ഡിമോണ്ടി കോളനിയുടെ കഥക്ക് കാരണം ആ ഹോളിവുഡ് സിനിമ: അജയ് ജ്ഞാനമുത്തു
Entertainment
ഡിമോണ്ടി കോളനിയുടെ കഥക്ക് കാരണം ആ ഹോളിവുഡ് സിനിമ: അജയ് ജ്ഞാനമുത്തു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 19th August 2024, 5:00 pm

തമിഴ് സിനിമയിലെ എക്കാലത്തെയും മികച്ച ഹൊറര്‍ സിനിമകളിലൊന്നാണ് 2015ല്‍ പുറത്തിറങ്ങിയ ഡിമോണ്ടി കോളനി. അരുള്‍നിധി, രമേശ് തിലക്, സനത് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം വന്‍ ഹിറ്റായി മാറിയിരുന്നു. ഈ സിനിമയിലൂടെ അജയ് ജ്ഞാനമുത്തു എന്ന സംവിധായകന്‍ തമിഴില്‍ തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുത്തു. ചെന്നൈയിലെ ഡിമോണ്ടി കോളനി എന്ന പ്രേത ബംഗ്ലാവിനെ ആസ്പദമാക്കിയെടുത്ത ചിത്രമാണ് ഇത്.

പിന്നീട് നയന്‍താരയെ കേന്ദ്രകഥാപാത്രമാക്കി ഇമൈക്ക നൊടികള്‍ എന്ന സിനിമയിലൂടെ മുന്‍നിരയിലേക്കുയരാന്‍ അജയ്ക്ക് സാധിച്ചു. മൂന്നാമത്തെ ചിത്രമായ കോബ്ര പ്രതീക്ഷിച്ച വിജയം നേടിയില്ല. ഏറ്റവും പുതിയ ചിത്രമായ ഡിമോണ്ടി കോളനി 2വിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. താന്‍ ആദ്യം സംവിധാനം ചെയ്യാനിരുന്ന സ്‌ക്രിപ്റ്റ് ഇമൈക്ക നൊടികളായിരുന്നുവെന്ന് പറയുകയാണ് അജയ് ജ്ഞാനമുത്തു.

എന്നാല്‍ പല നിര്‍മാതാക്കളും അന്ന് തന്നോട് മുഖം തിരിച്ചുവെന്നും മറ്റൊരു സിനിമ ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തുവെന്ന് അജയ് ജ്ഞാനമുത്തു പറഞ്ഞു. ഹൊറര്‍ ഴോണറില്‍ ഏതെങ്കിലും ചെയ്യാമെന്ന് ചിന്തിച്ചപ്പോഴാണ് കോഞ്ചറിങ് പോലെ റിയല്‍ സ്‌റ്റോറി ബേസ് ചെയ്‌തൊരു സിനിമയെക്കുറിച്ച് ചിന്തിച്ചതെന്ന് അജയ് പറഞ്ഞു.

ചെന്നൈയില്‍ അത്യവശ്യം പ്രശസ്തമായ ഡിമോണ്ടി കോളനിയെക്കുറിച്ച് സിനിമയെടുക്കാമെന്ന് തീരുമാനിച്ചുവെന്നും അജയ് കൂട്ടിച്ചേര്‍ത്തു. ഗലാട്ടാ പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് അജയ് ജ്ഞാനമുത്തു ഇക്കാര്യം പറഞ്ഞത്.

‘സത്യം പറഞ്ഞാല്‍ ഇമൈക്ക നൊടികളായിരുന്നു എന്റെ ആദ്യത്തെ സിനിമ ആകേണ്ടിയിരുന്നത്. ആ സ്‌ക്രിപ്റ്റുമായി ഞാന്‍ പല നിര്‍മാതാക്കളെയും പോയിക്കണ്ടു. പക്ഷേ ആര്‍ക്കും ആ കഥ ഓക്കെയായില്ല. എത്രയും പെട്ടെന്ന് ഒരു സിനിമ ചെയ്യേണ്ടത് എന്റെ നിലനില്‍പിന്റെ പ്രശ്‌നമായി മാറി. ആ സമയത്ത് ഹൊറര്‍ സബ്ജക്ടുകള്‍ക്ക് നല്ല മതിപ്പുണ്ടായിരുന്നു.

ഹോളിവുഡിലെ കോഞ്ചറിങ് പോലൊരു സിനിമ ഇവിടെയും വന്നാല്‍ എങ്ങനെയുണ്ടാകും എന്ന് ചിന്തിച്ചു. ആ സിനിമയൊക്കെ മാര്‍ക്കറ്റ് ചെയ്തത് റിയല്‍ സ്‌റ്റോറി എന്ന രീതിയിലാണ്. അങ്ങനെ ഒരു സ്ഥലം ഏതാണുള്ളത് എന്ന് ആലോചിച്ചപ്പോള്‍ ചെന്നൈയിലെ ഡിമോണ്ടി കോളനി ഓര്‍മ വന്നു. ഇപ്പോഴും ആളുകള്‍ പോകാന്‍ പേടിക്കുന്ന സ്ഥലമാണ് അത്. ആ സ്ഥലത്തിനെപ്പറ്റി സിനിമയെടുക്കാമെന്ന് തീരുമാനിച്ചു,’ അജയ് ജ്ഞാനമുത്തു പറഞ്ഞു.

Content Highlight: Ajay Gnanamuthu saying that Conjuring was the inspiration for Demonte Colony