വിജയത്തിലേക്ക് ആവശ്യമായുളള 283 റണ്‍സിന്റെ ഇന്ത്യയുടെ മറുപടി ബാറ്റിങ്ങില്‍, ഗ്ലെന്‍ മഗ്രാത്ത് എറിഞ്ഞ ആദ്യ ഓവറിലെ അവസാന പന്തിന് ശേഷം തന്നെ കാര്യങ്ങള്‍ വ്യക്തമായിരുന്നു. പൂജ്യനായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പുറത്ത്.
പുറകെ അതേ രീതിയില്‍ തന്നെ ഗില്‍ക്രിസ്റ്റിന് ക്യാച്ച് നല്‍കി രാഹുല്‍ ദ്രാവിഡും പുറത്ത്. ഈ ഔട്ടുകളുടെയെല്ലാം റീപ്ലേകള്‍ നേരാവണ്ണം കാണിച്ച് തീരുന്നതിന് മുമ്പ് തന്നെ സൗരവ് ഗാംഗുലിയും, മുഹമ്മദ് അസ്ഹറുദ്ദീനും മടങ്ങി.
ഇന്ത്യന്‍ മുന്‍ നിരയുടെ മുനയൊടിച്ചു കൊണ്ട് 3 വിക്കറ്റുകളുമായി മഗ്രാത്ത്. 6.2 ഓവര്‍ കഴിയുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് 17 റണ്‍സിന് 4 വിക്കറ്റ് എന്ന നിലയിലും.
പിന്നീടങ്ങോട്ട് ആ കളിയില്‍ ഒരിക്കലും ഇന്ത്യ ജയിക്കില്ല എന്ന് ഉറപ്പുണ്ടായിട്ടും മുഴുവനായും കണ്ടിരുന്നൊരു മത്സരം. പിന്നീട് കണ്ടത് ഒരിക്കലും മടുപ്പുണ്ടാക്കുന്ന കഴ്ചകളുമല്ല.
വിജയലക്ഷ്യത്തിലേക്കുള്ള പന്തുകളുടെ എണ്ണം കുറയുകയാണെങ്കിലും, വളരെ കരുതലോടെ ബാറ്റ് ചെയ്ത് കംഗാരുക്കള്‍ക്ക് മുന്നില്‍ ഇന്ത്യയുടെ അഭിമാനം രക്ഷിക്കുന്ന ഒരു കൂട്ടുകെട്ടാണ് അവിടുന്നങ്ങോട്ട് കണ്ടത്.
അജയ് ജഡേജ & റോബിന്‍ സിംഗ്
141 റണ്‍സിന്റെ ഉഗ്രനൊരു കൂട്ടുകെട്ട് !
ഇരുവരുടേയും ഇന്നിംഗ്സിന്റെ അവസാനങ്ങളില്‍ ഷെയ്ന്‍ വോണിന്റെ പന്തുകളെയൊക്കെ തുടരെ, തുടരെ ഗാലറിയിലേക്ക് തൂക്കി വിട്ടുകൊണ്ട് ഇന്ത്യക്ക് നേരിയ വിജയപ്രതീക്ഷകള്‍ നല്‍കുന്നുമുണ്ട്.
ഒടുവില്‍ റോബിന്‍ സിംഗിന്റെ പുറത്താകലോടെ ഇന്ത്യയുടെ വിധി നിര്‍ണ്ണയിച്ച് കൊണ്ട് ഇന്ത്യന്‍ വാലറ്റം ഘോഷയാത്രയും പൂര്‍ത്തിയാക്കി മത്സരം ഓസ്‌ട്രേലിയക്ക് മുന്നില്‍ അടിയറവും പറയുന്നു.
ഇതിനിടയില്‍ അജയ് ജഡേജയുടെ അതിമനോഹരമായൊരു ക്ലാസിക് സെഞ്ച്വറിയും.
77 റണ്‍സിന് മത്സരം ഓസ്‌ട്രേലിയ ജയിച്ചു.
(ഈ ജയത്തോടെയാണ് ആ ലോകകപ്പ് ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ ആ ടൂര്‍ണമെന്റില്‍ കൂടുതല്‍ ശക്തി പ്രാപിക്കുന്നത്)
മത്സരത്തില്‍ അജയ് ജഡേജ 137 പന്തില്‍ നിന്നും 7 ഫോറും, 2 സിക്‌സറുമായി പുറത്താകാതെ 100 റണ്‍സും റോബിന്‍ സിങ് 94 പന്തുകളില്‍ 3 സിക്‌സറുും, 5 ബൗണ്ടറിയുമായി 75 റണ്‍സും നേടി.
എന്നാലും, അന്നത്തെ മത്സര ദിവസം എല്ലാ മലയാള മാധ്യമങ്ങളും ചെറുതും വലുതുമായ കോളങ്ങളില്‍ അച്ചടിച്ച ‘സച്ചിനും മഗ്രാത്തും കണ്ടുമുട്ടുമ്പോള്‍’ എന്ന തലക്കെട്ടില്‍ സര്‍വ പ്രതീക്ഷകളുമായി കാണാന്‍ ഇരുന്ന ഒരു മത്സരമായിരുന്നു അത്.
1999 വേള്‍ഡ് കപ്പിലെ ഇന്ത്യ-ഓസ്‌ട്രേലിയ ആദ്യ സൂപ്പര്‍ സിക്‌സ് മത്സരത്തിന്റെ ഓര്‍മ്മകള്‍ക്ക് 23 കൊല്ലം തികയുന്നു.
ഷമീല്‍ സല
Content Highlight: Ajay Jadeja and Robin Singh with a magnificent partnership against Australia in 1999 WC