| Tuesday, 5th December 2023, 9:02 am

നമ്മള്‍ താരങ്ങളെ സെലക്ട് ചെയ്യുകയല്ല, ഒഴിവാക്കുകയാണ്, ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല; സൂപ്പര്‍ താരത്തെ തഴയുന്നതില്‍ ജഡേജ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ യുവതാരവും വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ ഇഷാന്‍ കിഷന് ഏകദിനത്തില്‍ പ്ലെയിങ് ഇലവനില്‍ സ്ഥിരമായ അവസരം ലഭിക്കാത്തതിലുള്ള അതൃപ്തി വ്യക്തമാക്കി മുന്‍ സൂപ്പര്‍ താരവും ഇന്ത്യന്‍ ലെജന്‍ഡുമായ അജയ് ജഡേജ.

സ്‌പോര്‍ട്‌സ് തക്കിന് നല്‍കിയ അഭിമുഖത്തിലാണ് ഇഷാന്‍ കിഷന്റെ പ്രകടനത്തെ കുറിച്ചും ടീമില്‍ അവന്‍ സ്ഥിരസാന്നിധ്യമാകാത്തതിനെ കുറിച്ചും അജയ് ജഡേജ സംസാരിച്ചത്.

‘ഇഷാന്‍ കിഷന്‍ കളിക്കുന്ന രീതി എനിക്ക് വളരെയധികം ഇഷ്ടമാണ്. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ നിങ്ങളവന് മൂന്ന് മത്സരത്തില്‍ മാത്രമാണ് അവസരം നല്‍കുന്നത്. ഈ മൂന്ന് മത്സരത്തിന് ശേഷം അവന്‍ തിരികെ മടങ്ങുന്ന സ്ഥിതിവിശേഷമാണ് ഉണ്ടാകുന്നത്.

ലോകകപ്പില്‍ പോലും അവന്‍ സ്ഥിരസാന്നിധ്യമായിരുന്നില്ല. വെറും രണ്ട് മത്സരങ്ങള്‍ മാത്രമാണ് ഇഷാന്‍ കിഷന് ലഭിച്ചത്. അവന്‍ കൂടുതല്‍ മത്സരം കളിക്കന്‍ അര്‍ഹനായിരുന്നില്ല എന്ന നിലയിലാണ് അവനെ പരിഗണിച്ചത്,’ ജഡേജ പറഞ്ഞു.

ഏകദിന ഫോര്‍മാറ്റിലെ ഇഷാന്‍ കിഷന്റെ പ്രകടനത്തെ കുറിച്ചും അജയ് ജഡേജ സംസാരിച്ചു.

‘ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടിയ എത്ര താരങ്ങള്‍ ഇപ്പോള്‍ ടീമിനൊപ്പമുണ്ട്? അവന്റെ ദിവസത്തില്‍ മത്സരത്തിന്റെ സ്ഥിതിഗതികള്‍ പോലും പൂര്‍ണമായി മാറ്റിമറിക്കാന്‍ കഴിവുള്ള താരമാണവന്‍. അവനെപ്പോഴാണ് തയ്യാറാവുക? എല്ലായ്‌പ്പോഴും നിങ്ങളവനെ ട്രയലില്‍ വെക്കുകയാണോ? കഴിഞ്ഞ രണ്ട് വര്‍ഷം അവന്‍ എത്ര മത്സരങ്ങള്‍ കളിച്ചു?

നമ്മള്‍ താരങ്ങളെ തെരഞ്ഞെടുക്കുകയല്ല, ഒഴിവാക്കുകയാണ്. ഇത് ഇന്ത്യന്‍ ക്രിക്കറ്റിന് ഇന്നോ ഇന്നലെയോ തുടങ്ങിയ പ്രശ്‌നമല്ല, പണ്ടുമുതലേ ഉള്ളതാണ്,’ ജഡേജ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിനുള്ള ഏകദിന സ്‌ക്വാഡില്‍ ഇഷാന്‍ കിഷന് സ്ഥാനം ലഭിച്ചിരുന്നില്ല. ക്യാപ്റ്റന്‍ കെ.എല്‍. രാഹുലിനൊപ്പം മലയാളി താരം സഞ്ജു സാംസണാണ് ഏകദിനത്തില്‍ ഇന്ത്യയുടെ രണ്ടാം വിക്കറ്റ് കീപ്പറുടെ റോളിലെത്തുന്നത്.

എന്നാല്‍ മൂന്ന് മത്സരങ്ങളടങ്ങിയ ടി-20 പരമ്പരയില്‍ ഇഷാന്‍ ടീമിന്റെ ഭാഗവുമാണ്. ജിതേഷ് ശര്‍മയാണ് ബാക്ക് അപ് വിക്കറ്റ് കീപ്പര്‍.

27 മത്സരത്തിലെ 24 ഇന്നിങ്‌സില്‍ നിന്നും 933 റണ്‍സാണ് ഇഷാന്‍ കിഷന്റെ സമ്പാദ്യം. 42.40 എന്ന ശരാശരിയിലും 102.19 എന്ന സ്‌ട്രൈക്ക് റേറ്റിലും സ്‌കോര്‍ ചെയ്യുന്ന താരത്തിന്റെ ഉയര്‍ന്ന് സകോര്‍ 210 ആണ്.

ഒരു സെഞ്ച്വറിയും ഏഴ് അര്‍ധ സെഞ്ച്വറിയുമാണ് ഏകദിനത്തില്‍ ഇഷാന്റെ സമ്പാദ്യം.

2023 ലോകകപ്പില്‍ വെറും രണ്ട് മത്സരത്തില്‍ മാത്രമാണ് ഇഷാന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചത്. 47 റണ്‍സ് മാത്രമാണ് ഇഷാന് നേടാന്‍ സാധിച്ചത്.

CONTENT HIGHLIGHT: Ajay Jadeja on Ishan Kishan’s omission in ODI

We use cookies to give you the best possible experience. Learn more