കൊവിഡിന് ശേഷം വമ്പന്‍ താരങ്ങളുടെ സിനിമകള്‍ കൂട്ടത്തോടെ പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്. കണ്ടന്റ് ദാരിദ്ര്യവും, സൗത്ത് ഇന്ത്യന്‍ സിനിമകള്‍ക്ക് കൂടുതല്‍ ശ്രദ്ധ ലഭിച്ചതും ബോളിവുഡിന് തിരിച്ചടിയായി. വന്‍ ബജറ്റില്‍ വന്ന പല സിനിമകളും ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടു. 2023ല്‍ ഷാരൂഖ് ഖാന്‍ ചിത്രം പത്താന്‍ നേടിയ വിജയമാണ് ബോളിവുഡിനെ വീണ്ടും പഴയ ഫോമിലാക്കിയത്. ഇതിന് ശേഷം നിരവധി സിനിമകള്‍ വിജയമായി. ഇതില്‍ എടുത്തു പറയേണ്ടതാണ് അജയ് ദേവ്ഗണിന്റെ ഹിറ്റുകള്‍.
കൊവിഡിന് ശേഷം അഞ്ച് ചിത്രങ്ങളിലാണ് അജയ് നായകനായി വന്നത്. ഒ.ടി.ടി റിലീസായ ഭുജ്; ദ പ്രൈഡ് ഓഫ് ഇന്ത്യക്ക് മോശം പ്രതികരണമായിരുന്നു ലഭിച്ചത്. റണ്‍വേ 34, ഭോലാ എന്നീ സിനിമകള്‍ ബോക്‌സ് ഓഫീസില്‍ മൂക്കുംകുത്തി വീണപ്പോള്‍ ഹിറ്റായത് ദൃശ്യം 2വും, ശൈത്താനും മാത്രം. രണ്ട് ചിത്രങ്ങളും 100 കോടിക്ക് മുകളില്‍ കളക്ട് ചെയ്തു.
എന്നാല്‍ ഈ രണ്ട് സിനിമകളും റീമേക്കാണെന്നത് ശ്രദ്ധേയമായ കാര്യമാണ്. മലയാളത്തിലെ ഗെയിം ചെയ്ഞ്ചറായി മാറിയ ദൃശ്യത്തിന്റെ രണ്ട് ഭാഗങ്ങളും ബോളിവുഡില്‍ റീമേക്ക് ചെയ്യപ്പെട്ടിരുന്നു. രണ്ടിലെയും നായകന്‍ അജയ് ദേവ്ഗണ്‍ ആയിരുന്നു. 280 കോടിയാണ് ദൃശ്യം 2 ബോക്‌സ് ഓഫീസില്‍ നിന്ന് കളക്ട് ചെയ്തത്. പത്താന് ശേഷം ബോളിവുഡില്‍ നിന്ന് ഉണ്ടായ ബ്ലോക്ക്ബസ്റ്ററായിരുന്നു ദൃശ്യം 2. തുടര്‍പരാജയങ്ങളില്‍ പെട്ട കിടന്ന അജയ്ക്ക് കിട്ടിയ പിടിവള്ളിയായിരുന്നു ദൃശ്യം 2.
അതിന് ശേഷം അജയ് സംവിധാനം ചെയ്ത് നായകനായ ഭോലാ ബോക്‌സ് ഓഫീസില്‍ തകര്‍ന്ന് തരിപ്പണമായി. തമിഴിലെ ഹിറ്റ് ചിത്രം കൈതിയുടെ റീമേക്കായിരുന്നു ഭോലാ. ഒറിജിനലിനോട് യാതൊരു നീതിയും പുലര്‍ത്താത്ത ഭോലയെ പ്രേക്ഷകര്‍ കൈവിട്ടു. ഭോലക്ക് ശേഷവും റീമേക്ക് സിനിമകള്‍ വിടാന്‍ അജയ്ക്ക് ഉദ്ദേശമില്ല എന്ന് തോന്നുന്ന തരത്തിലായിരുന്നു അടുത്ത സിനിമയും.
വശ് എന്ന ഗുജറാത്തി സിനിമയുടെ റീമേക്കായ ശൈത്താന്‍ ബോക്‌സ് ഓഫീസില്‍ മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ച വെക്കുന്നത്. റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോള്‍ ചിത്രം 100 കോടിയിലധികം കളക്ട് ചെയ്ത് കഴിഞ്ഞു. ചിത്രത്തില്‍ അജയ് ദേവ്ഗണിനെക്കാള്‍ മികച്ച പ്രകടനം കാഴ്ച വെച്ചത് മാധവനാണെന്നാണ് പ്രേക്ഷക പ്രതികരണം.
ഒറിജിനല്‍ കണ്ടന്റുകള്‍ക്ക് ഇപ്പോഴും ക്ഷാമം നേരിടുന്ന ബോളിവുഡില്‍ സീനിയര്‍ താരങ്ങള്‍ പോലും റീമേക്കുകളെ ആശ്രയിക്കുന്നത് ഇന്‍ഡസ്ട്രിയുടെ തളര്‍ച്ചയായാണ് പലരും കാണുന്നത്. ദൃശ്യം ഹോളിവുഡില്‍ റീമേക്ക് ചെയ്യാന്‍ പോകുന്നു എന്ന വാര്‍ത്തകളില്‍ ബോളിവുഡ് പേജുകള്‍ ഹിന്ദിയിലെ ദൃശ്യമാണ് ഒറിജിനല്‍ എന്ന തരത്തില്‍ വാര്‍ത്തകള്‍ കൊടുത്തതും ഇന്‍ഡസ്ട്രിയുടെ മോശം വശത്തെ കാണിക്കുന്നുവെന്ന് പലരും അഭിപ്രായപ്പെട്ടു.
Content Highlight: Ajay Devgn get hits only by remake films after Covid 19