| Tuesday, 9th August 2022, 11:43 am

മോഡേണ്‍ ഡേ ക്രിക്കറ്റില്‍ അദ്ദേഹത്തെ ടീമിലെടുക്കുന്നതില്‍ ഒരു അര്‍ത്ഥവുമില്ല; വിക്കറ്റ് കീപ്പറെ തള്ളിപറഞ്ഞ് മുന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 15 അംഗ സ്‌ക്വാഡിനെ രോഹിത് ശര്‍മ നയിക്കും. ഓപ്പണിങ് ബാറ്റര്‍ കെ.എല്‍. രാഹുല്‍ വൈസ് ക്യാപ്റ്റനായി ടീമില്‍ തിരിച്ചെത്തും.

മുന്‍ നായകന്‍ വിരാട് കോഹ്‌ലിയും ടീമില്‍ തിരിച്ചെത്തുന്നതാണ് മറ്റൊരു പ്രത്യേകത. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും ഹര്‍ഷല്‍ പട്ടേലും ടീമിലുണ്ടാകില്ല. വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേഷ് കാര്‍ത്തിക് ടീമില്‍ ഇടം നേടിയിരുന്നു.

കഴിഞ്ഞ ഐ.പി.എല്ലിന് ശേഷം ടീമിലെ സ്ഥിര സാന്നിധ്യമാണ് ദിനേഷ് കാര്‍ത്തിക്. എന്നാല്‍ അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്തേണ്ട ആവശ്യമില്ലായിരുന്നു എന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ താരമായ അജയ് ജഡേജ.

രോഹിത്തും കോഹ്‌ലിയും ഉണ്ടെങ്കില്‍ കാര്‍ത്തിക്കിനെ ടീമിന്റെ ഇന്‍ഷുറന്‍സായി വെക്കാം. കാരണം അഗ്രസീവായി കളിക്കുമ്പോള്‍ ടീമില്‍ വ്യത്യസ്തത കൊണ്ടുവരണമെന്നാണ് ജഡേജയുടെ അഭിപ്രായം. ദിനേഷ് കാര്‍ത്തിക് മികച്ച കമന്റേറ്ററാണെന്നും എന്നാല്‍ അദ്ദേഹത്തിനെ നിലവിലെ ഇന്ത്യന്‍ ടീമിന് ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

‘ഞാന്‍ കേട്ടത് പോലെ നിങ്ങള്‍ അഗ്രസീവായാണ് കളിക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍. ടീമിനെ നിങ്ങള്‍ വ്യത്യസ്തമായി തെരഞ്ഞെടുക്കണം. വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും ടീമലുണ്ടെങ്കില്‍ നിങ്ങള്‍ എന്ത് വിലകൊടുത്തും ദിനേഷ് കാര്‍ത്തിക്കിനെയും ഉള്‍പ്പെടുത്തണം. അവന്‍ ടീമിന്റെ ഇന്‍ഷുറന്‍സ് ആണ്. എന്നാല്‍ അവര്‍ രണ്ടും ഇല്ലെങ്കില്‍ ദിനേശ് കാര്‍ത്തിക്കിന് ഇന്ത്യന്‍ ടീമില്‍ ജോലിയില്ല. പക്ഷെ ഞാന്‍ കാര്‍ത്തിക്കിനെ ടീമിലിടം നല്‍കില്ല. അയാള്‍ക്ക് എന്റെ അരികില്‍ കമന്ററി ബോക്‌സില്‍ ഇരിക്കാം. ഒരു കമന്റേറ്റര്‍ എന്ന നിലയില്‍ അദ്ദേഹം വളരെ മികച്ചതാണ്,’ അജയ് ജഡേജ പറഞ്ഞു.

കഴിഞ്ഞ ഐ.പി.എല്ലില്‍ 16 മത്സരത്തില്‍ 330 റണ്‍സാണ് കാര്‍ത്തിക് നേടിയത്. ഐ.പി.എല്ലിന് ശേഷം ഇന്ത്യന്‍ ടീമിലെത്തിയ കാര്‍ത്തിക് 14 ഇന്നിങ്‌സില്‍ നിന്നും 192 റണ്‍സ് സ്വന്തമാക്കിയിരുന്നു. ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാന്‍ ഒരുപാട് സാധ്യതയുള്ള താരമാണ് ദിനേഷ് കാര്‍ത്തിക്.

Content Highlights: Ajay Jadeja says India Doesn’t Dinesh Karthik

We use cookies to give you the best possible experience. Learn more