| Friday, 18th November 2022, 11:36 pm

ദേശീയ ടീമിന് ആവശ്യമുള്ള സമയത്തും ലീഗ് കളിക്കാന്‍ വേണ്ടി മാറിനിന്നാലേ മുട്ടന്‍ പണി കിട്ടും, ഇന്ത്യക്കാര്‍ കുറച്ച് ഇമോഷണലാ; ആഞ്ഞടിച്ച് മുന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂസിലാന്‍ഡ് സീരിസില്‍ നിന്നും ഇന്ത്യയുടെ സീനിയര്‍ താരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും കെ.എല്‍. രാഹുലും മാറിനിന്നതിനെതിരെ വിമര്‍ശനം ഉയരുകയാണ്. മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജയാണ് വിഷയത്തില്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഫ്രാഞ്ചൈസി ലീഗുകള്‍ക്ക് കളിക്കാര്‍ ദേശീയ ടീമിന്റെ അന്താരാഷ്ട്ര പര്യടനങ്ങളില്‍ നിന്നും മാറിനില്‍ക്കുന്നതിനെ കുറിച്ച് സംസാരിക്കുമ്പോഴാണ് ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ അജയ് ജഡേജ സംസാരിച്ചത്. ന്യൂസിലാന്‍ഡ് മുന്‍ സ്റ്റാര്‍ പേസര്‍ സൈമണ്‍ ഡൗള്‍ പങ്കെടുത്ത ചര്‍ച്ചയില്‍ വെച്ചായിരുന്നു അദ്ദേഹം ഇക്കാര്യങ്ങളെ കുറിച്ച് സംസാരിച്ചത്.

ന്യൂസിലാന്‍ഡ് പേസര്‍ ട്രെന്‍ഡ് ബോള്‍ട്ട് ലീഗുകളില്‍ പങ്കെടുക്കുന്നതിന് വേണ്ടി ടീമുമായുള്ള കരാറില്‍ നിന്നും മാറിയതിനെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഇരുവരും.

ബോള്‍ട്ടിനെ പോലെ നീണ്ട കാലം ദേശീയ ടീമിന് വേണ്ടി കളിച്ചവര്‍ ലീഗുകള്‍ക്ക് വേണ്ടി പോകുന്നതില്‍ വലിയ പ്രശ്‌നമില്ലെന്നും എന്നാല്‍ ചെറുപ്പക്കാരായ കളിക്കാരും അതേ പാത പിന്തുടര്‍ന്നാല്‍ പിന്നെ അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ഭാവി ആശങ്കയിലാകുമെന്നാണ് ഡൗള്‍ പറഞ്ഞത്.

ഇതേ തുടര്‍ന്നായിരുന്നു രോഹിത് ശര്‍മയടക്കമുള്ളവര്‍ക്കെതിരെ ഒളിയമ്പുകളുമായി ജഡേജയുടെ വാക്കുകളെത്തിയത്.

‘ദേശീയ ടീമില്‍ അവസരം കിട്ടാത്ത ചെറുപ്പക്കാരായ കളിക്കാര്‍ക്ക് ടി-20 ലീഗുകള്‍ നല്ല അവസരമാണ്. അവര്‍ക്ക് ലോകം മുഴുവന്‍ പോയി കളിച്ച് അനുഭവപരിചയം നേടാനാകും. പക്ഷെ ടീമിലുള്ള ഒരാള്‍ അങ്ങനെ ചെയ്യുന്നതില്‍ പല പ്രശ്‌നങ്ങളുണ്ട്.

അയാളെ ടീമിന് ആവശ്യമുണ്ട്, പക്ഷെ അവര്‍ ലീഗുകളില്‍ കളിക്കാന്‍ പോയിരിക്കുകയാണ് എന്നു വന്നാല്‍ അത് ശരിയാകില്ല. പ്രത്യേകിച്ച് ഇന്ത്യയില്‍, നമ്മള്‍ കുറച്ച് ഇമോഷണല്‍ ആളുകളാണ്. ഇങ്ങനെ സംഭവിക്കുമെന്നല്ല, പക്ഷെ ഇതൊക്കെ സ്വാഭാവികമാണ്.

എനിക്ക് 22 വയസുള്ള സമയത്ത് ലോകം മുഴുവന്‍ പോയി കളിക്കാനുള്ള അവസരം വരുകയാണെങ്കില്‍ ഞാനും ഒരുപക്ഷെ അത് തെരഞ്ഞെടുത്തേക്കാം. ബംഗ്ലാദേശ് പര്യടനം ഒഴിവാക്കി ലീഗുകള്‍ക്ക് പോയേക്കും. അതുപോലെ അത്ര എക്‌സൈറ്റിങ്ങില്ലാത്ത മറ്റ് ഇന്റര്‍നാഷണല്‍ സീരീസുകളില്‍ നിന്നും മാറി നിന്നേക്കാം.

വമ്പന്‍ ടീമുകളുമായുള്ള കളികള്‍ ആരും ഒഴിവാക്കില്ല. പക്ഷെ ചെറിയ ടീമുകള്‍ കഷ്ടപ്പെടും. ഇപ്പോഴാണെങ്കില്‍ കുറെയധികും ടീമുകളുമുണ്ട്. മറ്റ് രാജ്യങ്ങളും മികച്ച രീതിയില്‍ മുന്നോട്ടു വരികയാണ്. അപ്പോള്‍ ഇനി കൂടുതല്‍ സീരിസുകളും ടൂറുകളും ഉണ്ടാവും. അതിനനുസരിച്ച് ബ്രേക്ക് എടുക്കുന്നവരുടെ എണ്ണവും കൂടും. ഇപ്പോള്‍ തന്നെ കളിക്കാര്‍ മാത്രമല്ല ക്യാപ്റ്റന്മാര്‍ പോലും അങ്ങനെയാണ്,’ അജയ് ജഡേജ പറഞ്ഞു.

ഐ.പി.എല്‍ പോലുള്ള ലീഗുകള്‍ക്ക് കളിക്കാര്‍ ഇന്റര്‍നാഷണല്‍ പര്യടനങ്ങളില്‍ നിന്നും മാറിനില്‍ക്കുന്നതിനെതിരെ നേരത്തെ തന്നെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. ഇന്ത്യ, വെസ്റ്റ് ഇന്‍ഡീസ്, സൗത്ത് ആഫ്രിക്ക തുടങ്ങി വിവിധ ടീമുകള്‍ എതിര്‍പ്പുകള്‍ ഏറ്റുവാങ്ങിയിരുന്നു. ഏഷ്യാ കപ്പിലും ടി-20 ലോകകപ്പിലും ഫൈനലിലെത്താതെ ഇന്ത്യ പുറത്തായതിന് കാരണമായി വരെ ഇത് ചൂണ്ടികാണിക്കപ്പെട്ടിരുന്നു.

Content Highlight: Ajay Jadeja against Rohit Sharma and others

We use cookies to give you the best possible experience. Learn more