| Monday, 29th March 2021, 11:53 pm

'അത് ഞാനല്ല, എന്റെ മുഖഛായയുള്ള ആരോ ആണ്'; ക്ലബിന് മുന്നിലെ അടിപിടി വീഡിയോക്ക് വിശദീകരണവുമായി അജയ് ദേവ്ഗണ്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുംബൈ: ദല്‍ഹിയിലെ ഒരു ക്ലബിന് മുന്നില്‍ വെച്ച് അടിപിടിയുണ്ടാക്കുന്ന വീഡിയോയിലുള്ളത് താനല്ലെന്ന് നടന്‍ അജയ് ദേവ്ഗണ്‍. ക്ലബിന് മുന്നില്‍ വെച്ച് അടിപിടിയുണ്ടാക്കുന്ന അജയ് ദേവ്ഗണ്‍ എന്ന പേരില്‍ കഴിഞ്ഞ ദിവസം മുതല്‍ വീഡിയോ പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് സംഭവത്തില്‍ വിശദീകരണവുമായി നടന്‍ രംഗത്തെത്തിയത്.

തന്നോട് രൂപസാദൃശ്യമുള്ള ആരോ ആണ് ആ വീഡിയോയില്‍ ഉള്ളതെന്നും താന്‍ ആളുകളുമായി വഴക്കുണ്ടാക്കിയെന്നും കയ്യേറ്റം നടത്തിയെന്നും പറയുന്നതെല്ലാം അടിസ്ഥാനരഹിതമാണെന്നും നടന്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘എന്നോട് രൂപസാദൃശ്യമുള്ള ആരോ ആണ് ആ പ്രശ്‌നത്തില്‍ പെട്ടിരിക്കുന്നത്. എന്നെ നിരവധി പേര്‍ ഇതുമായി ബന്ധപ്പെട്ട് വിളിക്കുന്നുണ്ട്. അതുകൊണ്ടാണ് ഇങ്ങനെയൊരു വിശദീകരണവുമായെത്തുന്നത്. ഞാന്‍ എവിടേക്കും യാത്ര ചെയ്തിട്ടില്ല. ഞാന്‍ അടിപിടിയുണ്ടാക്കിയെന്ന വാര്‍ത്തകളെല്ലാം അടിസ്ഥാനരഹിതമാണ്,’ അജയ് ദേവ്ഗണിന്റെ ട്വീറ്റില്‍ പറയുന്നു.

നേരത്തെ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും പുതിയ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും വീഡിയോയിലുള്ളത് അജയ് ദേവ്ഗണ്‍ അല്ലെന്ന പ്രസ്താവനയുമായി രംഗത്തെത്തിയിരുന്നു.

നിരവധി ചിത്രങ്ങളുടെ ഷൂട്ടിംഗ് നടക്കുന്നതിനാല്‍ നടന്‍ ദല്‍ഹിയിലേക്ക് പോയിട്ടേയില്ലെന്നാണ് ഇവരെല്ലാവരും പറഞ്ഞത്. മൈദാന്‍. മെയ്‌ഡേ, ഗംഗുഭായ് കത്തിയവാഡി തുടങ്ങിയ സിനിമകളുടെ ചിത്രീകരണം നടക്കുന്നതിനാല്‍ അദ്ദേഹം മിക്ക സമയത്തും മുംബൈയില്‍ തന്നെയാണെന്നും ഇവര്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Ajay Devgn says his doppelganger got into a brawl outside Delhi club in the viral video

We use cookies to give you the best possible experience. Learn more