിലെ അവസാന മത്സരത്തിലും ഇന്ത്യ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 283 റണ്‍സിന്റെ പടുകൂറ്റന്‍ സ്‌കോര്‍ മറികടക്കാനാകാതെ 148 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു സൗത്ത് ആഫ്രിക്ക. ഇതോടെ 3-1ന് പരമ്പര സ്വന്തമാക്കാനും ഇന്ത്യയ്ക്ക് സാധിച്ചു.
ഇതോടെ ഇന്ത്യയുടെ വിജയത്തെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ അജയ് ജഡേജ. ഇന്ത്യ ടി-20ഐയില്‍ ആധിപത്യം സൃഷ്ടിച്ചിരിക്കുകയാണെന്നും അസാധാരണമായ വിജയമാണ് ഇന്ത്യ സ്വന്തമാക്കുന്നതെന്നും താരം അഭിപ്രായപ്പെട്ടു.
‘ഒരു മത്സരം തോല്‍ക്കാതെ ലോകകപ്പ് നേടിയത് അസാധാരണമായിരുന്നു. മറ്റ് പരമ്പരകളില്‍ പോലും ഇന്ത്യ മികച്ചതായിരുന്നു. ഇന്ത്യയുടെ വിജയശതമാനം 92 വരെ എത്തുമെന്ന് ഞാന്‍ കരുതുന്നില്ല. 2024ല്‍ ഇന്ത്യ ചെയ്തതുപോലെ ആര്‍ക്കും ടി-20 ക്രിക്കറ്റില്‍ ആധിപത്യം സ്ഥാപിക്കാന്‍ കഴിയില്ല.
നിങ്ങള്‍ക്ക് മത്സരങ്ങള്‍ ജയിക്കാം എന്നാല്‍ ഒരു എതിരാളി വിജയലക്ഷ്യം മറികടക്കാന്‍ പോകുന്ന സന്ദര്‍ഭങ്ങളുണ്ട്. എന്നാല്‍ ഈ വര്‍ഷം അത് സംഭവിക്കാന്‍ ഇന്ത്യ അനുവദിച്ചില്ല. കളിയുടെ എല്ലാ ഡിപ്പാര്‍ട്ട്മെന്റുകളിലും ടീം ഗംഭീരമായിരുന്നു,’ അജയ് ജഡേജ ജിയോസിനിമയില്‍ പറഞ്ഞു.
2024 ടി-20 ലോകകപ്പില്‍ ഇന്ത്യ അപരാജിതമായ കുതിപ്പിലാണ് കിരീടത്തില്‍ രണ്ടാം തവണയും മുത്തമിട്ടത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് ശേഷം ടി-20യില്‍ സൂര്യകുമാര്‍ യാദവും വജയത്തിന്റെ ലഹരി തുടങ്ങിയിരിക്കുകയാണ്. ലോകകപ്പിന് ശേഷം വെറും രണ്ട് തോല്‍വി മാത്രമാണ് ക്യാപ്റ്റന്‍ സൂര്യ വഴങ്ങിയത്.
ഇതോടെ 2024ല്‍ ഏറ്റവും കൂടുതല്‍ ടി-20ഐ മത്സരങ്ങള്‍ വിജയിക്കുന്ന ടീമാകാനും ഇന്ത്യയ്ക്ക് സാധിച്ചരുന്നു. 26 മത്സരങ്ങളില്‍ നിന്ന് ഇന്ത്യ 24 വിജയമാണ് സ്വന്തമാക്കിയത്.