മതനിന്ദ: സിഖുകാരെ നേരിട്ട് കാണാന്‍ തയ്യാറായി അജയ് ദേവ്ഗണ്‍
Movie Day
മതനിന്ദ: സിഖുകാരെ നേരിട്ട് കാണാന്‍ തയ്യാറായി അജയ് ദേവ്ഗണ്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd September 2012, 10:07 am

സിഖുകാരുടെ വിദ്വേഷത്തിന് പാത്രമായിരിക്കുകയാണ് ബോളിവുഡ് താരം അജയ് ദേവ്ഗണ്‍. അജയ് നിര്‍മിച്ച് അഭിനയിച്ച സണ്‍ ഓഫ് സര്‍ദാര്‍ എന്ന ചിത്രമാണ് സിഖുകാരുടെ എതിര്‍പ്പിനിടയാക്കിയത്.

ചിത്രത്തില്‍ സിഖുകാരെ മോശമായി ചിത്രീകരിച്ചുവെന്ന ആരോപണമാണ് നിലനില്‍ക്കുന്നത്. ഇതേത്തുടര്‍ന്ന് സിഖുകാരെ അനുനയിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് അജയ്.[]

ഇതിനായി അജയ് സിഖ് വിഭാഗക്കാരെ നേരിട്ട് കാണും. അമൃതസറില്‍ സണ്‍ ഓഫ് സര്‍ദാറിന്റെ ഷോയും സംഘടിപ്പിച്ചിട്ടുണ്ട്.

സുഹൃത്തായ സഞ്ജയ് ദത്തിനൊപ്പമാണ് അജയ് അമൃതസറിലെത്തുക. അമൃതറിലെത്തി ശിരോമണി ഗുരുദ്വാര പര്‍ബാന്തക് കമ്മിറ്റി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. ഓള്‍ ഇന്ത്യ സിഖ് സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ അംഗങ്ങളെയും അജയ് കാണും.

കൂടിക്കാഴ്ചയ്ക്കുശേഷം ഇവര്‍ക്ക് വേണ്ടി ചിത്രം പ്രദര്‍ശിപ്പിക്കും.

സണ്‍ ഓഫ് സര്‍ദാറില്‍ സിഖുകാരെ മോശമായി ചിത്രീകരിച്ചുവെന്നും അജയ് ദേവ്ഗണിനെതിരെ പരാതി നല്‍കണമെന്നുമാവശ്യപ്പെട്ട് എ.ഐ.എസ്.എസ്.എഫ് പ്രസിഡന്റ് കര്‍ണൈല്‍ ഗിയാനി ആഗസ്റ്റ് 27ന് ജാതേധര്‍ അകാല്‍ തക്ത് ഗിയാനി ഗുര്‍ബച്ചന്‍ സിങ്ങിന് കത്തയച്ചിരുന്നു.

യൂട്യൂബില്‍ റിലീസ് ചെയ്ത ചിത്രത്തിന്റെ ഔദ്യോഗിക ട്രെയ്‌ലറില്‍ സിഖുകാരെ മോശമായി ചിത്രീകരിക്കുന്നുവെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സര്‍ദാരില്ലാതെ എങ്ങനെ ജോക്കുകളുണ്ടാകും തുടങ്ങിയ ഡയലോഗുകളും അദ്ദേഹം കത്തില്‍ സൂചിപ്പിച്ചിരുന്നു.