| Thursday, 21st April 2022, 1:53 pm

ഇങ്ങനെ ഓരോന്ന് ചെയ്തിട്ടല്ലേ അവസാനം പോയി കിടക്കുന്നത്, ഇനി അനുഭവിച്ചോ; മുംബൈയുടെയും ചെന്നൈയുടെയും മണ്ടത്തരത്തെ കുറിച്ച് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ സീസണ്‍ വരെ ഫേസ് ഓഫ് ദി ഐ.പി.എല്‍ വിശേഷിപ്പിക്കാവുന്ന ടീമുകളായിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്‌സും മുംബൈ ഇന്ത്യന്‍സും. ആകെ നടന്ന 14 സീസണില്‍ 9 തവണ കപ്പുയര്‍ത്തിയത് ഇരുവരും ചേര്‍ന്നായിരുന്നു.

ലോക ഫുട്‌ബോളില്‍ ബ്രസീലും അര്‍ജന്റീനയും എങ്ങനെയായിരുന്നോ, ഐ.പി.എല്ലില്‍ അതായിരുന്നു ചെന്നൈയും മുംബൈയും. എന്നാല്‍ പുതിയ സീസണ്‍ ഇവരെ സംബന്ധിച്ച് ഒട്ടും തന്നെ നല്ലതല്ല.

കളിച്ച മത്സരത്തില്‍ ഒന്നില്‍ മാത്രം ജയിച്ച് 2 പോയിന്റോടെ ഒമ്പതാം സ്ഥാനത്ത് നില്‍ക്കുന്ന ചെന്നൈയും ഒരു കളി പോലും ജയിക്കാതെ തോറ്റുതോറ്റ് തൊപ്പിയിട്ട് അവസാന സ്ഥാനത്ത് നില്‍ക്കുന്ന മുംബൈയുമാണ് ഈ സീസണിന്റെ ‘പ്രധാന ആകര്‍ഷണം’.

ആശയദാരിദ്ര്യം കൊണ്ടുപൊറുതി മുട്ടിയിരുന്ന ട്രോളന്‍മാര്‍ക്കും ഇരുവരും വലിയൊരു ആശ്വാസമായിരുന്നു. ‘ഓറഞ്ച് വര’ മാത്രം ഉപയോഗിച്ച് ഒരു ട്രോള്‍ എങ്ങനെ ഹിറ്റാക്കാന്‍ സാധിക്കുമോ, അതുപോലെ തന്നെ ചെന്നൈയുടെയും മുംബൈയുടെയും അവസ്ഥ വെച്ച് ട്രോള്‍ ഉണ്ടാക്കിയാലും K ഉറപ്പാണ്.

ഈ സാഹചര്യത്തിലാണ് ഇരുടീമുകളേയും അവര്‍ക്ക് പറ്റിയ പിഴവുകളേയും കുറച്ച് പറയുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം അജയ് ജഡേജ.

ഇരു ടീമുകള്‍ക്കും മികച്ച ബൗളര്‍മാരില്ലാത്തതിനാലാണ് പോയിന്റ് ടേബിളില്‍ അവസാനസ്ഥാനത്തായതെന്ന നിരീക്ഷണമാണ് താരം നടത്തുന്നത്.

”ഇരുടീമുകള്‍ക്കും തങ്ങളുടെ പ്രധാനപ്പെട്ട ബാറ്റര്‍മാരെ ലേലത്തിന് മുമ്പ് തന്നെ നിലനിര്‍ത്താനായി. എന്നാല്‍ ബൗളിംഗ് ഡിപ്പാര്‍ട്‌മെന്റ് മോശമായിരുന്നു.

മുംബൈക്ക് ലേലത്തില്‍ സ്വന്തമാക്കാനായത് ടൈമല്‍ മില്‍സ്, ബേസില്‍ തമ്പി, ജയ്‌ദേവ് ഉനദ്കട്ട് എന്നിവരെ ആയിരുന്നു. 14 കോടി മുടക്കി ടീമിലെത്തിച്ച ദീപക് ചഹറിന് ടൂര്‍ണമെന്റിന് മുമ്പ് തന്നെ പരിക്കേറ്റതിനാല്‍ ചെന്നൈക്ക് വന്‍ തിരിച്ചടിയായി.

ടീമിന്റെ മെയ്ന്‍ ബൗളര്‍ ഡ്വെയ്ന്‍ ബ്രാവോക്ക് പിന്തുണ നല്‍കാനുള്ളത് ക്രിസ് ജോര്‍ദാന്‍, മുകേഷ് ചൗധരി, ഡ്വെയ്ന്‍ പ്രിറ്റോറിയസ്, തുഷാര്‍ ദേശ്പാണ്ഡെ എന്നിവരാണ്.

മുംബൈയിലും ചെന്നൈയിലും മികച്ച ടോപ്പ് ഓര്‍ഡര്‍ ബൗളര്‍മാര്‍ ഇല്ല എന്നതാണ് പ്രശ്‌നം. അതുകൊണ്ടാണ് അവര്‍ പോയിന്റ് പട്ടികയില്‍ താഴെ കിടക്കുന്നത്.

ചെന്നൈ മാറ്റങ്ങള്‍ വരുത്താന്‍ ഇഷ്ടപെടുന്ന ടീമേ അല്ല. ഒരുപക്ഷെ ഒരു ഔട്ട് & ഔട്ട് ബൗളര്‍ ഉണ്ടായിരുന്നെങ്കില്‍ ടൂര്‍ണമെന്റിന്റെ ചിത്രം തന്നെ മാറുമായിരുന്നു. ഇനി ചിന്തിച്ചിട്ട് കാര്യമില്ല, എല്ലാം വൈകിപ്പോയി,’ ജഡേജ പറയുന്നു.

ഇരുവരും നേര്‍ക്കുനേര്‍ വരുമ്പോഴെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്. ഈ സീസണിലെ മറ്റ് പ്രകടനങ്ങള്‍ വെച്ച് നോക്കുമ്പോള്‍ തീ പാറുന്ന പോരാട്ടം കാഴ്ചവെക്കുമെന്നൊന്നും പറയാനും പറ്റില്ല.

ടോസ് നിര്‍ണായക ഘടകമാവുന്ന മത്സരത്തില്‍ ടോസ് നേടുന്ന ടീമിന് മുന്‍തൂക്കം ഉണ്ടാവുമെന്നുറപ്പാണ്.

Content Highlight: Ajay Jadeja about Mumbai Indians and Chennai Super Kings

We use cookies to give you the best possible experience. Learn more