| Wednesday, 6th December 2023, 1:16 pm

പാകിസ്ഥാന്റെ പരിശീലകനാകാന്‍ ഞാന്‍ തയ്യാറാണ്: ജഡേജ

സ്പോര്‍ട്സ് ഡെസ്‌ക്

ഇക്കഴിഞ്ഞ ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്‍ ടീമിന്റെ മെന്ററായി മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം അജയ് ജഡേജ ചുമതലേയേറ്റിരുന്നു. അഫ്ഗാന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ സുവര്‍ണ കാലഘട്ടത്തിലൂടെയാണ് ജഡേജ ടീമിനെ കൈപിടിച്ചുനടത്തിയത്.

ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തിലെ ഐതിഹാസിക നേട്ടമുള്‍പ്പെടെ പല മത്സരങ്ങളിലും അഫ്ഗാനിസ്ഥാന്‍ വിജയിച്ചുകയറിയിരുന്നു. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായിരുന്ന ഇംഗ്ലണ്ടും മുന്‍ ചാമ്പ്യന്‍മാരായിരുന്ന ശ്രീലങ്കയും നെതര്‍ലന്‍ഡ്‌സും ഐ.സി.സി ഇവന്റില്‍ അഫ്ഗാന്റെ കരുത്തറിഞ്ഞിരുന്നു.

എന്നാല്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ ഇരട്ട സെഞ്ച്വറിയില്‍ സെമി ഫൈനലിന് യോഗ്യത നേടാന്‍ സാധിക്കാതെ പോയെങ്കിലും തലയുയര്‍ത്തി തന്നെയാണ് ഷാഹിദിയും സംഘവും ഇന്ത്യന്‍ മണ്ണില്‍ നിന്നും വിടപറഞ്ഞത്.

ഇപ്പോള്‍ അഫ്ഗാനിസ്ഥാനെ പോലെ പാകിസ്ഥാന്‍ ടീമിനെ പരിശീലിപ്പിക്കാനും താന്‍ തയ്യാറാണെന്ന് പറയുകയാണ് ജഡേജ. സ്‌പോര്‍ട്‌സ് ടുഡേക്ക് നല്‍കിയ അഭിമുഖത്തിലാണ് ജഡേജ ഇക്കാര്യം പറഞ്ഞത്.

പാകിസ്ഥാനെ പരിശിലിപ്പിക്കാന്‍ ഒരുക്കമാണോ എന്ന ചോദ്യത്തിന് ‘ഞാന്‍ തയ്യാറാണ്’ എന്നാണ് ജഡേജ മറുപടി നല്‍കിയത്.

‘എന്റെ അനുഭവ സമ്പത്തെല്ലാം ഞാന്‍ അഫ്ഗാനിസ്ഥാനൊപ്പം പങ്കുവെച്ചിരുന്നു. ഒരുകാലത്ത് പാകിസ്ഥാനും അഫ്ഗാനിസ്ഥാനെ പോലെ ഒരു ടീമായിരുന്നു എന്നാണ് ഞാന്‍ മനസിലാക്കുന്നത്. നിങ്ങളുടെ സഹതാരത്തിന് മുറത്ത് നോക്കി നിങ്ങള്‍ക്ക് എന്തും പറയാന്‍ സാധിക്കും,’ ജഡേജ പറഞ്ഞു.

ലോകകപ്പില്‍ മോശം പ്രകടനമാണ് മുന്‍ ചാമ്പ്യന്‍മാരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനക്കാരായാണ് പാകിസ്ഥാന്‍ ഫിനിഷ് ചെയ്തത്. ഇതിന് പിന്നാലെ സെലക്ഷന്‍ കമ്മിറ്റിയെ അപെക്‌സ് ബോര്‍ഡ് പിരിച്ചുവിടുകയും ബാബര്‍ അസം ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും പടിയിറങ്ങുകയും ചെയ്തിരുന്നു.

അതേസമയം, ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയാണ് പാകിസ്ഥാന് മുമ്പിലുള്ളത്. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയാണ് പാകിസ്ഥാന്‍ ഓസീസ് മണ്ണില്‍ കളിക്കുക. 1999ന് ശേഷം ഓസ്‌ട്രേലിയയോട് ജയിക്കാന്‍ സാധിച്ചിട്ടില്ല എന്ന കളങ്കം കഴുകിക്കളയാനാണ് മെന്‍ ഇന്‍ ഗ്രീന്‍ ഇറങ്ങുന്നത്.

പാകിസ്ഥാന്‍ സ്‌ക്വാഡ്

അബ്ദുള്ള ഷഫീഖ്, ബാബര്‍ അസം, ഇമാം ഉള്‍ ഹഖ്, സിയാം അയ്യൂബ്, സൗദ് ഷക്കീല്‍, ഷാന്‍ മസൂദ് (ക്യാപ്റ്റന്‍), ആമേര്‍ ജമാല്‍, അല്‍മാന്‍ അലി ആഘ, ഫഹീം അഷ്റഫ്, മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), സര്‍ഫറാസ് അഹമ്മദ് (വിക്കറ്റ് കീപ്പര്‍), അബ്രാര്‍ അഹ്‌മദ്, ഹസന്‍ അലി, ഖുറാം ഷഹസാദ്, മിര്‍ ഹംസ, മുഹമ്മദ് വസീം ജൂനിയര്‍, നോമന്‍ അലി, ഷഹീന്‍ ഷാ അഫ്രിദി.

ഓസ്ട്രേലിയ സ്‌ക്വാഡ്

ഡേവിഡ് വാര്‍ണര്‍, മാര്‍നസ് ലബുഷാന്‍, സ്റ്റീവ് സ്മിത്, ട്രാവിസ് ഹെഡ്, ഉസ്മാന്‍ ഖവാജ, കാമറൂണ്‍ ഗ്രീന്‍, മിച്ചല്‍ മാര്‍ഷ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), അലക്സ് കാരി (വിക്കറ്റ് കീപ്പര്‍), ഡോഷ് ഹെയ്സല്‍വുഡ്, ലാന്‍സ് മോറിസ്, മിച്ചല്‍ സ്റ്റാര്‍ക്, നഥാന്‍ ലിയോണ്‍, സ്‌കോട് ബോളണ്ട്.

Content Highlight: Ajay Jadeja says he is ready to coach Pakistan

We use cookies to give you the best possible experience. Learn more