ഇന്ത്യയുടെ നമ്പര്‍ വണ്‍ സ്പിന്നര്‍ യുവതാരം കുല്‍ദീപ് യാദവാണെന്ന് ഇന്ത്യന്‍ ഇതിഹാസ താരം അജയ് ജഡേജ. ആര്‍. അശ്വിനെക്കാളും രവീന്ദ്ര ജഡേജയെക്കാളും മികച്ച രീതിയിലാണ് കുല്‍ദീപ് പന്തെറിയുന്നതെന്നും ബാറ്റര്‍മാരെ കുഴപ്പത്തിലാക്കുന്ന തരത്തിലുള്ള സ്‌കില്ലുകളാണ് അവന്റെ പക്കലുള്ളതെന്നും അജയ് ജഡേജ അഭിപ്രായപ്പെട്ടു.
സോണി സ്‌പോര്‍ട്‌സില്‍ നടന്ന ഒരു ചര്‍ച്ചക്കിടെയായിരുന്നു ജഡേജ ഇക്കാര്യം പറഞ്ഞത്.
‘ഇന്ത്യയുടെ നിലവിലെ ഏറ്റവും മികച്ച മൂന്ന് സ്പിന്നര്‍മാരില്‍ ഒന്നാമനാണ് കുല്‍ദീപ് യാദവ്. ബാറ്റര്‍മാരെ പ്രതിരോധത്തിലാഴ്ത്തുന്നതാണ് അവന്റെ ബൗളിങ് സ്‌കില്ലുകള്‍.
നിങ്ങള്‍ ഫിംഗര്‍ സ്പിന്നര്‍മാരില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ അവന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടേക്കാം. ബൗളര്‍മാരെ ഒരു തരത്തിലും സഹായിക്കാത്ത പിച്ചില്‍ പോലും അവന്‍ മികച്ച രീതിയില്‍ പന്തെറിയുന്നു. അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട,’ ജഡേജ പറയുന്നു.
കുല്‍ദീപ് യാദവിന് മറ്റെല്ലാ ഇന്ത്യന്‍ സ്പിന്നര്‍മാരെയും മറികടക്കാന്‍ സാധിക്കുമെന്നും ജഡേജ അഭിപ്രായപ്പെടുന്നു.
‘പിച്ച് അനുകൂലമാണെങ്കില്‍ ഞാന്‍ ചിലപ്പോള്‍ അവനേക്കാള്‍ മുമ്പേ മറ്റുപല ബൗളര്‍മാരെയായിരിക്കും ഉപയോഗിക്കുക. എന്നാല്‍ പിച്ച് ഒരു തരത്തിലും സഹായിക്കാത്ത അവസ്ഥ വരുമ്പോള്‍, മറ്റുള്ളവര്‍ക്ക് ഒന്നും തന്നെ ചെയ്യാന്‍ സാധിക്കാതെ വരുമ്പോള്‍, ടേണോ ബൗണ്‍സോ ഒന്നും ലഭിക്കാതെ വരുമ്പോള്‍ കുല്‍ദീപിന്റെ സ്‌കില്ലുകള്‍ നിങ്ങളെ സഹായിക്കും. അവന്‍ ബാറ്റര്‍മാരെ ഒന്നുമല്ലാതാക്കി പുറത്താക്കും,’ ജഡേജ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ മികച്ച പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. ബൗളിങ്ങിന് പുറമെ ബാറ്റിങ്ങിലും തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച കുല്‍ദീപ് തന്നെയായിരുന്നു ഇന്ത്യയുടെ വിജയത്തിന് നിദാനമായതും.
ആദ്യ ടെസ്റ്റില്‍ 188 റണ്‍സിന്റെ വമ്പന്‍ വിജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. 513 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശിന് 324 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
രണ്ടാം ഇന്നിങ്‌സില്‍ അക്‌സര്‍ പട്ടേല്‍ നാല് വിക്കറ്റും കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റും വീഴ്ത്തിയപ്പോള്‍ മുഹമ്മദ് സിറാജ്, ആര്‍. അശ്വിന്‍, ഉമേഷ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
ആദ്യ ഇന്നിങ്‌സില്‍ 40 റണ്‍സ് നേടുകയും 40 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തുകയും ഒപ്പം രണ്ടാം ഇന്നിങ്‌സില്‍ 73 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത കുല്‍ദീപ് യാദവ് തന്നെയായിരുന്നു കളിയിലെ താരവും. കുല്‍ദീപിന്റെ രണ്ട് ക്വിക്ക് വിക്കറ്റുകളാണ് അഞ്ചാം ദിവസം കളി ഇന്ത്യക്ക് അനുകൂലമാക്കിയത്.
ലിട്ടണ്‍ ദാസ്, ക്യാപ്റ്റന്‍ ഷാകിബ് അല്‍ ഹസന്‍, എദാബോത് ഹുസൈന്‍ എന്നിവരാണ് രണ്ടാം ഇന്നിങ്സില്‍ കുല്‍ദീപിന് മുമ്പില്‍ വീണത്. ലിട്ടണ്‍ ദാസിനെ ഉമേഷ് യാദവിന്റെ കയ്യിലും എദാബോത് ഹുസൈനെ ശ്രേയസ് അയ്യരുടെ കയ്യിലുമെത്തിച്ച് മടക്കിയ കുല്‍ദീപ് ഷാകിബിനെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് പുറത്താക്കിയത്.
Content highlight: Ajay Jadeja says Kuldeep Yadav is the best spinner of team India